കോട്ടയം: മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ വൻ ഇടിവ്. ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബിഎആര്‍സി) പുറത്തുവിട്ട വാർത്താ ചാനലുകളുടെ 52-ാം ആഴ്ചയിലെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുളള എല്ലാ വാർത്താ ചാനലുകളുടെയും റേറ്റിങ്ങ് കുത്തനെ കുറഞ്ഞു.
കേരളാ യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിങ്ങ് പോയിൻറിലാണ് ഇടിവുണ്ടായിരിക്കുന്നത്. റേറ്റിങ്ങ് കണക്കാക്കുന്ന മറ്റ് വിഭാഗങ്ങളിലും സമാനമായ ഇടിവ് പ്രകടമാണ്.
റേറ്റിങ്ങിൽ ഇപ്പോഴും ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന് തന്നെ. എന്നാൽ പോയിൻറ് നില 85.9ലേക്ക് വീണു. തൊട്ട് മുൻപുളള ആഴ്ചയിൽ നിന്ന് 7.9 പോയിൻറിൻെറ നഷ്ടമാണ് ഏഷ്യാനെറ്റ് ന്യൂസിന് സംഭവിച്ചിരിക്കുന്നത്.
പോയിൻറ് നില ക്രമാനുഗതമായി കുറയുന്നത് ഏഷ്യാനെറ്റ് ന്യൂസിന് ആശങ്കയുണ്ടാക്കുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുമെന്ന് തോന്നിപ്പിച്ചിരുന്ന റിപോർട്ടർ ടിവിയ്ക്കും പോയിൻറ് നല്ലതോതിൽ ഇടിയുന്നതിനാൽ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസിന് ഇപ്പോൾ വലിയ വെല്ലുവിളിയില്ല.
ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാം സ്ഥാനത്തുളള റിപോർട്ടറിന് 52-ാം ആഴ്ചയിൽ 62.8 പോയിൻറാണ് ലഭിച്ചത്. തൊട്ടുമുൻപുളള ആഴ്ചയിൽ നിന്ന് 8 പോയിൻറിൻെറ കുറവാണ് റിപോർട്ടറിന് ഉണ്ടായിരിക്കുന്നത്.
തൊട്ടുമുൻപുളള ആഴ്ചയിലും റിപോർട്ടറിന് 8 പോയിൻറ് ഇടിവ് സംഭവിച്ചിരുന്നു. രണ്ടാഴ്ചകാലം കൊണ്ട് 16 പോയിന്‍റ് നഷ്ടപ്പെട്ടത് റിപോർട്ടറിന് കനത്ത ആഘാതമാണ്.
കേരളത്തിലെ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകർ തങ്ങൊൾക്കൊപ്പമാണെന്ന അവകാശവാദവുമായി വാർത്താചാനൽ രംഗത്ത് മത്സരിച്ചിട്ടും പോയിൻറ് നില പടിപടിയായി കുറയുന്നത് മാനേജ്മെൻറിന് നാണക്കേടായിട്ടുണ്ട്.
മാനേജ്മെൻറ് ഉൾപ്പെട്ട നിരന്തര വിവാദങ്ങളാണ് റിപോർട്ടറിൻെറ പ്രേക്ഷകപ്രീതി കുറയാൻ കാരണം.
അവതാരകർ വിഷയങ്ങളുടെ മെറിറ്റിന് അപ്പുറം കടന്ന് പ്രകടമായ രാഷ്ട്രീയ പക്ഷപാതിത്വം കാട്ടാൻ തുടങ്ങിയതോടെ വ്യത്യസ്ത പരിപാടിയായി ഉയർത്തിക്കാട്ടിയിരുന്ന മീറ്റ് ദി എഡിറ്ററിൻെറയും സ്വീകാര്യത കുറഞ്ഞു.
