/sathyam/media/media_files/2024/12/20/daoT6AuSn9RQPUpXfBjH.jpg)
കാഞ്ഞിരപ്പള്ളി: ഇടതു കൈ ചെയ്യുന്നതു വലതു കൈ അറിയെരുതെന്നാണ്... പക്ഷേ, ഇടതു കൈ ചെയ്യുന്നത് ഇടതു കൈയ്യെങ്കിലും അറിയണമെന്നു കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍.
കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റും മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയും ചേര്‍ന്നു നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭ ചെയ്യുന്ന നന്മകള്‍ പുറത്തേക്ക് അറിയുന്നില്ലെന്നും ഇതിനു മാറ്റം വരണമെന്നും അതിനുള്ള പരിശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ഫാ. ബോബി മണ്ണംപ്ലാക്കല്‍ പറഞ്ഞു.
2018 ലെ പ്രളയത്തില്‍ ഉയര്‍ന്ന ചോദ്യമാണു കത്തോലിക്കാ സഭ എന്തു ചെയ്തു എന്നത്. അന്നു വലിയൊരു വിമര്‍ശനമായി ഇത് ഉയര്‍ന്നു വന്നപ്പോള്‍ കാരിത്താസ് ഇന്ത്യയുമായി ചേര്‍ന്ന് സഭ ഒരു കണക്കെടുപ്പ് നടത്തിയിരുന്നു.
കേരളത്തിലെ ഇടവകകള്‍ എല്ലാം ചേര്‍ന്ന് 350 കോടി രൂപയുടെ സേവനമാണ് 2018 ലെ പ്രളയകാലത്തു മാത്രം ചെയ്തത്.
2021 ല്‍ കൊക്കയാര്‍ പഞ്ചായത്തിലും എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും വലിയ മണ്ണിടിച്ചില്‍ ഉണ്ടായി. ഇടവകക്കാരും അല്ലാത്തവരുമായി നൂറു കണക്കിന് ആളുകള്‍ക്ക് അന്നു ഭവനം നഷ്ടപ്പെട്ടു.
അന്നു സര്‍ക്കാരും രാഷട്രീയ സംഘടനകളും ചേര്‍ന്നു വീട് നിര്‍മ്മിച്ചു നല്‍കുമെന്നു പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയും വിവിധ സന്ന്യാസ സഭകളും ചേര്‍ന്നു റെയിന്‍ബോ പദ്ധതിയിലൂടെ 52 മികച്ച ഭവനങ്ങളാണു നിര്‍മിച്ചു നല്‍കിയത്.
കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗം നേതൃത്വമെടുത്ത് മലനാട് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ ഉള്‍പ്പടെ സഹരണത്തോടെയാണ് ഭവനങ്ങള്‍ നിര്‍മിച്ചത്. ഇതേക്കുറിച്ചെല്ലാം അറിയുവാനുള്ള അവകാശം ദൈവ ജനത്തിനുണ്ട്.
മലനാട് ഇങ്ങനെയൊരു ഉദ്ഘാടന ചടങ്ങ് വെക്കാന്‍ കാരണവും അതാണ്. നമ്മള്‍ ചെയ്യുന്നതു നമ്മളെങ്കിലും അറിഞ്ഞിരിക്കണം. എങ്കിലേ കൂടുതല്‍ ഉത്സാഹത്തോടു കൂടി നന്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ.
നന്മ ചെയ്യുന്നവരെ ആദരിക്കണം. 52 ഭവനങ്ങളില്‍ ഒരു ഗുണഭോക്താവിന്റെ പോലും മുഖമോ പേരുകളോ പത്രങ്ങളില്‍ വന്നിട്ടില്ല.
ആര്‍ക്കൊക്കെ വീട് ലഭിച്ചു എന്നത് അതാത് ഇവകകളില്‍ അറിയാമെന്നല്ലാതെ പുറത്തേക്ക് ഈ പേരുകള്‍ എത്തിയിട്ടില്ല. അത്രയും സുവിശേഷ മൂല്യത്തോടെയാണ് ഇവ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്‌പെഷല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പിന്നാക്കം പോവുകയാണ്.
അടുത്ത ഒരു വര്‍ഷത്തേക്ക് ഒരു മാസം 5 ലക്ഷം രൂപ വെച്ച് 60 ലക്ഷം രൂപ മലനാട് ആശാനിലയം സ്‌പെഷല്‍ സ്കൂളിലെ അധ്യാപകരുടെ ക്ഷേമത്തിനായി നല്‍കും.
ബേത്‌ലഹേം, പെനിവേല്‍ ആശ്രമങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങക്കും അംഗങ്ങളള്‍ക്കു മരുന്നിനും ഭക്ഷണത്തിനും വേണ്ടി എല്ലാ മാസവും ഒരു ലക്ഷം രൂപ വീതം കൈമാറുമെന്ന് ഹൃദയ പൂര്‍വം പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് ഫാ. ബോബി പറഞ്ഞു.
