കോട്ടയം: കസവു സാരി ഉടുത്ത് പാര്‍ലമെന്റില്‍ എത്തിയ പ്രിയങ്ക ഗാന്ധി എം.പി. കേരളത്തില്‍ നിന്നു അന്യംനിന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കുമോ ?
സാരിയുടെ ഭംഗി കൈത്തെറി മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കില്ല. പലരും കടം കയറി മേഖല തന്നെ ഉപേക്ഷിച്ചു പോയി. അവശേഷിക്കുന്ന ചുരുക്കം ചിലര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. തങ്ങള്‍ക്കു വേണ്ട പാര്‍ലമെന്റില്‍ പ്രിയങ്ക ശബ്ദം ഉയര്‍ത്തുമോ എന്നാണു ചെറുകിട സംരഭങ്ങള്‍ പ്രതീക്ഷയോടെ ചോദിക്കുന്നത്.
പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞക്കായി പാര്‍ലമെന്റിലേക്ക് എത്തിയതു കേരള കസവു സാരി ധരിച്ചുകൊണ്ടായിരുന്നു. പാര്‍ലമെന്റ് ഓഫീസിന്റെ പടിക്കല്‍വെച്ചു രാഹുല്‍ ഗാന്ധി കസവുസാരിയില്‍ സുന്ദരിയായ തന്റെ സഹോദരിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി.
സ്വര്‍ണ നിറം കൊണ്ട് കരയിട്ട കസവുസാരിയായിരുന്നു അവര്‍ ധരിച്ചത്. ദേശീയ മാധ്യമങ്ങളില്‍ വരെ പ്രിയങ്കയുടെ വസ്ത്രം ചര്‍ച്ചചെയ്യപ്പെട്ടു. പരമ്പരാഗത കൈത്തറി മേഖലക്ക് മുതല്‍ക്കൂട്ടായേക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ.
രാജ്യത്തെ, പ്രത്യേകിച്ചു കേരളത്തിലെ പരമ്പരാഗത കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന് ഊര്‍ജം പകരുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മാധ്യമ ശ്രദ്ധ. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണു പരമ്പരാഗത കൈത്തറി വ്യവസായം നേരിടുന്നത്. നെയ്ത്തുകാരുടെ കുറഞ്ഞ വേതനം മുതല്‍ ഇടനിലക്കാരുടെ ചൂഷണം വരെ നീളുന്നു അത്. നൂലിന്റെ ക്ഷാമവും അസംസ്‌കൃത വസ്തുക്കളായ നിറക്കൂട്ടിന്റെതടക്കം വില ഉയര്‍ന്നതും കൈത്തറി മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു.
സംസ്ഥാനത്ത് ചുരുങ്ങിയ തോതില്‍ മാത്രമേ നൂല്‍ ഉല്‍പാദനമുള്ളു. മില്ലുകളില്‍ പലതും പൂട്ടിപ്പോയി. ശേഷിക്കുന്ന 17 മില്ലുകളില്‍ ഒമ്പതെണ്ണം സഹകരണ മേഖലയിലും എട്ടെണം ഹാന്‍ഡ് ലൂം കോര്‍പറേഷന്റെ കീഴിലുമാണ്.
അവയില്‍ ഉല്‍പാദിപ്പിക്കുന്നവ സംസ്ഥാനത്തിന്റെ ആവശ്യത്തിനു തികയുന്നുമില്ല. കൈത്തറി മേഖലക്കു നല്‍കി വരുന്ന റിബേറ്റും നൂല്‍ സബ്‌സിഡിയും നേരത്തെ തന്നെ കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു.
പരുത്തി ഇറക്കുമതിക്ക് കേരളം പ്രധാനമായും ആശ്രയിക്കുന്നത് മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളെയാണ്.
പരുത്തി വിളവെടുക്കുന്ന ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ വലിയ തോതില്‍ പരുത്തി വാങ്ങി സംഭരിക്കുന്നതാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മില്ലുകളെ കുഴക്കുന്നത്. മില്ലുകള്‍ പരുത്തി വാങ്ങി നൂലാക്കി മാറ്റി നെയ്ത്തുസംഘങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് വിലയില്‍ ഉണ്ടായത്. 356 കിലോ ഭാരമുള്ള ഒരു പരുത്തിക്കെട്ടിന് അഞ്ച് വര്‍ഷം മുന്‍പ് 30,000 രൂപയായിരുന്നത് നിലവില്‍ 70,000-75,000 രൂപ വരെയാണ വില.
ഇതിനിടെ കഴിഞ്ഞ വര്‍ഷം വില ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരെയെത്തി. വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. പരുത്തി വാങ്ങിക്കൂട്ടിയ കമ്പനികള്‍ വില ഉയര്‍ത്തി വില്‍ക്കുന്നതാണു വിലയില്‍ സ്ഥിരതയില്ലാത്തതിനു കാരണം.
ഇതിനു തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഭരണം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ചൈന, ഈജിപ്ത്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് പരുത്തി ഇറക്കുമതി ചെയ്തിരുന്നത്.
കേന്ദ്രസര്‍ക്കാര്‍ 11 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയതോടെ ഇപ്പോള്‍ ഇറക്കുമതി നിലച്ച അവസ്ഥയിലാണ്. കേന്ദ്രം നിര്‍ത്തലാക്കിയ റിബേറ്റും നൂല്‍ സബ്‌സിഡിയും പുനസ്ഥാപിക്കണമെന്നാണ് സംരംഭകരുടെ ആവശ്യം.