ഡോ. അരുൺകുമാറിൻെറ പ്രഭാത പരിപാടിയുടെ പച്ചയിലാണ് റിപോർട്ടർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
എന്നാൽ മൂന്നാം സ്ഥാനക്കാരായ ട്വൻറിഫോർ എപ്പോൾ വേണമെങ്കിലും മുന്നിലേക്ക് എത്താമെന്ന നിലയിൽ തൊട്ടുപിന്നിൽ തന്നെയുണ്ട്. 52-ാം ആഴ്ചയിലെ റേറ്റിങ്ങിൽ മൂന്നാം സ്ഥാനക്കാരായ ട്വൻറി ഫോറിന് 59.3 പോയിൻറ് ഉണ്ട്.
രണ്ടാം സ്ഥാനക്കാരായ റിപോർട്ടറുമായി വെറും 3.5 പോയിൻറ് വ്യത്യാസം മാത്രമേയുളളു.
കേരള വിഷൻ കേബിൾ ടിവി ഓണാക്കിയാൽ ആദ്യം റിപോർട്ടർ ടിവി വരുന്ന സംവിധാനം കൊണ്ടാണ് പോയിൻറ് നിലയിൽ റിപോർട്ടറിന് മെച്ചമുളളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുളള കേരളാ വിഷൻ കേബിളിലെ ഈ സംവിധാനം ഇല്ലായിരുന്നെങ്കിൽ റിപോർട്ടർ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുമായിരുന്നുവെന്ന് ഉറപ്പാണ്.
ട്വൻറി ഫോറിനും തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ 6.3 പോയിൻറ് കുറഞ്ഞിട്ടുണ്ട്. ആദ്യ മുന്ന് സ്ഥാനക്കാർ റേറ്റിങ്ങിൽ അതേ സ്ഥാനം നിലനിർത്തിയെങ്കിലും നാലാം സ്ഥാനത്തെ അട്ടിമറി ഈയാഴ്ചയും ആവർത്തിച്ചിട്ടുണ്ട്.
ഒരു വർഷത്തോളമായി മനോരമ ന്യൂസിന് പിന്നിൽ അഞ്ചാം സ്ഥാനത്തായിരുന്ന മാതൃഭൂമി ന്യൂസാണ് അട്ടിമറി നടത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു പോയിൻറ് വ്യത്യാസത്തിൽ മനോരമ ന്യൂസിനെ മറികടന്ന മാതൃഭൂമി ന്യൂസ് ഈയാഴ്ചയും നാലാം സ്ഥാനം നിലനിർത്തി.
എന്നാൽ ഈയാഴ്ചയും മനോരമയുമായുളള പോയിൻറ് വ്യത്യാസം 1 പോയിൻറ് മാത്രമാണ്. മാതൃഭൂമി ന്യൂസിനും മനോരമ ന്യൂസിനും മുൻ ആഴ്ചയിലേക്കാൾ പോയിൻറ് കുറഞ്ഞിട്ടുണ്ട്.
ഈയാഴ്ചയിലും ജനം ടിവിയാണ് വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ആറാം സ്ഥാനത്തുളളത്. 19.40 പോയിന്റാണ് ജനം ടിവിയുടെ നേട്ടം.
15.11 പോയിന്റുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തും 12.40 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുമുണ്ട്.
7.15 പോയിന്റുമായി മീഡിയാ വണ്ണാണ് ഏറ്റവും പിന്നിലുളളത്. ജനം ടിവി മുതൽ മീഡിയാ വൺ വരെയുളള ചാനലുകൾക്കും പോയിൻറ് ഇടിഞ്ഞു.
ശ്രദ്ധേയമായ വാർത്താ സംഭവങ്ങിളില്ലാതായതോടെയാണ് വാർത്താ ചാനലുകളുടെ പ്രേക്ഷക പ്രീതിയും അതുവഴി റേറ്റിങ്ങും കുറയുന്നതിൻെറ കാരണം.
ടെലിവിഷനിൽ വാർത്താ ചാനലുകളും വിനോദ ചാനലുകളും കാണുന്ന രീതി മാറി മൊബൈലിലോ ലാപ് ടോപിലോ കാണുന്ന ശീലം വ്യാപകമായതും റേറ്റിങ്ങിൽ പ്രതിഫലിക്കുന്നുണ്ട്.