കോട്ടയം: ഭര്‍ത്താവിനോടോപ്പം ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ ബൈക്കില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ വൈക്കം തലയാഴം താലിശേരിയ്ക്കല്‍ വീട്ടില്‍ വര്‍ഗീസിൻ്റെ ഭാര്യ സോഫിക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റല്‍ ട്രിബ്യൂണല്‍ ജഡ്ജ് കെന്നത്ത് ജോര്‍ജ്ജ് ഉത്തരവായി.
2020 ജൂണ്‍ ആറിന് കല്ലറ ജങ്ഷനില്‍ വച്ചാണു അപകടം. ഭര്‍ത്താവ് വര്‍ഗീസിനൊടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിൽ വീണു വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
അപകട സമയം ബൈക്ക് ഓടിച്ച ഭര്‍ത്താവിനും ബൈക്ക് ഇന്‍ഷ്യൂര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരായി ഭാര്യ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റല്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് ഉത്തരവുണ്ടായത്.
ഭര്‍ത്താവിന്റെ അമിത വേഗതയും അശ്രദ്ധയും കൊണ്ടാണ് അപകടം ഉണ്ടായതെന്ന ഹര്‍ജിക്കാരിയുടെ വാദം ശരിയാണന്നു കണ്ടെത്തിയാണു ട്രിബ്യൂണല്‍ ഹര്‍ജി അനുവദിച്ചത്.
ഭര്‍ത്താവിന്റെ ബൈക്കിന്റെ ഇന്‍ഷ്യൂറന്‍സ് കമ്പനി ഹര്‍ജിക്കാരിയായ ഭാര്യക്കു രണ്ടു മാസങ്ങള്‍ക്കകം തുക നല്‍കുവാനും ട്രിബ്യൂണല്‍ ഉത്തരവായിട്ടുണ്ട്. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ. പി.രാജീവ് ഹാജരായി.