/sathyam/media/media_files/2024/12/13/4GViluyJbZpoJccl0tFf.jpeg)
കോട്ടയം: തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനകളെ തള്ളി കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇത്തരം സംഘടനകളുടെ എല്ലാ നിലപാടുകളെയും ഉള്‍ക്കൊള്ളാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്ര ക്രൈസ്തവ സംഘടനകളില്‍ നിന്നു സഭാ നേതൃത്വത്തിനു നേരെ ഉയരുന്ന പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തീവ്ര സംഘടനകള്‍ സഭയെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം നടത്തുന്നതിനെതിരെ സഭാ നേതൃത്വം ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണു മീഡിയാ കമ്മീഷണ്‍ ചെയര്‍മാന്‍ കൂടിയായ മാര്‍ ജോസഫ് പാംപ്ലാനി രംഗത്തു വന്നത്.
സഭയെ ബി.ജെ.പി പളായത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ള നേതാക്കളെ കടന്നാക്രമിക്കുകയും മറ്റു മതങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തീവ്ര സംഘടനകളുടെ പ്രവര്‍ത്തനം പൊതുയിടത്തില്‍ സഭയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലാണ് സഭാ നേതൃത്വത്തിനുള്ളത്.
ഇത്തരം സംഘടനകളോട് സഭയ്ക്കു കൃത്യമായ നിലപാടുണ്ടെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സംഘടനകളലെ പ്രവര്‍ത്തനങ്ങളുടെ നന്മകളൊന്നും സഭ തള്ളിപ്പറയുന്നില്ല.
പക്ഷേ, അവര്‍ സഭയുടെ ഔദ്യോഗിക സംഘടനയല്ലെന്നു സഭ എക്കാലവും പറയും. കാരണം, അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം സഭയ്ക്കില്ല.
അവര്‍ നല്ല കാര്യം ചെയ്താല്‍ സഭ പിന്തുണയ്ക്കും. സഭയുടെ ഒരു സംഘടനയാണെങ്കില്‍ സഭാ നേതൃത്വവുമായി ചേര്‍ന്നു പോകണം. അതാണ് അടിസ്ഥനപരമായ പ്രശ്‌നം.
ഇത്തരം സംഘടനകള്‍ തലശേരിയില്‍ സംവിധാനം തുടങ്ങിയപ്പോള്‍ തന്റെ അടുത്തു വന്നു തങ്ങള്‍ക്ക് ഒത്തു കൂടാന്‍ പള്ളികളുടെ പാരീഷ് ഹാള്‍ വിട്ടു തരണമെന്നു ചോദിച്ചിരുന്നു.
ഞാന്‍ അവര്‍ക്കു സമ്മതവും കൊടുത്തു, അത് സഭയുടെ ഔദ്യോഗിക സംഘടനയായതുകൊണ്ടല്ല, മറിച്ച് സഭയ്ക്കു വേണ്ടി സംസാരിക്കുന്നവരായതുകൊണ്ടാണ് അനുവാദം നല്‍കിയത്.
എന്നാല്‍, വിശ്വാസികള്‍ക്കിടയില്‍ വേരുപിടിച്ചു തുടങ്ങിയതോടെ ഇവര്‍ സഭയുടെ മറ്റ് എല്ലാ സംഘടനകളെല്ലാം പരാജയമാണെന്ന നിലപാട് എടുത്തു.
''എകെസിസി ഗുഡ് ഫോര്‍ നര്‍ത്തിങ്.. കെസിവൈഎം എന്തിനു കൊള്ളാം, മെത്രാന്മാരെ എന്തിനു കൊള്ളാം.. അച്ചന്മാര്‍ യൂസ്‌ലെസ്... മതബോധനം കൊണ്ട് ആവശ്യമില്ല, ഇതു നിര്‍ത്തണം'' തുടങ്ങിയ കാര്യങ്ങളാണ് ഇത്തരം സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.
സഭയുടെ വ്യവസ്ഥാപിത സംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്ന സമീപനം ഇത്തരം സംഘടനകളില്‍ നിന്ന് ഉയരുന്നു. തുടക്കത്തില്‍ സഭ ഇവരെ തിരുത്താന്‍ ശ്രമിച്ചു. ഞാന്‍ തന്നെ ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചു.
