/sathyam/media/media_files/2024/12/27/tURVya7uTHssafXk71ui.jpg)
കോട്ടയം: 2024 വിട വാങ്ങുന്നത് യുഗാന്ത്യം പേറി.. സീതാറാം യെച്ചൂരി, രത്തന്‍ ടാറ്റാ, ശ്രേഷ്ഠ കാതോലിക്ക ബാവാ, സാക്കീര്‍ ഹുസൈന്‍, എം.ടി വാസുദേവന്‍ നായര്‍, ഒടുവില്‍ മന്‍മോഹന്‍ സിങ്ങും.. ഈ വര്‍ഷം രാജ്യത്തിനു നഷ്ടമായത് പകരം വെക്കാനില്ലാത്ത ഒരുപിടി മഹാരഥന്മാരെയാണ്.
ഓരോരുത്തരം ഭാരതത്തിനു നല്‍കിയതു വിലമതിക്കാനാവാത്തത്ര സംഭാവനകളാണ്. ഇന്ത്യയെ കൈപിടിച്ചു നടത്തിയവര്‍ മുതല്‍ ഇന്ത്യയുടെ പ്രശസ്തി ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയവര്‍ വരെ ഇക്കൂട്ടത്തലുണ്ട്.
സീതാറാം യെച്ചൂരി - സെപറ്റംബര്‍ 12
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) വിടവാങ്ങിയത് സെപ്റ്റംബര്‍ 12 നായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാര്‍ശനിക വ്യക്തതയോടെ നിര്‍വഹിച്ച നേതാവായിരുന്നു യെച്ചൂരി.
അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടില്‍ സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു യെച്ചൂരി.
സര്‍വേശ്വര സോമയാജി യെച്ചൂരി - കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചു.
നോക്കിലും നടപ്പിലുമെല്ലാം സൗമ്യനായ യെച്ചൂരി പക്ഷേ, പറയുന്ന വാക്കുകളില്‍ കണിശതപുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ ആശയം വ്യക്തവും നിലപാടുകള്‍ കൃത്യവുമായിരുന്നു.
ജെ.എന്‍.യു കാലമാണ് യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്. പടിപടിയായി ഉയര്‍ന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്ദമായും മികച്ച പാര്‍ലമെന്റേറിയനായും പേരെടുത്തു.
2015 -ലാണ് പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തെരഞ്ഞെടുക്കുന്നത്.
1992 മുതല്‍ പി.ബി അംഗം. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
കമ്യൂണിസ്റ്റ് ധാരയിലെ പ്രായോഗികവാദിയായി വിലയിരുത്തപ്പെടുന്ന യെച്ചൂരിയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരില്‍ പലപ്പോഴും കോണ്‍ഗ്രസും സിപിഎമ്മുമായുള്ള പാലമായി പ്രവര്‍ത്തിച്ചത്.
ഹരികുമാര്‍ - മെയ് 6
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ വിടവാങ്ങിയതു മെയ് ആറിനാണ്. നാല് ദശാബ്ദക്കാലമായി തന്റെ കര്‍മ്മപദത്തില്‍ നിറ സാന്നിധ്യമായിരുന്നു ഹരികുമാര്‍.
അര്‍ബുദ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1981 -ല്‍ പുറത്തിറങ്ങിയ ആമ്പല്‍പ്പൂവ് ആയിരുന്നു ആദ്യ ചിത്രം.
1994ല്‍ എം.ടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ സുകൃതം ആയിരുന്നു ഹരികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയതില്‍ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം.
മമ്മൂട്ടി, ഗൗതമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു.
ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍ എന്നിവയാണ് ഹരികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മറ്റ് പ്രശസ്ത ചിത്രങ്ങള്‍.
രത്തന്‍ ടാറ്റാ - ഒക്‌ടോബര്‍ 9
2024 ന്റെ തീരാ നഷ്ടങ്ങളില്‍ ഒന്നു ഇന്ത്യയില്‍ വ്യവസായ വിപ്ലവം തീര്‍ത്ത രത്തന്‍ ടാറ്റായുടെ വിയോഗമായിരുന്നു.
ഇന്ത്യയില്‍ ഏതു കോണിലും ഏതു വീട്ടിലും ഒരു ടാറ്റ ഉല്‍പന്നമെങ്കിലും കാണും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ടാറ്റ ഉല്‍പന്നം ഉപയോഗിക്കാത്തവര്‍ ഇന്ത്യയിലുണ്ടാവില്ലെന്നു തന്നെ പറയാം.
