കോട്ടയം: സി.പി.എമ്മില്‍ നിന്നു അകന്നു പോയ ഹൈന്ദവ വിശ്വാസികളെ തിരിച്ചു പിടിക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കു തിരിച്ചടി. ഷര്‍ട്ട് വിവാദം, സനാതന ധർമ പരാമർശം, തുടങ്ങി എന്‍.എസ്.എസിന്റെ നിലപാട് വരെ സി.പി.എമ്മിനു കനത്ത തിരിച്ചടിയാണ്.
ഇപ്പോള്‍ ഷര്‍ട്ട് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നലപാട് തള്ളി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വന്നതും സി.പി.എമ്മിനു ക്ഷീണമായി.
കഴിഞ്ഞ കുറച്ചു നാളുകളായി സി.പി.എം നടത്തുന്ന മുസ്ലീം ന്യൂനപക്ഷ പ്രീണനം സി.പി.എമ്മിനും ഇടതു മുന്നണിയ്ക്കും വന്‍ തിരിച്ചടിയായിരുന്നു.
സി.പി.എമ്മിനു ലഭിച്ചുകൊണ്ടിരുന്ന ഹൈന്ദവ വോട്ടുകള്‍ കൂട്ടമായി ബി.ജെ.പിയിലേക്കു പോവുകയും ചെയ്തു. ഇതോടൊപ്പം ക്രൈസ്തവ വോട്ടുകളും ബി.ജെ.പിയിലേക്കും കോണ്‍ഗ്രസിലുമായി വിഭജിച്ചു. എന്നാല്‍, സി.പി.എം പ്രതീക്ഷിച്ച പോലെ മുസ്ലീം വോട്ടുകള്‍ തിരികെ കിട്ടിയതുമില്ല.
മുസ്ലിം സമുദായത്തില്‍നിന്നു നേരത്തേ നിരുപാധിക പിന്തുണ ലഭിച്ചവരുടെ വോട്ടു സമാഹരിക്കാന്‍ പോലും സി.പി.എമ്മിനായില്ല.
സാമുദായിക ബന്ധമുള്ള ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളില്‍ ശക്തമായ പ്രതികരണം നടത്തുകയും സംസ്ഥാന ഭരണത്തില്‍ മുസ്ലിം വികാരം മാനിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടിനെതിരായ പ്രതികരണമാണു തെരഞ്ഞെടുപ്പില്‍ നിഴലിച്ചതെന്ന വിലയിരുത്തലാണുള്ളത്.
സമസ്തയും മുസ്ലിം ലീഗും തമ്മിലെ പ്രശ്‌നങ്ങളില്‍ മുതലെടുപ്പിനുള്ള പാര്‍ട്ടി ശ്രമം ഗുണത്തേക്കാളേറെ ദോഷം ചെയ്തു. ഇതോടെ എസ്.എന്‍.ഡി.പി. ഉള്‍പ്പടെയുള്ള സംഘടനകള്‍ സി.പി.എമ്മിനെ വിമര്‍ശിച്ചു രംഗത്തു വന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിനു കാരണം സി.പി.എം നടത്തിയ അമിത മുസ്ലീം ന്യൂനപക്ഷ പ്രീണനമാണെന്നാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.
സി.പി.എം കോട്ടയായ ആലപ്പുഴയില്‍ പോലും ബി.ജെ.പി. വന്‍ കുതിപ്പായിരുന്നു നടത്തിയത്.
അപകടം തിരിച്ചറിഞ്ഞ സി.പി.എം കൈവിട്ടുപോയ ഈഴവ സമുദായത്തെ തിരികെയെത്തിക്കാന്‍ മന്ത്രി വി.എന്‍. വാസവനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം സി.പി.എം മുസ്ലീം പ്രീണന നയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയും ജമാഅത്തെ ഇസ്ലാമിയെയോ വിമര്‍ശിച്ചു രംഗത്തു വരുകയും ചെയ്തിരുന്നു.
ആര്‍.എസ്.എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമര്‍ശിച്ചു സംസാരിച്ചാല്‍ അതു ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ല. ആര്‍.എസ്.എസിനേയും എസ്.ഡി.പി.ഐയേയും ജമാഅത്തെ ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണു സി.പി.എം എതിര്‍ക്കുന്നതെന്നാണു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആഴ്ചകള്‍ക്കു മുന്‍പു പറഞ്ഞത്.
പിന്നാലെ ശവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി സനാതന ധര്‍മത്തെക്കുറിച്ചും ക്ഷേത്രത്തില്‍ കയറുമ്പോള്‍ ഷര്‍ട്ട് ഊരുന്നതു സംന്ധിച്ചും നടത്തിയ പ്രസംഗവും തിരിച്ചടിച്ചു.
മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിര്‍ശിച്ചു എന്‍.എസ്.എസ്. മന്നം ജയന്തി സമ്മേളനത്തില്‍ രംഗത്തു വരുകയും ചെയ്തു.
കാലാകാലങ്ങളില്‍ നിലനിന്നു പോകുന്ന ആചാരങ്ങള്‍ മാറ്റിമറിക്കാന്‍ എന്തിനാണു പറയുന്നത്. ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്‍തുണക്കാന്‍ പാടില്ലാത്തതായിരുന്നു.
ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു മുന്നോട്ടുപോകാന്‍ ഹൈന്ദവ സമൂഹത്തിനു അവകാശമുണ്ടെന്നും എന്‍.എസ്.എസ്. പ്രതികരിച്ചു.
യോഗക്ഷേമസഭ ഉള്‍പ്പടെയുള്ള ഹൈന്ദവ സംഘടനകള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് എതിരായി രംഗത്തു വന്നു.
പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ സംബന്ധിച്ചു പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ശിവഗിരിയിലെ വേദിയില്‍ തന്നെ പ്രതികരണം നടത്തി.
സനാതന ധര്‍മം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതന ധര്‍മമെന്നും തീര്‍ഥാടന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവു വി.ഡി. സതീശന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവനെ സനാതന ധര്‍മത്തിന്റെ പേരു പറഞ്ഞു ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കി.
ഇതിനിടെയാണു സ്വന്തം മുന്നണിയിലെ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കൂടി മുഖ്യമന്ത്രിയുടെ വാക്കുകള്‍ തള്ളി പറഞ്ഞത്.