/sathyam/media/media_files/2024/12/14/8bXR4IoFipWFaYgmFLgL.jpg)
കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉള്‍പ്പെടെ ഡിസിസി പുനസംഘടന ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായതോടെ രണ്ടു ജില്ലകളിലും പുതിയ ഡിസിസി അധ്യക്ഷന്മാര്‍ക്കുവേണ്ടിയുള്ള അനൗദ്യോഗിക കൂടിയാലോചനകള്‍ ആരംഭിച്ചതായി സൂചന.
ഇടുക്കി ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും മാറുമെന്നാണ് സൂചന.
കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദേശീയ നേതൃത്വത്തിന് കൈമാറിയ അഴിച്ചുപണിയേണ്ട 10 ഡിസിസികളുടെ പട്ടികയിലുള്ള ജില്ലകളാണ് കോട്ടയവും ഇടുക്കിയും.
ഇടുക്കി ഡിസിസിക്കെതിരെ വ്യാപക പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. സിപി മാത്യുവിന്‍റെ അനാരോഗ്യവും ഡിസിസിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
സിപി മാത്യു മാറിയാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകനായിരിക്കും മുന്‍ഗണന.
കെപിസിസി സെക്രട്ടറി എം.എന്‍ ഗോപിയുടെ പേരും പരിഗണനയിലുണ്ട്. ഇരുവരും ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരുമാണ്.
അങ്ങനെവന്നാല്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ഒരാളെ കോട്ടയത്തേയ്ക്ക് പരിഗണിക്കേണ്ടിവരും. കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും ഊഴവ സമുദായാംഗമാണ്.
ഇടുക്കിയിലും കോട്ടയത്തും ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരെ പ്രസിഡന്‍റുമാരായി പരിഗണിക്കുക പ്രായോഗികമല്ല.
കത്തോലിക്കനായ സിപി മാത്യു ഒഴിയുമ്പോള്‍ കോട്ടയത്ത് അതേ സമുദായത്തില്‍ നിന്നുള്ള ഒരാളെ പരിഗണിക്കേണ്ടി വരും.
ഡിസിസി വൈസ് പ്രസിഡന്‍റ് ബിജു പുന്നത്താനം, അഡ്വ. സിബി ചേനപ്പാടി എന്നീ പേരുകള്‍ക്കാണ് അങ്ങനെയെങ്കില്‍ കോട്ടയത്ത് മുന്‍ഗണന ലഭിക്കുക.
10 വര്‍ഷത്തോളമായി ഡിസിസി വൈസ് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമാണ് ബിജു പുന്നത്താനം.
കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ തട്ടകമായ പാലായില്‍ നിന്നുള്ള നേതാവെന്നതും ബിജുവിന് തുണയാകും. ക്രൈസ്തവ സഭകളുമായുള്ള അടുത്ത ബന്ധവും ബിജുവിന് തുണയാണ്.
അതേസമയം 'എ' ഗ്രൂപ്പിലെ ഒരു വിഭാഗം ഉയര്‍ത്തി കാണിക്കുന്നത് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടിയുടെ പേരാണ്.
ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിനപ്പുറം അഭിഭാഷക പ്രാക്ടീസില്‍ ശ്രദ്ധിക്കുന്ന സിബിയ്ക്ക് ജില്ലയിലാകെ സ്വാധീനമില്ലെന്നത് പരിമിതിയാണ്.
യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള ജില്ലയില്‍ പാര്‍ട്ട് ടൈം പ്രസിഡന്‍റ് പോരെന്ന വിമര്‍ശനവും ഉയരും.
അതേസമയം, കോട്ടയം ഡിസിസി പ്രസിഡന്‍റിനെ മാറ്റാതെ ഇടുക്കി ഡിസിസി പ്രസിഡന്‍റിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഡിസിസി പ്രസിഡന്‍റാകും എന്നുറപ്പാണ്.
കോട്ടയത്ത് നാട്ടകം സുരേഷ് തുടരുമ്പോള്‍ ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നുള്ള അശോകനും ഗോപിയ്ക്കും പിന്നെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പരിഗണന കിട്ടില്ല.
തിരിച്ച്, കോട്ടയത്ത് നാട്ടകം മാറിയാല്‍ പകരം കത്തോലിക്കാ സമുദായത്തില്‍ നിന്നുള്ള നേതാവിനാകും പരിഗണന എന്നും ഉറപ്പാണ്.
മറ്റ് ഡിസിസികളില്‍ മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും കോട്ടയം, ഇടുക്കി ഡിസിസികളില്‍ മേല്‍പ്പറഞ്ഞ പായ്ക്കേജുകളില്‍ മാത്രമേ പുതിയ നിയമനം സാധ്യമാകൂ.