/sathyam/media/media_files/2024/12/12/KHWj8dz70DS6AFJu7edj.jpg)
കോട്ടയം: തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ ചാണ്ടി ഉമ്മന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിക്ക് ഉണ്ടാക്കിയത് വലിയ നാണക്കേട്.
യുവ നേതാവിന്റെ അച്ചടക്ക ലംഘനത്തിന് നടപടി വേണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമായി.
ഒരു യുവ നേതാവിന്റെ ഭാഗത്തു നിന്നു ഉണ്ടാകാന്‍ പാടില്ലാത്തകാര്യങ്ങളാണ് ചാണ്ടി ഉമ്മനില്‍ നിന്നുണ്ടായതെന്നാണ് വിലയിരുത്തല്‍.
ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചാണ്ടി ഉമ്മനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ പേരിനു കളങ്കമാകുന്ന പ്രവര്‍ത്തനമാണ് ചാണ്ടി ഉമ്മനില്‍ നിന്ന് ഉണ്ടായത് ... എന്നു തുടങ്ങി അച്ചു ഉമ്മന് സീറ്റ് നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടാകില്ലായിരുന്നു ... എന്നുവരെയുള്ള അഭിപ്രായമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ വരുന്നത്.
അതേസമയം, ചാണ്ടി ഉമ്മനെതിരെ കോട്ടയം ഡി.സി.സി.യില്‍ നിന്നു തന്നെ ഉയരുന്നത് വ്യാപക പരാതികളാണ്.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ചുള്ള പ്രവര്‍ത്തനമാണ് ചാണ്ടി ഉമ്മന്‍ നടത്തുന്നതെന്നാണ് പ്രധാന ആരോപണം.
നേതാക്കളോട് കൂടിയാലോചനകള്‍ ഇല്ല, പ്രാദേശിക നേതാക്കളെ പോസ്റ്റര്‍ ഒട്ടിക്കാന്‍ മാത്രം ആവശ്യമെന്ന നിലയിലുള്ള പ്രതികരണം തുടങ്ങി ചാണ്ടി ഉമ്മന്റെ ഭാഗത്തു നിന്നു ഗുരുതര പിഴവുകൾ ഉണ്ടാകുന്നു എന്ന ആരോപണാണ് പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക കെ.പി.സി.സി നിര്‍ദേശങ്ങള്‍ ലംഘിച്ച് ചാണ്ടി ഉമ്മന്‍ അട്ടിമറിച്ചെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.
എന്നാല്‍, നേതൃത്വം ചാണ്ടി ഉമ്മനെതിരെ ഉയര്‍ന്ന പരാതികള്‍ ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഇതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി പരസ്യ പ്രസ്ഥാവനകളുമായി ചാണ്ടി ഉമ്മന്‍ രംഗത്ത് വന്നത്.
പാലക്കാട്, വയനാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പുകളില്‍ ചുമതല നല്‍കാതെ അവഗണിച്ചെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ചാണ്ടി ഉമ്മന്‍.
പ്രചാരണത്തില്‍ എന്തുകൊണ്ട് സജീവമായില്ലെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുക മാത്രമാണ് ചെയ്തത്.
തന്നെ മാറ്റി നിറുത്താനും അവഗണിക്കാനും തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഒരു എം.എല്‍.എ ശ്രമിച്ചിരുന്നു.
ഈ നീക്കമാണ് തുറന്നു പറഞ്ഞത്. വ്യക്തിപരമായി പാര്‍ട്ടിക്കെതിരെയോ പ്രതിപക്ഷ നേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല.
കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ല. പാര്‍ട്ടിക്കുള്ളില്‍ എല്ലാം തുറന്നു പറയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ പ്രതികരണം പ്രതിപക്ഷ നേതാവിനെതിരെയാണെന്ന പ്രചാരണം ചര്‍ച്ചയായതോടെ ചാണ്ടി ഉമ്മനെ തള്ളി വി.ഡി.സതീശന്‍ രംഗത്തുവന്നിരുന്നു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം ചാണ്ടി ഉമ്മനെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ ഷാഫിപറമ്പില്‍, രാഹുല്‍ മാങ്കൂട്ടം ഗ്രൂപ്പിനെതിരായ പടയൊരുക്കമായും ഇത് വിലയിരുത്തുന്നു.
ഇതിനിടെയാണ് ചാണ്ടി ഉമ്മന് നേരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നത്.
ഉമ്മന്റെ അതൃപ്തിക്ക് പിന്നില്‍ എന്തെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കുമെന്നും അതേസമയം പാര്‍ട്ടിക്ക് ദോഷകരമായതൊന്നും ചെയ്യരുതെന്നും അച്ചടക്ക ലംഘനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും നടപടി എടുക്കേണ്ടി വരുമെന്നുമാണ് പാര്‍ട്ടി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.