ഉപ്പു തൊട്ട് സോഫ്റ്റ്‌വെയര്‍ വരെ, ടാറ്റാ ഗ്രൂപ്പ് മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ആറ് ഭൂഖണ്ഡങ്ങളിലായി 100 ലേറെ രാജ്യങ്ങളിലും സാന്നിധ്യം.
ടാറ്റാ ഗ്രൂപ്പ് എന്ന ഇന്ത്യയിലെ ഏറ്റവും വമ്പന്‍ ബിസിനസ് സാമ്രാജ്യത്തെ ഈ മികവുകളിലേക്ക് ഉയര്‍ത്തിയതിന് പിന്നിലെ സുപ്രധാന വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വ്യാവസായിക, വാണിജ്യ മേഖലയുടെ വളര്‍ച്ചയില്‍ ടാറ്റാ ഗ്രൂപ്പ് ഒരു നെടുംതൂണ്‍ തന്നെയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.
രാജ്യാന്തരതലത്തില്‍ കെമിക്കല്‍, വാഹനം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നിങ്ങനെ ഏത് രംഗത്തും ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നതില്‍ എന്നും മുന്‍നിരയിലുള്ള പ്രസ്ഥാനവുമാണ് ടാറ്റാ ഗ്രൂപ്പ്.
1991ല്‍ ജഹാംഗീര്‍ രത്തന്‍ജി ദാദോഭോയ് ടാറ്റ എന്ന ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റാ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ചെയര്‍മാന്‍ പദവിയിലെത്തിയ രത്തന്‍ ടാറ്റ, ടാറ്റാ ഗ്രൂപ്പിനെ കൈപിടിച്ചുയര്‍ത്തിയത് നിരവധി നാഴികക്കല്ലുകളിലേക്കായിരുന്നു.
അദ്ദേഹം ചെയര്‍മാനായ ശേഷം ടാറ്റാ ഗ്രൂപ്പിന്റെ വരുമാനത്തിലുണ്ടായ വളര്‍ച്ച 40 മടങ്ങാണ്. ലാഭം 50 മടങ്ങും ഉയര്‍ന്നു.
ചെയര്‍മാന്‍ സ്ഥാനമേറ്റ രത്തന്‍ ടാറ്റ, ടാറ്റാ ഗ്രൂപ്പിനെ അടിമുടി പരിഷ്‌കരിക്കുകയായിരുന്നു. അതാകട്ടെ, ടാറ്റയെ ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തുകയും ചെയ്തതു.
ശ്രേഷ്ഠ കാതോലിക്ക ബാവാ - ഒക്‌ടോബര്‍ 31
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഈ വര്‍ഷത്തെ നഷ്ടങ്ങളില്‍ ഒന്നാണ്.
പ്രതിസന്ധി ഘട്ടത്തില്‍ സഭയെ ഒരുമിപ്പിച്ചു ചേര്‍ത്തുപിടിച്ച അധ്യക്ഷനായിരുന്നു അദ്ദേഹം.
യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്‍വന്‍ഷനു തുടക്കമിട്ടതും ബാവയാണ്.
സാക്കീര്‍ ഹുസൈന്‍ - ഡിസംബര്‍ 16
തബല മാന്ത്രികന്‍ ഉസ്താദ് അല്ലാ രഖാ സാക്കിര്‍ ഹുസൈന്റെ വിയോഗം സംഗീത പ്രേമികളുടെ തീരാ നഷ്ടമാണ്.
12 -ാം വയസില്‍ തുടങ്ങി ഒടുവില്‍ 73 -ാം വയസ്സില്‍ വിടപറയുമ്പോള്‍ അദ്ദേഹത്തിനും തബലയ്ക്കും സംഗീത ലോകത്ത് ആരാധകരുടെ എണ്ണം താളപ്പെരുക്കം പോലെ പെരുകിപ്പരന്നിരുന്നു.
തബലയെ ആഗോളവേദിയിലേക്ക് ഉയര്‍ത്തിയ ഈ അതുല്യകലാകാരന്‍ തബല മാന്ത്രികന്‍ ഉസ്താദ് അല്ലാ രഖയുടെ മകനാണ്.
നാലു തവണ ഗ്രാമി അവാര്‍ഡ് നേടി. രാജ്യം മൂന്ന് പത്മ അവാര്‍ഡുകളും നല്‍കി ആദരിച്ചു.
പതിനായിരക്കണക്കിന് വേദികളില്‍ താളവിസ്മയം തീര്‍ത്ത സാക്കീര്‍ ഹുസൈന്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടിയ നൂറിലേറെ ആല്‍ബങ്ങളുടെ ഭാഗമായിട്ടുണ്ട്.
ഒട്ടേറെ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സാക്കീര്‍ ഹുസൈന്‍ ഷാജി എൻ. കരുണ്‍ ചിത്രമായ വാനപ്രസ്ഥത്തിലൂടെ മലയാളത്തിലും സാനിധ്യം അറിയിച്ചിട്ടുണ്ട്.
