കോട്ടയം: രുചിയിൽ കേമന്മാർ ഏറെയുണ്ടെങ്കിലും കടൽ മത്സ്യങ്ങളിൽ ഏറ്റവും ജനപ്രീയൻ മത്തിയാണ്. മത്തിയുടെ വില കൂടുന്നതും കുറയുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ പോലും വൈറൽ ചർച്ചാവിഷയമായി മാറാറുണ്ട്. ഇപ്പോൾ കടലിൽ നിന്നു സുലഭമായി മത്തി ലഭിക്കാൻ തുടങ്ങിയതോടെ മത്തിയുടെ വില കുറഞ്ഞു.
നാലു മാസം മുമ്പ് 400 രൂപയിലെത്തിയ മത്തിവില ഇപ്പോള്‍ ഒന്നരക്കിലോയ്ക്ക് 100 രൂപയ്ക്ക് ലഭിക്കും. എന്നാല്‍, മറ്റു മീനുകളുടെ വിലയില്‍ കാര്യമായ മാറ്റമില്ല.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ മത്തിവില 400 രൂപ വരെയെത്തിയിരുന്നു. കേരളാ തീരത്തു നിന്നു മത്തി അപ്രത്യക്ഷമായതാണു വില വര്‍ധനയ്ക്കു കാരണമായത്. പിന്നീട് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങിയെങ്കിലും 200 രൂപയില്‍ നിന്നു താഴ്ന്നിരുന്നില്ല.
എന്നാല്‍, രണ്ടാഴ്ചയായി ഒരു കിലോ മത്തി മിക്കയിടങ്ങളിലും 100 രൂപയ്ക്കു ലഭിക്കും. ചിലയിടങ്ങളില്‍ ഒന്നരക്കിലോയാണ് 100 രൂപയ്ക്കു നല്‍കുന്നത്.
വലിപ്പത്തില്‍ അല്‍പ്പം കുറവുണ്ടെങ്കിലും വില്‍പ്പനയ്ക്ക് എത്തിക്കുന്നവയില്‍ ഏറെയും ഫ്രഷ് മത്തിയാണെന്നു വ്യാപാരികള്‍ പറയുന്നു. രുചിയിലും മുന്നിലാണ് ഇപ്പോള്‍ ലഭിക്കുന്ന മത്തിയെന്നു വീട്ടമ്മമ്മാരും പറയുന്നു.
ഹൃദയത്തിനും തലച്ചോറിനും ഏറെ ഗുണകരമായ മത്തിയിൽ വൈറ്റമിൻ ഡി, എ, ബി എന്നിവയോടൊപ്പം പ്രോട്ടീൻ, കാത്സ്യം എന്നിവ അടങ്ങിയതിനാൽ മത്തി കഴിക്കാൻ ഡോക്ടർമാരും നിർദേശിക്കാറുണ്ട്.
കൊളസ്ട്രോൾ നിയന്ത്രണത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഔഷധങ്ങൾക്കും മത്തിയെണ്ണ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനായി കാത്സ്യം വർധിപ്പിക്കാൻ മത്തി ഉൾപ്പടെയുള്ള മത്സ്യങ്ങൾ ഗുണകരമാണ്.
കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നു കേരളാ തീരത്തു മത്തി സുലഭമായി ലഭിച്ചു തുടങ്ങിയതാണ് വില കുറയാന്‍ കാരണം. കേരളാ തീരത്തു കടലിലെ ചൂടു കുറഞ്ഞതാണു മത്തി വരവ് കൂടാന്‍ കാരണമായത്. രണ്ടാഴ്ച മുമ്പ് നീണ്ടകര ഹാര്‍ബറില്‍ 25 രൂപയായിരുന്നു മത്തിവില. ചെല്ലാനത്തു രണ്ടാഴ്ച മുമ്പ് വില 15 രൂപയിലേക്കു വരെ താഴ്ന്നിരുന്നു.
എന്നാല്‍, കടപ്പുറത്തു വിലക്കുറവാണെങ്കിലും മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ വില കൂടുമെന്ന് ഉപയോക്താക്കള്‍ പറയുന്നു. വില കുറഞ്ഞതോടെ മത്തി വില്‍പ്പനയും പൊടിപൊടിക്കുകയാണ്. വില്‍പ്പന കൂടിയതോടെ, മീന്‍ വെട്ടി നല്‍കിയിരുന്ന പല കടകളിലും ഇപ്പോള്‍ മത്തി വെട്ടി നല്‍കാറില്ല.
അതേസമയം, വലിയ മത്തി ഇപ്പോഴും 200 രൂപയ്ക്കാണു വില്‍ക്കുന്നത്. മറ്റു മീനുകളുടെ വിലയിലും കാര്യമായ കുറവില്ല. അയല, ചെമ്പല്ലി തുടങ്ങിയ ഇനങ്ങളുടെ വില 200 രൂപയോ മുകളിലോ ആണ്.
മറ്റൊരു ജനപ്രിയ മീനായ കിളിയുടെ വരവ് കുറഞ്ഞു. എന്നാല്‍, വലിയ മീനകളുടെ വിലയിലും കുറവില്ല. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കേര, തള എന്നിവയുടെ വില 360 രൂപയ്ക്കു മുകളിലാണ്. വറ്റ, കാളാഞ്ചി എന്നിവയുടെ വില 500 രൂപയ്ക്കു മുകളിലും.