/sathyam/media/media_files/2024/10/29/J1eFFzFhZa7VDhjZ5gNM.jpg)
വൈക്കം: ഉടനെങ്ങാനും ആരംഭിക്കുമോ വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ്?. തിങ്കളാഴ്ച ജങ്കാര്‍ സര്‍വീസ് പുനരാരംഭലിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും നടപ്പായിരുന്നില്ല. നവംബര്‍ ഒന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഊര്‍ജിതശ്രമം നടക്കുന്നുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് രണ്ടുദിവസംകൂടി വൈകുന്നതെന്ന വിശീകരണവും അധികൃതര്‍ നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച് നാളെ നടത്തിപ്പിന്റെ ചുമതലയുള്ള വൈക്കം നഗരസഭയും ചേന്നംപള്ളിപ്പുറം പഞ്ചായത്തും ചേര്‍ന്നുള്ള കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരുവര്‍ഷത്തേക്ക് 13.92 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചിട്ടുള്ളത്.
എറണാകുളം കുമ്പളം ആസ്ഥാനമായുള്ള റോള്‍ ഹാര്‍ഡ് വെയേഴ്‌സ് എന്ന കമ്പനിയാണ് ഉയര്‍ന്ന തുകയായ 13.92 ലക്ഷം രേഖപ്പെടുത്തിയത്. സര്‍വീസ് തുടങ്ങുന്നതിന് കാലതാമസമുണ്ടാകരുതെന്നാണ് നടത്തിപ്പിന്റെ ചുമതലയുള്ള സംയുക്ത കമ്മിറ്റി സര്‍വീസ് ലേലംപിടിച്ച കമ്പനിയോട് നിര്‍ദേശിച്ചിട്ടുള്ളത്.
ഈ കമ്പനി സര്‍വീസ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍കൂടി സാവകാശം ചോദിച്ചെങ്കിലും സംയുക്ത കമ്മിറ്റി അതിനു തയ്യാറായിട്ടില്ല. ജനങ്ങള്‍ വാഹനങ്ങള്‍ അക്കരെയെത്തിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുന്നതിനാലാണ് വൈക്കം-തവണക്കടവ് ജങ്കാര്‍ എത്രയും വേഗം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
മാക്കേക്കടവ്-നേരേകടവ് ഫെറിയിലും സര്‍വീസ് നിലച്ചുകിടക്കുകയാണ്. വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസുമായി ബന്ധപ്പെട്ട് മൂന്നുതവണ ടെന്‍ഡര്‍ നടത്തിയിരുന്നു. മുന്‍പുണ്ടായിരുന്ന തുകയെക്കാള്‍ ലേലത്തുക കുറഞ്ഞു എന്ന കാരണത്താല്‍ കരാര്‍ ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.