നല്ല സമറായക്കാര്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ മാനസിക വെല്ലുവിളി ഉള്ളവരെ ശുശ്രൂഷിക്കാന്‍ നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം, കോട്ടയം, പത്തനംതിട്ട നഗരങ്ങളില്‍ അലഞ്ഞു നടക്കേണ്ടിയിരുന്ന സ്വന്തം കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് ആളുകളെ ഏറ്റെടുത്തു സംരക്ഷിക്കുന്ന മൂന്നു ഭവനങ്ങളെ സംരക്ഷിക്കുന്ന മൂന്നു വൈദികരാണുള്ളത്.
ആശാ നിലയത്തിന്റെയും നല്ല സമറായന്‍ ആശ്രമത്തിന്റെയും പന്ത്രണ്ടോളം വീ കെയര്‍ സ്ഥാപനങ്ങളുടെയം ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, തമ്പലക്കാട് പെനുവേല്‍ ആശ്രമം ഡയറക്ടര്‍ ഫാ. സെബാസ്റ്റിയന്‍ പെരുനിലം, ബെത്‌ലഹേം ആശ്രമം ഡയറക്ടര്‍ ഫാ. ജിന്‍സ് വാതല്ലുക്കുന്നേല്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് എടുത്തു പറയാതെ ഹൃദയപൂര്‍വം പദ്ധതി ഉദ്ഘാടനം ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ജീവന്‍ പണയംവച്ച വൈദികര്‍
കഴിഞ്ഞ കോവിഡ് കാലത്ത് ബെനുവേല്‍ ആശ്രമത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു എത്തിയ നൂറിലധികം അന്തോവാസികളാണ് ഉണ്ടായിരുന്നത്.
അന്ന് ആശ്രമത്തിലെ ഇരുപതോളം രോഗികള്‍ക്കു കോവിഡ് പോസിറ്റീവായി. മറ്റുള്ളവളവര്‍ക്കും കോവിഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
എന്താണു ചെയ്യേണ്ടതെന്നു ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടപ്പോള്‍ മാനസികനില തകരാറിലായ ഇവരെ പ്രത്യേകം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് ലഭിച്ചത്.
അതു വലിയ വെല്ലുവളിയായിരുന്നു. അന്ന് സെബാസ്റ്റ്യന്‍ അച്ചനും ടോമി അച്ചനും ചേര്‍ന്നു ഞങ്ങള്‍ ഇവരെ എല്ലാം ഒരു ഹോളിലേക്കു കൊണ്ടുവന്ന് ഇവരോടൊപ്പം ആടിപ്പാടി ജീവിക്കാന്‍ പോവുകയാണെന്നു പറഞ്ഞു.
മഴുവന്‍ ആളുകള്‍ക്കും കോവിഡായിരുന്ന സമയത്തുപോലും കോവിഡ് പിടിപെട്ട് അവരോടൊപ്പം നിന്നു അവരെ ശുശ്രൂഷിച്ചയാളാണ് സെബാസ്റ്റിയന്‍ അച്ചന്‍.
അവര്‍ക്ക് അന്ന് ഓക്‌സിജന്‍ ആവശ്യമായി വന്നപ്പോള്‍ മറ്റമുണ്ടേലച്ചന്റെ നേതൃത്വത്തില്‍ മലനാടില്‍ നിന്ന് അതിനുള്ള ക്രമീകണങ്ങള്‍ എത്തിച്ചുകൊടുത്തു.
റോയി മാത്യു അച്ചന്റെ ആശ്രമത്തിലും ഇതേ ബുദ്ധിമുട്ടോടെ കടന്നു പോയി. അപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായത്.
റോയി അച്ചനും സിസ്റ്റര്‍മാരും ചേര്‍ന്നു രോഗബാധിതര്‍ക്കൊപ്പം നിന്നു ശുശ്രൂഷ ചെയ്തു. കോവിഡ് പിടിപെട്ടിട്ടും തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ വീഴ്ച വരുത്താന്‍ അവര്‍ തയാറായിരുന്നില്ല.
നല്ലസമറായന്‍ ആശ്രമത്തിലും ഏയ്ഞ്ചല്‍സ് വില്ലേജിലുമെല്ലാം ഇതേ അനുഭവങ്ങള്‍ ഉണ്ടായി. ജിന്‍സ് വാതല്ലുക്കുന്നേല്‍ അച്ചനും ഇതേ അനുഭവം തന്നെ ഉണ്ടായി.
ഈ മൂന്നു ആശ്രമങ്ങളിലേക്കും അനുബന്ധ കേന്ദ്രങ്ങളിലേക്കും മൂന്നു നേരവും മുടങ്ങാതെ കൃത്യമായി ഭക്ഷണം എത്തിച്ചിരുന്നത് മലനാടിലെ കിച്ചനില്‍ നിന്നായിരുന്നു എന്നും ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.