കോട്ടയം: പുതിയ വന്ദേഭാരത്, പത്ത് വന്ദേമെട്രോ പ്രഖ്യാപനങ്ങള്‍ ഏറെയാണെങ്കിലും ഇതുവരെ ഒന്നും കേരളത്തിലേക്ക് എത്തിയില്ല. ആകെ ലഭിച്ച കൊല്ലം - എറണാകുളം സ്‌പെഷ്യല്‍ സര്‍വീസ് രണ്ടു ദിവസം കൂടി മാത്രം. നവംബര്‍ 29ന് സ്‌പെഷല്‍ മെമു സര്‍വീസ് അവസാനിപ്പിക്കും.
സര്‍വീസ് തുടര്‍ന്ന് ഉണ്ടാകുമെന്നു യാതൊരു ഉറപ്പും റെയില്‍വേ ഇതുവരെ നല്‍കിയിട്ടില്ല. ജനുവരി മൂന്നു വരെയാണ് ആദ്യം റെയില്‍വേ സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പു തന്നെ സര്‍വീസ് നവംബര്‍ അവസാനം വരെയായി ചുരുക്കി.
കൊല്ലം എറണാകുളം റൂട്ടില്‍ രാവിലെ വേണാടിന് ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനാണ് സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചത്. യാത്രക്കാര്‍ തിരക്കു കാരണം ശ്വാസംമുട്ടി കുഴഞ്ഞു വീഴുന്നത് പതിവ് സംഭവമായിരുന്നു.
ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണമാണ് ട്രെയിനിന് ലഭിച്ചത്. മെമു വൈകാതെ സ്ഥിരപ്പെടുത്തുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇതുവരെയും പ്രഖ്യാപനം വന്നില്ല. കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സര്‍വീസ് നീട്ടുന്നെന്ന പ്രഖ്യാപനവും വരാത്തതാണ് യാത്രക്കാരെ ആശങ്കപ്പെടുത്തുന്നത്.
വെള്ളിയാഴ്ചയ്ക്ക് മുൻപ് തന്നെ സര്‍വീസ് നീട്ടിയുള്ള ഉത്തരവ് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചാല്‍ സമയത്തില്‍ നേരിയ മാറ്റത്തിനും സാധ്യതയുണ്ട്. സര്‍വീസ് നീട്ടുമ്പോള്‍ ശനിയാഴ്ചയും സര്‍വീസ് നടത്തുന്ന രീതിയിലാകണം ഷെഡ്യൂള്‍ എന്നും യാത്രക്കാര്‍ പറയുന്നു.
ഇതിനിടെ പത്തു വന്ദേമെട്രോ സര്‍വീസുകള്‍ ഉള്‍പ്പടെ കേരളത്തിനു ലഭിക്കുമെന്നു റെയില്‍വേ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലും തീരുമാനമൊന്നുമായില്ല. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു പത്തു പുതിയ നമോ ഭാരത് ട്രെയിനുകള്‍ അഥവാ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചത്.
ഇന്റര്‍സിറ്റി യാത്രകള്‍ക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്. കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നാടിന്റെ പ്രകൃതിസൗന്ദര്യവും സംസ്‌കാരവും അറിഞ്ഞ് നിരവധി സ്ഥലങ്ങള്‍ കാണാനും പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയാനും അവസരം ഒരുക്കുന്നതാണ്.