/sathyam/media/media_files/2025/01/02/4KMIABoUys6xQDSp8t2N.jpg)
കോട്ടയം: മന്നം ജയന്തി സമ്മേളനത്തിലെ ഊര്‍ജം സംസ്ഥാന രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയ്ക്കു ശക്തിപകരുമോ ? വരാനിരിക്കുന്ന ഒന്നര വര്‍ഷം കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുമെന്നതിനുറപ്പായി ചെന്നിത്തലയുടെ പെരുന്ന പ്രസംഗം.
മന്നം ജയന്തി സമ്മേളനം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് കടുപ്പിക്കുമെന്ന സൂചനയാണു നല്‍കുന്നത്. പിണക്കം മറന്ന് രമേശ് ചെന്നിത്തലയും എന്‍.എസ്.എസും ഒന്നിച്ചവേദിയില്‍ ജി.സുകുമാരന്‍ നായര്‍ ചെന്നിത്തലയെ വിശേഷിപ്പിച്ചത് എന്‍.എസ്.എസിന്റെ പ്രീയ പുത്രനെന്നാണ്.
അതില്‍ രാഷ്ട്രീയമില്ലെന്നു ജി. സുകുമാരന്‍ നായര്‍ പറയുമ്പോഴും എന്‍.എസ്.എസിന്റെ പിന്തുണ ചെന്നിത്തലയ്ക്കു ഉണ്ടാകുമെന്ന വ്യക്തമായ സൂചനകള്‍ ഈ വാക്കില്‍ പ്രകടമാണ്.
നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷമാണു രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. പിണക്കം മറന്ന് എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്കു ക്ഷണിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
എന്‍.എസ്.എസിന്റെ പിന്തുണ രമേശ് ചെന്നിത്തലയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള റീ എന്‍ട്രി കൂടിയായാണു വിയിരുത്തപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിഞ്ഞ ചെന്നിത്തല കഴിഞ്ഞ കുറച്ചു നാളുകളായി ദേശീയ രാഷ്ട്രീയത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരം പല സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ചുമതലയും ഇക്കാലയവളില്‍ ചെന്നിത്തല നിര്‍വഹിച്ചിരുന്നു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വരെ ചെന്നിത്തല സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെട്ടിരുന്നില്ല.
എന്നാല്‍, മന്നം സമ്മേളനത്തിലേക്കു ചെന്നിത്തലയെ ക്ഷണിച്ചതോടുകൂടി അത് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഒരു റീ എന്‍ട്രീക്കു സമാനമായ ഇഫക്ട് നല്‍കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സശീനുമായി അത്ര സ്വരചേര്‍ച്ചയില്‍ അല്ല എന്‍.എസ്.എസ്. ഇതിനിടെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ സതീശനു ലഭിക്കുന്ന സ്വീകാര്യതയും ഇരു കൂട്ടരുടെയും ഒത്തുചേരലിലേക്ക് നയിച്ച ഘടകങ്ങളില്‍ ഒന്നാണ്.
ഇതിനിടെ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ചെന്നിത്തലയാണെന്നു പരസ്യമായി പറയുകയും ചെയ്തു. ഇതോടൊപ്പം മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനും ചെന്നിത്തല ശ്രമം നടത്തുന്നുണ്ടെന്നുള്ള സൂചനകളും പുറത്തുവന്നു.
വിവിധ മത വിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നതിനൊപ്പം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാരെ ഒന്നിച്ചു നിര്‍ത്താനും ചെന്നിത്തല ശ്രമം നടത്തുന്നുണ്ട്.
ബെന്നി ബഹന്നാൻ, കെ.സി ജോസഫ്, എം കെ രാഘവൻ തുടങ്ങി യുവ നേതൃനിരയില്‍ നിന്നു ചാണ്ടി ഉമ്മനും ചെന്നിത്തല പക്ഷത്താണെന്ന സൂചനയാണു കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ തനിക്കു പാര്‍ട്ടി ചുമതലകള്‍ നല്‍കിയിരുന്നില്ലെന്നു പറഞ്ഞു രംഗത്തു വന്ന ചാണ്ടി ഉമ്മനെ ചെന്നിത്തല പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസില്‍ വി.ഡി. സീശന്‍ നേതൃത്വം നല്‍കിയ മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനു മിന്നും പ്രകടനം നടത്താൻ സാധിച്ചിരുന്നു. ഇതോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിലും സതീശന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതും.
ഇതോടെ അടുത്ത നിയമസഭാ തെഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭരണം ലഭിച്ചാല്‍ വി ഡി സതീശന്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഏറെയാണ്.
തെരെഞ്ഞടുപ്പിനു മുന്‍പു തന്നെ ഇത്തരം ചര്‍ച്ച സജീവമായത് ചെന്നിത്തല ഗ്രൂപ്പില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍ണായക നീക്കങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.