കോട്ടയം: ജില്ലാ പ്രവാസി പരിഹാര സമിതിയുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തി. പുതുതായി വന്ന ഒൻപത് പരാതികളും മുൻ യോഗത്തിൽ ഉന്നയിച്ചിരുന്ന എട്ട് പരാതികളും യോഗം പരിഗണിച്ചു. നേരിട്ടു ഹാജരായ നാലുപേരുടെ പരാതികളും പരിഗണിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട സ്വത്തുതർക്കങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ 'പ്രവാസി മിത്രം' പോർട്ടൽ ഉപയോഗിക്കാമെന്ന് യോഗം അറിയിച്ചു.
തന്റെ സ്ഥലം കൈയേറി കോട്ടയം നഗരസഭ റോഡ് നിർമ്മിച്ചെന്ന എസ്.എച്ച്. മൗണ്ട് സ്വദേശിയുടെ പരാതിയിൽ ഡിസംബർ 19-ന് വീണ്ടും സർവേ നടത്താൻ തീരുമാനിച്ചിട്ടുള്ളതായി പരാതിക്കാരനെ അറിയിച്ചു.
എസ്.ബി.ടി.യുടെ ചക്കാമ്പുഴ ബ്രാഞ്ചിൽ നിന്നെടുത്ത വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടച്ച തുക ബാങ്ക് കണക്കിൽപ്പെടുത്തിയില്ലെന്ന പരാതിയിൽ ലീഡ് ബാങ്ക് മാനേജരോട് റിപ്പോർട്ട് തേടാനും യോഗം തീരുമാനിച്ചു. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതു സംബന്ധിച്ച രണ്ടു പരാതികളും വന്നു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, സമിതിയിലെ സർക്കാർ നോമിനികളായ കെ. അജിത്ത്, ഫാത്തിമ ഇബ്രാഹിം, എസ്. അനിൽ തുടങ്ങിയവർ പങ്കെടുത്തു.