കോട്ടയം: ആകാശപാതില്‍ വീണ്ടും കോണ്‍ഗ്രസ് - സി.പി.എം പോര്. ആകാശപാതയെ എൽ.ഡി.എഫ് സർക്കാർ ഇല്ലാതാക്കിയെന്നു തിരുവഞ്ചൂരും ആ പാപ ഭാരത്തിന്റെ ഉത്തരവാദി തിരുവഞ്ചൂരാണെന്നും ആരുടെയും തലയില്‍ വയ്‌ക്കേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാറും ആരോപിച്ചു.
ആകാശപാത വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം പാലക്കാട് ഐ.ഐ.ടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണു വീണ്ടും പരസ്പര ആരോപണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയത്.
അടിസ്ഥാന തൂണുകള്‍ ഒഴികെ മേല്‍ക്കൂര മുഴുവന്‍ നീക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. മേല്‍ക്കൂരയുടെ ഇരുമ്പുകള്‍ പൈപ്പുകള്‍ തുരുമ്പെടുത്ത് നശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ബലക്ഷയം അല്ല ഇവിടെ പ്രശ്‌നം. സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണിത്. കോട്ടയത്തെ വികസനം ഇല്ലാതാക്കാനാണു ശ്രമമെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. സര്‍ക്കാര്‍ മാറിയ കാലത്തുതന്നെ ആകാശപാത പൊളിച്ചുമാറ്റാന്‍ അവര്‍ തീരുമാനിച്ചതാണ്.
ആ തീരുമാനം നടപ്പാക്കാന്‍ വേണ്ടിയാണ് ഒരു ലിറ്റര്‍പെയിന്റ് പോലും അടിക്കാതെ യാതൊരു പരിപാലന പ്രവൃത്തികളും നടത്താതെ ആകാശപാത കാത്തുസൂക്ഷിച്ചു വെച്ചതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
അതേസമയം ആകാശപാതയുടെ വൈകല്യത്തിന് ഉത്തരവാദി തിരുവഞ്ചൂരാണെന്നും ആ പാപഭാരം ആരുടെയും തലയില്‍ വയ്‌ക്കേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍ പ്രതികരിച്ചു.
ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണു കിറ്റ്‌കോ നിര്‍മ്മാണം ആരംഭിച്ചത്. പദ്ധതി പൂര്‍ത്തിയാക്കിയാലും ഇല്ലെങ്കിലും ആളുകളുടെ തലയില്‍ വീഴും. ഈ നിര്‍മാണ വൈകല്യം പരിഹരിക്കണമെന്നാണു കോട്ടയത്തെ ജനങ്ങളുടെ അടിയന്തര ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഊരാളുങ്കലുമായി ബന്ധപ്പെട്ട് ആകാശ പാതയുടെ എന്തെങ്കിലും ഒരു കടലാസ് ഹാജരാക്കണമെന്നും അനില്‍കുമാര്‍ വെല്ലുവിളിച്ചു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22ന് ആണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. ഒരുകോടിയിലധികം ചിലവിട്ടു തൂണുകള്‍ സ്ഥാപിച്ചു. എന്നാല്‍, പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ആകാശപാതയില്‍ അത്ര താല്‍പര്യം കാട്ടിയില്ല. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ വന്നതോടെ നിര്‍മാണം നിലക്കുകയായിരുന്നു.
ഇതിനിടെ ആകാശപാത പൊളിച്ചു മാറ്റണമെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. ആകാശപാത യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ തെളിവാണെന്നു ചൂണ്ടിക്കാട്ടി സി.പി.എമ്മും ജനകീയ മാർച്ച് നടത്തി .