പക്ഷേ, ഇക്കൂട്ടര്‍ ചെവിക്കൊണ്ടില്ല. സഭയല്ല അവരില്‍ നിന്ന് അകന്നു നില്‍ക്കുന്നത്, അവരാണ് സഭയില്‍ നിന്ന് അകന്നു നില്‍ക്കുന്നത്.
പെട്ടെന്ന് ഒരാവേശത്തില്‍ തീവ്ര നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ചിലപ്പോള്‍ വിശ്വാസികള്‍ക്കു തോന്നിയെന്നിരിക്കും. അത് ഒരു പ്രലോഭനം മാത്രമാണ്.
സഭ എക്കാലവും പ്രതിസന്ധിയിലൂടെയാണു കടന്നു പോയിട്ടുള്ളത്. ഇരുപതു നൂറ്റാണ്ടുകളില്‍ ഒരു കാലത്തും സഭയ്ക്കു വേണ്ടി ആരും ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിച്ചിട്ടില്ല.
മറിച്ച് സഭ കടന്നു പോകുന്നത് പീഢാനുഭവങ്ങുടെ തീവ്രയായ മരുഭൂമിയിലൂടെയാണ്. എക്കാലവും സഭ അങ്ങനെയാണു കടന്നു പോയിട്ടുള്ളത്. സഭയെ നയിക്കുന്ന ഒരു സുവിശേഷമുണ്ട്. സ്‌നേഹത്തിന്റെ കരുതലിന്റെ പരസ്പരം ആദരിക്കുന്നതിന്റെ സുവിശേഷം.
ഇതു വിസ്മരിച്ചുകൊണ്ട് എതെങ്കിലും മതത്തെ വൈകാരികമായി എതിര്‍ക്കണമെന്നും, അവര്‍ക്കെതിരെ ഏതറ്റം വരെയും അക്രമങ്ങളുടെ വഴി സ്വീകരണിക്കണമെന്നു പറഞ്ഞാല്‍ നമ്മള്‍ സുവിശേഷത്തില്‍ വെള്ളം ചേര്‍ക്കുന്നതുപോലെയാണ്.
സുവിശേഷത്തില്‍ വെള്ളം ചേര്‍ത്താല്‍ പിന്നെ സഭയില്ല. സഭ ഈ ഇരുപതു നൂറ്റാണ്ടുകള്‍ നില നിന്നതിന്റെ കരുത്ത് ഈശോ തന്ന സുവിശേഷത്തിന്റെ വഴിയില്‍ സഭ നടന്നതുകൊണ്ടാണ്.
എന്ന് സഭ സുവിശേഷത്തില്‍ നിന്ന് അകന്നോ അന്നു മാത്രമേ സഭ ദുര്‍ബലമായിട്ടുള്ളൂ. പ്രശ്‌നങ്ങള്‍ ഒരിക്കലും സഭയെ ദുര്‍ബലപ്പെടുത്തിയിട്ടില്ല, അവ സഭയെ കരുത്തുറ്റതാക്കിയിട്ടേയുള്ളൂ.
ഈ പ്രതിസന്ധികളിലൂടെ സഭ കടന്നു വന്നത് ഏതെങ്കിലും തീവ്ര സംഘടനയുടെയോ പിന്തുണകൊണ്ടല്ല. സഭ കടന്ന പോകുന്നത് പരിശുദ്ധാത്മ കൃപയാല്‍ തിരുവചനത്തിന്റെ പ്രകാശത്തില്‍ ജീവിതത്തിന്റെ പ്രതിസന്ധികളെ വായിച്ചെടുത്തുകൊണ്ടാണ്.
സഭയെ നിങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തരുത്. അങ്ങനെ നിര്‍ത്തിയാല്‍ നിങ്ങള്‍ അബദ്ധത്തിലേക്കാണ് ചെന്നു ചാടുക.
സഭാ നേതൃത്വം നിങ്ങളോട് സംവദിക്കാന്‍ തയാറാണ്, നിങ്ങളുടെ ആശയങ്ങളും ആശങ്കകളും സഭയുമായി പങ്കുവെക്കുക, ഒരുമിച്ചു നില്‍ക്കുകയാണു വേണ്ടതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.