/sathyam/media/media_files/2025/01/01/4bHbPRjJPGYXuhqg4JpO.jpg)
കോട്ടയം: ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ ഷര്‍ട്ട് ഊരുന്നത് ആചാരമാണോ ?.. ആരാധനാലയങ്ങളില്‍ ഉടുപ്പൂരിയെ കടക്കാന്‍ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും പൊതു ഇടങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒന്ന്.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സമ്മേളനം ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശനം എന്നതും ശ്രദ്ധേയമാണ്.
ഹിന്ദു ആചാരങ്ങളിലേക്ക് ഉള്ള കടന്നുകയറ്റമായാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് ബി.ജെ.പി അനുകൂലികള്‍ ആരോപിക്കുന്നു.
എന്നാല്‍, ഷര്‍ട്ട് ഊരുന്നത് ആചാരമല്ലെന്നാണ് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ വാദിക്കുന്നത്. കേരളത്തില്‍ മൂന്നു തലമുറകള്‍ക്കു മുന്‍പ് ഷര്‍ട്ടിടുന്ന പതിവുണ്ടായിരുന്നില്ല.
ഇന്നു കാലം മാറി.. വസ്ത്രധാരണ ശൈലി തന്നെ പാടേ മാറി. അപ്പോഴും പണ്ടു പാലിച്ചു പോന്ന കീഴ്‌വഴക്കങ്ങള്‍ തുടര്‍ന്നു പോകുന്നതാണ് ഇത്തരം ആചാരങ്ങള്‍ എന്നുമാണ് ഇടതു കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ദേവാലയ സന്ദര്‍ശനത്തിനു പോകുമ്പോള്‍ ശരീരവും മനസ്സും പരിശുദ്ധവും തികച്ചും ലളിതവുമായിരിക്കണം എന്നത് ആചാരമായിത്തന്നെ പണ്ടുള്ളവര്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
ആഡംബരവേഷവും പൊങ്ങച്ചവുമൊന്നും പ്രകടിപ്പിക്കേണ്ട വേദിയല്ല ദേവാലയങ്ങള്‍. ഈശ്വരനു മുന്നില്‍ നാം ഒന്നുമല്ല എന്ന ബോധ്യം നമുക്കുണ്ടാകണം.
ഏറ്റവും ലളിതമായ വസ്ത്രം ഏറ്റവും വൃത്തിയോടെ ധരിച്ചുവേണം ദേവാലയത്തിലേക്കു പോകാന്‍. അതിന്റെ ഭാഗമായാണു ചില ക്ഷേത്രങ്ങളില്‍ ജീന്‍സ് ധരിച്ച് അകത്തു കടക്കരുതെന്നും മുണ്ടുടുത്തു വേണം ദര്‍ശനം നടത്താനെന്നുമൊക്കെയുള്ള ആചാരമുണ്ടായതെന്നും ഹൈന്ദവ വിശ്വാസികള്‍ പറയുന്നു.
പുരുഷന്മാര്‍ ഷര്‍ട്ടിടുന്നതു പോലും ആഡംബരമാണെന്ന ചിന്തയുണ്ടായിരുന്നു പണ്ട്. അതുകൊണ്ടാണ്, ആഡംബരത്തിന്റേതായ ഷര്‍ട്ട് ധരിച്ച് ക്ഷേത്രപ്രവേശനം പാടില്ല എന്ന വിലക്കു പോലും അന്നുണ്ടായത്.
ആഡംബരവും പൊങ്ങച്ചവും അഹങ്കാരവുമെല്ലാം അഴിച്ചുവച്ച് വിനയത്തിന്റെയും ലാളിത്യത്തിന്റെയും വേഷം തന്നെയാണ് എവിടെയും എപ്പോഴും നമുക്കു നല്ലതെന്നും ഇതാണ് ക്ഷേത്രങ്ങള്‍ പഠിപ്പിക്കുന്നതെന്നും വിശ്വാസികള്‍ പറയുന്നു.
എന്നാല്‍, ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഷര്‍ട്ട് ഊരണണോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് അനുസരിച്ചാകണമെന്നു മുന്‍പ് സ്വാമി ചിദാനന്ദപുരി മുന്‍പ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്.
പക്ഷേ, ക്ഷേത്രത്തില്‍ പോകുമ്പോള്‍ ലളിതമായ വസ്ത്രം ധരിച്ചു വേണമെന്നും അദ്ദേഹം പറയുന്നു. തിരക്കുള്ള ക്ഷേത്രങ്ങളില്‍ വസ്ത്രം ധരിക്കുന്നതാണ് ഉചിതമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ക്ഷേത്രങ്ങില്‍ പുരുഷന്മാര്‍ ഷര്‍ട്ട് അഴിച്ചു മാറ്റുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച വ്യക്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.
ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് ഊരരുതെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് എറണാകുളം പൂത്തോട്ടയില്‍ എസ് എന്‍ ഡി പി ശാഖയുടെ 'ശ്രീനാരായണ വല്ലഭ ഭവനം' പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്ന ചടങ്ങിലാണ് വെള്ളാപ്പള്ളി ഷര്‍ട്ട് ഊരുന്നതിനെതിരെ രംഗത്തു വന്നത്.
പൂണൂല്‍ ധരിച്ചിട്ടുണ്ടോ എന്നറിയാനല്ലേ ഷര്‍ട്ട് ഊരുന്നത്.. എന്നാല്‍, താന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരാതെയാണ് പ്രവേശിക്കുന്നത്, എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അതുകൊണ്ട് തനിക്കിത് വരെ ദേവീകോപം ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.