Advertisment

വൈകി വന്ന വിവേകം. ആദ്യം ഒരു അഖില്‍ സി. വര്‍ഗീസ്.. ഇപ്പോള്‍ നാണക്കേടായി 1458 ജീവനക്കാര്‍.. പെന്‍ഷന്‍ തട്ടിപ്പില്‍ വകുപ്പു തലത്തില്‍ അച്ചടക്ക നടപടിയില്‍ എല്ലാം അവസാനിക്കുമോ ?

പതിനായിരങ്ങളും ലക്ഷത്തിലേറെയും രൂപ മാസശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഓരോ വര്‍ഷവും മസ്റ്ററിങ് നടത്തി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുവെന്നതു മൂക്കത്തു വിരല്‍വച്ചാണു കേരളം കേട്ടത്.

New Update
akhil c varghese
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങി തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പു തലത്തില്‍ അച്ചടക്ക നടപടി വരുന്നു. തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്ര നടപടിയും. അതേസമയം അച്ചടക്ക നടപടിയില്‍ എല്ലാം ഒതുക്കുമെന്ന ആശങ്ക ശക്തമാണ്. 

Advertisment

ചെറിയ അച്ചടക്ക നടപടിയിലൂടെ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമം ഉണ്ടാകാതിരിക്കാന്‍ നടപടിവേണമെന്നു പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം കുറച്ചു നേരത്തെ നടപ്പാക്കിയിരുന്നെങ്കില്‍ കോട്ടയം നഗരസഭയില്‍ മൂന്നു കോടിയുടെ തട്ടിപ്പു നടക്കില്ലായിരുന്നു എന്നു പൊതുജനവും ചോദിക്കുന്നത്.

കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ വിഭാഗത്തില്‍ നിന്നും മൂന്നു കോടിയോളം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായാണു കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം മുന്‍ ക്ലര്‍ക്കായ അഖില്‍ സി. വര്‍ഗീസ് അമ്മയുടെ അക്കൗണ്ടിലേക്കു പെന്‍ഷന്‍ തുക മാറ്റിയാണു തട്ടിപ്പു നടത്തിയത്.  

akhil c varghese

ഈരാറ്റുപേട്ട നഗരസഭയില്‍നിന്നു സ്ഥലം മാറി 2020 മാര്‍ച്ച് 12 സ്ഥലം മാറിയെത്തിയ അഖില്‍ പെന്‍ഷന്‍ തിരിമറിയിലൂടെ തട്ടിപ്പു നടത്തുകയായിരുന്നു. 2023 നവംബറില്‍ സ്ഥലം മാറിപോയിട്ടും കോട്ടയം നഗരസഭയില്‍ എത്തി പെന്‍ഷന്‍ തിരിമറി നടത്തി.


നഗരസഭയുടെ ഫാമിലി പെന്‍ഷന്‍ തുകയില്‍ നിന്നും മാസം 5 ലക്ഷം രൂപ വീതം അഖില്‍ തന്റെ അമ്മയുടെ അക്കൗണ്ടിലേക്കു മാറ്റിയാണു തട്ടിപ്പു നടത്തിയിട്ടുള്ളത്. വാര്‍ഷക ഓഡിറ്റിലാണു തട്ടിപ്പു പുറത്താകുന്നത്.


പിന്നാലെ ഒളിവില്‍ പോയ അഖില്‍ സി. വര്‍ഗീസിനെ മാസങ്ങള്‍ പിന്നിട്ടും പിടികൂടാനായില്ല. ഭരണപക്ഷ സംഘടനയില്‍ അംഗമായ അഖിലനെ മനപ്പൂര്‍വം രക്ഷപെടാന്‍ അനുവദിക്കുകായിരുന്നു എന്ന ആരോപണമാണു പുറത്തുവരുന്നത്.

അഖില്‍ സി. വര്‍ഗീസ് ഒളിവില്‍ പോയി മാസങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ സംസ്ഥാനത്തു വ്യാപകമായി നടന്ന പെന്‍ഷന്‍ തട്ടിപ്പു പുറത്തു വന്നത്. പതിനായിരങ്ങളും ലക്ഷത്തിലേറെയും രൂപ മാസശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഓരോ വര്‍ഷവും മസ്റ്ററിങ് നടത്തി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുവെന്നതു മൂക്കത്തു വിരല്‍വച്ചാണു കേരളം കേട്ടത്.


ക്ഷേമപെന്‍ഷന്‍ കൊണ്ടുമാത്രം ജീവിക്കുന്നവരും അതു മുടങ്ങിയാല്‍ ജീവിതത്തില്‍ ഇരുട്ടു നിറയുന്നവരുമായ എത്രയോ പേരുള്ള ഈ നാട്ടില്‍ പെന്‍ഷന്‍ തട്ടിപ്പ് ഇത്രയുംകാലം സുഗമമായി നടന്നുപോന്നിട്ടും അതു സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടില്ലെന്നതു സംശയം ജനിപ്പിക്കുന്നു.


പണം കടമെടുത്തുപോലും സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപ ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരുന്നത് 1458 ജീവനക്കാരാണെന്നാണ് ആദ്യം കണ്ടെത്തിയതെങ്കിലും അനര്‍ഹര്‍ ഇതിലും കൂടുതലുണ്ടാവുമെന്നും തട്ടിപ്പിന്റെ വ്യാപ്തി ഇതിലുമെത്രയോ വലുതാണെന്നും ഉറപ്പായിക്കഴിഞ്ഞു.

അനര്‍ഹരെയെല്ലാം ക്ഷേമപെന്‍ഷനില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാനമാകെ ഉഷാറായി പരിശോധന നടത്തുകയാണിപ്പോള്‍ ധനവകുപ്പ്. ഇത്രയും കാലം സര്‍ക്കാരിന്റെ മൂക്കിന്‍തുമ്പത്തിരുന്ന് ഇത്രയും ഉദ്യോഗസ്ഥര്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങിപ്പോന്നിട്ടും അതു കാണാതിരിക്കുകയോ കണ്ടെങ്കില്‍ത്തന്നെ കണ്ണടയ്ക്കുകയോ ചെയ്തുപോന്നവര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ ഉത്സാഹത്തില്‍ എത്രത്തോളം ആത്മാര്‍ഥതയുണ്ടെന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്.

pinarai vijayan-11

വിവാദങ്ങള്‍ക്കിടെയാണു സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതു വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണു തീരുമാനം.


തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പു തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.


മരണപ്പെട്ടവരെ അതതു സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിനു ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും.

സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പു പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Advertisment