ശ്യാം ബെനഗല്‍ - ഡിസംബര്‍ 23
ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങള്‍ ആവിഷ്‌കരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) വിടവാങ്ങിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.
മുഖ്യധാരാ സിനിമയുടെ കീഴ്വഴക്കങ്ങളില്‍ നിന്നു വ്യത്യസ്തമായി റിയലിസവും സാമൂഹിക പ്രതിബദ്ധതയും ഇഴചേര്‍ന്നതായിരുന്നു ബെനഗലിന്റെ ചലച്ചിത്രങ്ങള്‍.
അങ്കുര്‍ (1974), നിശാന്ത് (1975), മന്ഥന്‍ (1976), ഭൂമിക (1977), മമ്മോ (1994), സര്‍ദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലൂടെ ശ്യാം ബെനഗല്‍ ഇന്ത്യന്‍ ചലച്ചിത്ര വേദിയില്‍ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തി.
കലാമൂല്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നതും അതേസമയം വാണിജ്യപരമായി നേട്ടമുണ്ടാക്കിയതുമാണ് ബെനഗല്‍ സിനിമകള്‍.
ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് അദ്ദേഹത്തിന് 2005ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ചു.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 1976ല്‍ പത്മശ്രീയും 1991ല്‍ പത്മഭൂഷണും നല്‍കി രാജ്യം ബെനഗലിനെ ആദരിച്ചു.
കാന്‍, ബര്‍ലിന്‍ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളില്‍ ബെനഗല്‍ ചിത്രങ്ങള്‍ അംഗീകാരങ്ങള്‍ നേടി.
അനന്ത് നാഗ്, അമരീഷ് പുരി, ഓം പുരി, നസറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീല്‍, രജത് കപൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ബെനഗല്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
വിവിധ വിഭാഗങ്ങളിലായി 18 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു.
എം.ടി. വാസുദേവന്‍ നായര്‍ - ഡിസംബര്‍ 25
മലയാളിയുടെ മനസിൽ കഥകളിലൂടെ ഇതിഹാസക്കോട്ട തീര്‍ത്ത എം.ടി. വാസുദേവന്‍ നായര്‍ വിടവാങ്ങിയത് ക്രിസ്മസ് ദിവസമായിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. 91ാം വയസിലാണ് വിടവാങ്ങിയത്.
എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ എഴുത്തിന്റെ പുണ്യം.
സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം.
കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മതയായിരുന്നു എം.ടിയുടെ പ്രത്യേകത.
ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ശൈഥില്യത്തോടെ തകര്‍ച്ചയിലേക്കുനീങ്ങിയ മരുമക്കത്തായ വ്യവസ്ഥയും നായര്‍ തറവാടുകളും അവിടത്തെ നിസഹായരായ മനുഷ്യരുമാണ് എം.ടിയുടെ ആദ്യകാല രചനകളുടെ പശ്ചാത്തലം.
എക്കാലത്തെയും മനുഷ്യന്റെ ഒറ്റപ്പെടലും പ്രതിഷേധവും അന്തഃക്ഷോഭങ്ങളും വികാരങ്ങളുമെല്ലാമായി ആ ഭാഷാതീക്ഷ്ണത പിന്നീട് മലയാളത്തില്‍ ആളിപ്പടര്‍ന്നു.
'കാലം', 'അസുരവിത്ത്, 'വിലാപയാത്ര', 'മഞ്ഞ്, എന്‍.പി. മുഹമ്മദുമായി ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്, 'രണ്ടാമൂഴം', 'വാരാണസി' തുടങ്ങിയ നോവലുകള്‍.
കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും. എം.ടിയുടെ കരസ്പര്‍ശമേറ്റതെല്ലാം മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.
1984-ലാണ് 'രണ്ടാമൂഴം' പുറത്തുവരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തില്‍ കാണുന്ന 'രണ്ടാമൂഴം' എം.ടിയുടെ മാസ്റ്റര്‍പീസായി വിലയിരുത്തപ്പെടുന്നു.
ഡോ. മന്‍മോഹന്‍ സിങ്ങ് - ഡിസംബര്‍ 26
രാജ്യത്തിന്റെ നഷ്ടങ്ങളുടെ പട്ടികയില്‍ അവസാനം എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്ങിന്‍റേത്.
2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണനയങ്ങളുടെ പതാകവാഹകനായിരുന്നു.
1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി.
പല പ്രധാന പദവികളും ഡോ. സിങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി.
സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സ്വാധീനം അനുസ്മരിക്കപ്പെടും.