/sathyam/media/media_files/2025/01/03/7AdXqo28MgRq84KiRL0Z.jpg)
കോട്ടയം: പെരിയ ഇരട്ടകൊല കേസില്‍ ഉരുണ്ടുകളിച്ചു സി.പി.എം. കേസില്‍ പോലീസ് കണ്ടുപിടിച്ചതിനപ്പുറം സി.ബി.ഐ. ഒന്നും കണ്ടുപിടിച്ചിട്ടില്ലെന്ന വാദമാണു ശിക്ഷാവിധി വന്നതോടെ സി.പി.എം. ഉയര്‍ത്തുന്നത്.
കേസില്‍ സി.പി.എം. മുന്‍ എം.എല്‍.എ ഉള്‍പ്പടെയുള്ള ശിക്ഷിക്കപ്പെട്ട സംഭവത്തില്‍ പോലീസ് കണ്ടെത്തിയതിനപ്പുറമൊന്നും സി.ബി.ഐ. കണ്ടെത്തിയില്ലെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കോട്ടയത്തു പറഞ്ഞത്.
ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സി.ബി.ഐ കണ്ടെത്തല്‍. ശിക്ഷിക്കപ്പെട്ട മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം അന്വേഷണത്തെ തടസപ്പെടുത്തി എന്നാണ്. യഥാര്‍ഥത്തില്‍ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്.
ഈ വിധി അവസാന വാക്കല്ലെന്നും ഉയര്‍ന്ന കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദന്‍ പഞ്ഞു.
സിപിഎമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച സി.ബി.ഐ നിലപാടിനെ ഫലപ്രദമായി ചെറുക്കും. കേസ് ഏറ്റെടുത്തതുമുതല്‍ സി.പി.എമ്മിനെ ഗൂഢാലോചനയുടെ ഭാഗമാക്കാനായിരുന്നു സി.ബി.ഐ. ശ്രമം.
പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ നടന്ന സംഭവമല്ലെന്ന് അന്നേ സി.പി.എം. വ്യക്തമാക്കിയതാണ്. കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്നു പറയുന്ന പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ ലക്ഷ്യത്തോടെ സി.പി.എമ്മിനെ കേസിന്റെ ഭാഗമാക്കാനായിരുന്നു ശ്രമം. ഇത്തരത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കായുള്ള നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെരിയ കേസില്‍ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് സ്വീകരിച്ച നിലപാട് ശരിയാണെന്നു തെളിയിക്കുന്നതാണു കോടതി വിധിയെന്നു ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചത്. പോലീസ് കണ്ടെത്തിയതിനേക്കാള്‍ കൂടുതലായെന്നും സി.ബി.ഐ. കണ്ടെത്തിയില്ലെന്നും വ്യക്തമാക്കി.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്ത സി.പി.എം പ്രവര്‍ത്തകരായ ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കും ഗൂഡാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം.
മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനുമടക്കം നാലു സി.പി.എം നേതാക്കള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിച്ചത്.
കേസില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമായിട്ടും പ്രതികളെ തള്ളിപ്പറയാന്‍ സി.പി.എം. തയാറല്ല. പെരിയ കൊലക്കേസില്‍ ഉള്‍പ്പെട്ട സി.പി.എമ്മുകാര്‍ക്കെതിരെ അന്നു തന്നെ പാര്‍ട്ടി നടപടിയെടുത്തതായും സി.പി.എം നേതൃത്വം പറഞ്ഞു.
അതേസമയം, പെരിയ കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ടതോടെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന സ്ഥിരം പല്ലവിക്ക് അര്‍ഥമില്ലാതായെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുമായി ആലോചിച്ച് അപ്പീല്‍ പോകുന്നതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി പിന്തുണ നല്‍കും.''ക്രൂരമായ കൊലപാതകമാണു നടന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. കുടുംബം പ്രതികള്‍ക്കു വധശിക്ഷ പ്രതീക്ഷിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കുടുംബങ്ങളുമായി ആലോചിച്ചു ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. മറ്റുള്ളവര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവസരം നല്‍കാത്തതു സിപിഎം രീതിയാണ്.
കൊല്ലപ്പെട്ട 2 ചെറുപ്പക്കാര്‍ക്കും നാട്ടില്‍ പൊതുപ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നുവെന്നു കണ്ടാണ് അവരെ ഇല്ലാതാക്കിയത്''സതീശന്‍ വ്യക്തമാക്കി.