മീനച്ചില്‍: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ലൈഫിന്റെ പൂര്‍ത്തീകരണത്തിലേക്ക് ആദ്യം കടക്കുന്ന പഞ്ചായത്തായി മീനച്ചില്‍.
സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും നിര്‍ധനരായവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും അവരുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാവര്‍ക്കും വീട് എന്ന കാഴ്ചപ്പാടാണു ലൈഫ് മിഷന്‍ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കുന്നത്.
മീനച്ചില്‍ പഞ്ചായത്തിലെ 159 ഗുണഭോക്താക്കള്‍ക്കാണു ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടുള്ളത്.
മറ്റു പല പഞ്ചായത്തുകളും വളരെ പരിമിതമായ ഗുണഭോക്താക്കള്‍ക്കു മാത്രം ആനുകൂല്യം നല്‍കിയപ്പോള്‍ ലൈഫ് 2020 ൻ്റെ ഭാഗമായി ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്നതിനു മീനച്ചില്‍ പഞ്ചായത്തിനു കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യത്തിലാണു പഞ്ചായത്ത് ഭരണ സമിതി.
ലൈഫ് മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനവും നവംബര്‍ 30 ന് ഉച്ചകഴിഞ്ഞ് 2ന് മാണി സി കാപ്പന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
യോഗത്തില്‍ വച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് സാജോ ജോണ്‍ പൂവത്താനി, വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍, മെംബര്‍മാരായ ഇന്ദുപ്രകാശ്, നളിനി ശ്രീധരന്‍, ബിജു ടി.ബി, ലിസമ്മ സാജന്‍, ജോയി കുഴിപ്പാല, വിഷ്ണു പി.വി, പുന്നൂസ് പോള്‍, ഷേര്‍ലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പഞ്ചായത്ത് ഏറെ പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കു തുടക്കം കുറിയ്ക്കും. പാലുല്‍പാദന രംഗത്ത് സ്വയംപര്യാപ്ത ഗ്രാമം ആയി മാറുന്നതിനും ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണു പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.
ലൈഫ് പദ്ധതി പൂര്‍ത്തീകരണത്തിനൊപ്പം പുതിയ പദ്ധതികള്‍ക്കും മീനച്ചില്‍ പഞ്ചായത്ത് തുടക്കമിടുകയാണ്. ഭിന്നശേഷിക്കാര്‍ക്കു ഹിയറിങ് എയ്ഡ്, വയോജനങ്ങള്‍ക്കു സഹായ ഉപകരണങ്ങള്‍, ലാപ്പ്‌ടോപ്പ് വിതരണം, ഷെല്‍ഫ് ഓഫ് ലൗവ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
ഷെല്‍ഫ് ഓഫ് ലൗ
ഷെല്‍ഫ് ഓഫ് ലൗ പദ്ധതിയാണു പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയം.
പഞ്ചായത്തിലെ ജനങ്ങൾക്ക് അവരുടെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ദൈനംദിന ഉപയോഗ വസ്തുക്കളും ഉൾപ്പെടെ മറ്റുള്ളവർക്ക് ഉപയോഗപ്രദമെന്ന് തോന്നുന്ന എന്തും പഞ്ചായത്ത് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള ഷെല്‍ഫില്‍ വയ്ക്കാം.
ആവശ്യക്കാര്‍ക്ക് അത് ഇവിടെയെത്തി ഇഷ്ടാനുസരണം തെരഞ്ഞെടുക്കുവാനും ഒരു രെജിസ്റ്ററിലും പേര് ചേർക്കാതെ തന്നെ എടുത്തുകൊണ്ടുപോകാനും സാധിക്കുമെന്നതാണു പദ്ധതിയുടെ പ്രത്യേകത.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം നല്‍കുവാന്‍ ഈ പദ്ധതിയിലൂടെ സാധ്യമാകും.
ജനങ്ങള്‍ക്കു വേണ്ടി 100% നല്‍കുന്ന ഭരണ സമിതി
മീനച്ചില്‍ പഞ്ചായത്തില്‍ ഭരണ സമിതി അധികാരത്തിലേറിയ നാള്‍ മുതല്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണു നടന്നു വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സാജോ ജോണ്‍ പൂവത്താനി അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം വൻ കുതിപ്പാണ് പ്രവർത്തന രംഗത്ത് ഉണ്ടായത്.
മീനച്ചില്‍ പഞ്ചായത്തിലെ ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ളാലം ബ്ലോക്കില്‍ ഒന്നാം സ്ഥാനത്താണ്. 2023-24 സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വഹണത്തില്‍ 100% പ്ലാന്‍ ഫണ്ട് ചെലവഴിച്ച ജില്ലയിലെ ഏക പഞ്ചായത്തായി മീനച്ചിലിനെ മാറ്റുവാനും ഭരണസമിതിക്കു സാധിച്ചിരുന്നു.
പഞ്ചായത്തിന്റെ കീഴിലുള്ള മുഴുവന്‍ പദ്ധതി നിര്‍വഹണ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളും തികച്ചും ജനോപകാരപ്രദമായ രീതിയിലാണു നടക്കുന്നത്. അതോടൊപ്പം ഓരോ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ക്കും വകമാറ്റിയിരിക്കുന്ന തുക പൂര്‍ണമായും വിനിയോഗിക്കുവാന്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഈ ഭരണസമിതിയെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷ പൂര്‍ണമായും നടപ്പിലാക്കുന്ന, ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഭരണസമിതിയായി മാറുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ചാരിതാര്‍ഥ്യം ഞങ്ങള്‍ക്കുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് സാജോ ജോണ്‍ പൂവത്താനി പറഞ്ഞു.
പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിക്കൊണ്ട് പഞ്ചായത്തിനു ലഭിക്കുന്ന പദ്ധതി വിഹിതം ഒരു രൂപാ പോലും പാഴാക്കാതെ അര്‍ഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തിക്കുവാന്‍ ഈ പഞ്ചായത്ത് ഭരണ സമിതി ശ്രദ്ധിച്ചിട്ടുണ്ട്.
സാമൂഹിക വികസനം സാധ്യമാക്കുന്നതിനു സമൂഹത്തിലെ താഴേക്കിടയില്‍ അധിവസിക്കുന്ന ഒരു ജനതയുടെ ഉന്നമനത്തിലൂടെയാണ് എന്ന ബോധ്യമാണു ഭരണസമിതിയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളേറ്റെടുക്കുന്നതിനു പ്രചോദനമായിട്ടുള്ളതെന്നും സാജോ ജോണ്‍ പറഞ്ഞു.