/sathyam/media/media_files/2024/12/17/jUZfQ6fnVv4HS4sVWfzL.jpg)
കാഞ്ഞിരപ്പള്ളി: മുനമ്പം വിഷയത്തില്‍ തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ള നിലപാടില്‍ നിന്ന് താന്‍ അണുവിട വ്യതിചലിക്കില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ നേതൃത്വത്തിനും സഭാ നേതൃത്വങ്ങള്‍ക്കും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഉറപ്പ്.
തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഡവലപ്മെന്‍റ് സൊസൈറ്റിയുടെ ഗസ്റ്റ് ഹൗസില്‍ മാര്‍ ജോസ് പുളിക്കലും രൂപതാ വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. ജോസഫ് വെള്ളമറ്റം, പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തിൽ എന്നിവരുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്.
ഇന്‍ഫാം ദേശീയ ചെയര്‍മാനും മലനാട് ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ നേതൃത്വത്തിലായിരുന്നു ഇരു കൂട്ടരുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത്.
മുനമ്പത്ത് പ്രദേശവാസികള്‍ വിലയ്ക്കെടുത്ത് വാങ്ങിയ ഭൂമിയില്‍ വക്കഫിന്‍റെ യാതൊരു അവകാശവാദങ്ങള്‍ക്കും പ്രസക്തി ഇല്ലെന്നതാണ് താന്‍ തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ള നിലപാട്.
അവിടെ പ്രദേശവാസികളുടെ ഭൂമിയ്ക്ക് മുമ്പുണ്ടായിരുന്ന എല്ലാ റവന്യു അവകാശങ്ങളും അതേപടി പുനസ്ഥാപിക്കണം എന്ന് തുടക്കം മുതല്‍ പറയുന്ന ആളാണ് താന്‍. ആ നിലപാടിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്ന് അദ്ദേഹം വിശദീകരിച്ചതായാണ് സൂചന.
കര്‍ഷക വിരുദ്ധമായി വനം നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിലുള്ള ആശങ്ക മാര്‍ ജോസ് പുളിക്കല്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
പുതിയ ഭേദഗതികളുടെ ഭാഗമായ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളണമെന്നും ബിഷപ്പ് പുളിക്കല്‍ ആവശ്യപ്പെട്ടതായാണ് സൂചന.
കര്‍ഷക വിരുദ്ധമായ ഒരു നിയമങ്ങളും സഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായ ഇടപെടലുകള്‍ക്ക് ശ്രമിക്കുമെന്നും വിഡി സതീശന്‍ രൂപതാ നേതൃത്വത്തിന് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് പൊടിമറ്റത്ത് മലനാടും ഇന്‍ഫാമും സംയുക്തമായി സംഘടിപ്പിച്ച 8 കോടിയോളം രൂപയുടെ 2025 വര്‍ഷത്തേയ്ക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വിഡി സതീശനായിരുന്നു.
ഈ പരിപാടിക്കായി മാത്രം തിരുവനന്തപുരത്തു നിന്നും കാഞ്ഞിരപ്പള്ളിയിലെത്തിയ പ്രതിപക്ഷ നേതാവ് ഒരു മണിയോടെ മലനാട് ഗസ്റ്റ് ഹൗസിലെത്തുകയായിരുന്നു. ബഷപ്പ് മാര്‍ ജോസ് പുളിക്കലും മറ്റ് മുതിര്‍ന്ന വൈദികരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.