കേന്ദ്ര നിലപാടുകള്‍ പക പോക്കല്‍ സമീപനം. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ലെന്നു മന്ത്രി വി.എന്‍ വാസവന്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിലപാടില്‍ പ്രതിഷേധം കടുപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍

വി.ജി.എഫ് ഗ്രാന്റിന്റെ പൊതുനയത്തില്‍നിന്നുള്ള വ്യതിയാനമാണു വിഴിഞ്ഞത്തു കേന്ദ്ര ധനമന്ത്രാലയം സ്വീകരിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു.

New Update
vn vasavan
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ മന്ത്രി വി.എന്‍. വാസവന്‍. കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

Advertisment

വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ല. അര്‍ഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണു നിലവിലെ സാഹചര്യം.


ദുരന്ത മുഖത്ത് പോലും സഹായം ഇല്ല. പക പോക്കല്‍ സമീപനം ആണോ എന്നും സംശയിക്കുന്നു. വിഴിഞ്ഞം സ്വകാര്യ സംരഭം അല്ല. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നതു കേന്ദ്രത്തിലേക്കാണെന്നും മന്ത്രി പറഞ്ഞു.


കേന്ദ്ര നിലപാടിനെതിരെ സംസ്ഥന സര്‍ക്കാര്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. വി.ജി.എഫ് ഗ്രാന്റിന്റെ പൊതുനയത്തില്‍നിന്നുള്ള വ്യതിയാനമാണു വിഴിഞ്ഞത്തു കേന്ദ്ര ധനമന്ത്രാലയം സ്വീകരിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു.

കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണു വിജിഎഫായി നല്‍കാന്‍ ശിപാര്‍ശ നല്‍കിയത്.

തുക ലഭിക്കണമെങ്കില്‍ വിജിഎഫ് നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണു പുതിയ നിബന്ധന. കേന്ദ്രത്തിന്റെ വിജിഎഫ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഗ്രാന്റ് തിരിച്ചടക്കണമെന്നു നിബന്ധനയില്ല.


കേന്ദ്രം നല്‍കുന്നത് 817.80 കോടിയാണെങ്കിലും തിരിച്ചടവിന്റെ കാലയളവില്‍ പലിശയും തുറമുഖത്തില്‍നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ 10,000 കോടി മുതല്‍ 12,000 കോടി രൂപവരെ തിരിച്ചടയ്‌ക്കേണ്ടിവരും.


ഇതുവരെ 238 പദ്ധതികള്‍ക്കായി 23,665 കോടിയോളം രൂപ വിജിഎഫായി ധനമന്ത്രാലയം നല്‍കി. ഇവയില്‍ ഒന്നില്‍പോലും തിരിച്ചടവ് ഏര്‍പ്പെടുത്തിയിട്ടില്ല.  

വിഴിഞ്ഞത്തിന് 817.80 കോടിരൂപ സംസ്ഥാന സര്‍ക്കാരും വിജിഎഫ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനം 4,777.80 കോടി രൂപകൂടി നിക്ഷേപിക്കുന്നുണ്ട്. 

അതിനാല്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതുണ്ട്. തൂത്തുക്കുടി ഔട്ടര്‍ഹാര്‍ബര്‍ പദ്ധതിക്ക് വി.ജി.എഫ് അനുവദിച്ചപ്പോള്‍ ഈ നിബന്ധനയില്ലായിരുന്നു എന്നും സർക്കാർ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാന മന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്.

Advertisment