/sathyam/media/media_files/2024/12/06/vXKZWXt14SgQ4sy28opm.jpg)
കോട്ടയം: മാലയിട്ടു മലചവിട്ടുമ്പോള്‍ ഞാനും അയ്യപ്പന്‍.. നീയും അയ്യപ്പന്‍.. പിന്നെന്തിന് ഒരു വി.ഐ.പി. ദര്‍ശനം. നടന്‍ ദിലീപും വ്യവസായി സുനില്‍ സാമിയുമൊക്കെ യഥേഷ്ടം ദര്‍ശനം നടത്തുമ്പോള്‍ നഷ്ടമാകുന്നതു തത്വമസി എന്ന മഹാവാക്യത്തിന്റെ പൊരുളാണ്.
ഒരു സാധാരക്കാരന്‍ ശബരിമല ദര്‍ശനത്തിനെത്തിയാല്‍ നടയ്ക്കു മുന്‍പില്‍ നിന്നു തൊഴാന്‍ പറ്റുക ഒന്നോ രണ്ടോ സെക്കന്‍ഡുകള്‍ മാത്രമാണ്. അപ്പോഴേയ്ക്കും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഭക്തരെ നീക്കി അടുത്താള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ടാകും.
ഇതിനിടെ വി.ഐ.പികള്‍ ദര്‍ശനത്തിനെത്തുമ്പോള്‍ ഭക്തരെ തള്ളി നീക്കുന്ന അവസ്ഥ ഉണ്ടാകും. മറ്റു ഭക്തര്‍ക്കു ദര്‍ശനത്തിനു തടസവും ഉണ്ടാകുന്നതു പതിവായതോടെ വി.ഐ.പികള്‍ സോപാനത്തു കയറിനിന്നു ദര്‍ശനം നടത്തുന്നതു ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു.
ഈ തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവില്‍ നിന്നുള്ള വി.ഐ.പി ദര്‍ശനം അനുവദിക്കരുതെന്നു കാട്ടി ദേവസ്വം വിജിലന്‍സ് എസ്.പി ടി.കെ സുബ്രഹ്മണ്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കു കത്തു നല്‍കുകയും ചെയ്തിരുന്നു.
സാധാരണ തീര്‍ഥാടകര്‍ക്ക് വി.ഐ.പി. ദര്‍ശനം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും ദിലീപ് ക്യൂ ഒഴിവാക്കി പോലീസുകാര്‍ക്കൊപ്പം ദര്‍ശനത്തിനായി എത്തുകയായിരുന്നു. വ്യാഴാഴ്ച നടയടക്കുന്നതിനു തൊട്ടുമുന്‍പാണു ദിലീപ് ദര്‍ശനം നടത്തിയത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണു ദിലീപ് മടങ്ങിയത്.
ദിലീപിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, മുന്‍പും ഇത്തരത്തില്‍ സിനിമാ താരങ്ങളും ദര്‍ശനം നടത്തിയിട്ടുണ്ട്. മറ്റു ഭക്തര്‍ക്കു ലഭിക്കാത്ത പരിഗണന നേടിയൊരാള്‍ വ്യവസായിയായ സുനില്‍ സ്വാമിയാണ്.
ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തില്‍ സ്വമേധയാ ഹൈക്കോടതി കേസ് എടുക്കുകയും ശബരിമലയില്‍ ഏതെങ്കിലും ഒരു ഭക്തനു പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്നു വ്യവസായിയായ സുനില്‍ സ്വാമിയുടെ ഇടപെടലുകളുമായി ബന്ധപ്പെടുത്തി കോടതി വ്യക്തമാക്കിയത്.
മറ്റ് ഭക്തര്‍ക്കു ലഭിക്കാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്കു ശബരിമലയില്‍ ലഭിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. എല്ലാ ദിവസത്തെ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്.
ഈ സമയത്തെല്ലാം ശ്രീകോവിലിനു മുന്നില്‍ സുനില്‍ സ്വാമി ഉണ്ടാകാറുണ്ട്. നട തുറക്കുന്ന ദിവസങ്ങളിലെല്ലാം അവിടെ സുനില്‍ സ്വാമി സ്ഥിരമായി താമസിക്കുന്നു. ഈ പരിഗണനകളൊന്നും മറ്റ് ഭക്തര്‍ക്കു ലഭിക്കാറില്ല.
വിര്‍ച്വല്‍ ക്യൂ വഴി മാത്രമാണു ഭക്തര്‍ക്കു സന്നിധാനത്തേക്കു പ്രവേശനമുള്ളത്. സുനില്‍ സ്വാമിക്കും ഈ രീതിയില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്നു കോടതി പറഞ്ഞു. ഈ ഉത്തരവു വന്നു മണിക്കൂറുകള്‍ കഴിയും മുന്‍പാണു ദിലീപ് വി.ഐ.പി ദര്‍ശനം നടത്തിയത്.
സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടുകയും സിസി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ദിലീപിന് എങ്ങനെ വി.ഐ.പി ദര്‍ശനം സാധ്യമായി എന്നതു സംബന്ധിച്ച് അന്വേഷണം നടക്കുമെന്നുറപ്പായി.