പുതുപ്പള്ളി: സ്ഥാനമാനങ്ങള്‍ക്കു വേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതുപ്പള്ളി പള്ളിയില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വിശ്വാസിക്കു നീതിയുടെ വഴിയിലൂടെ അല്ലാതെ നടക്കാന്‍ കഴിയില്ല.
താല്‍ക്കാലിക ലാഭങ്ങള്‍ക്കു വേണ്ടി, സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഒരിക്കലും താന്‍ നീതിയുടെ വഴി ഉപക്ഷേിക്കില്ല. ആ നീതിയുടെ വഴിയേ നടന്ന ഒരാള്‍ ഉറങ്ങുന്ന മണ്ണില്‍ നിന്നുകൊണ്ടാണു ഞാന്‍ ഇതു പറയുന്നത്.
ക്രിസ്തുവിന്റെ ദര്‍ശനം സ്വന്തം ജീവിതത്തിലൂടെ യാഥാര്‍ഥ്യമാക്കിയ പാവപ്പെട്ടവന്റെ കണ്ണീരൊപ്പിയ അവന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരാൾ ഉറങ്ങുന്ന മണ്ണിൽ നിന്നുകൊണ്ടാണു ഞാന്‍ ഇതു പറയുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും സഭ ആണെങ്കിലും നമ്മള്‍ ഇനി എന്താണു ചെയ്യാന്‍ പോകുന്നതെന്നതാണു പ്രധാനമെന്നും അദ്ദേഹം ചൂണിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ സഭകള്‍ പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്കു മാനിഫസ്‌റ്റോ വേണം.
എന്താണു ചെയ്യേണ്ടത്, എങ്ങനെയാണു ചെയ്യേണ്ടത്, അത് ആര്‍ക്കാണു ചെയ്യേണ്ടത് എന്ന മാനിഫസ്‌റ്റോ എല്ലാവര്‍ക്കും ഉണ്ടാകണം. ക്രിസ്തുവിന് ഒരു മാനിഫസ്‌റ്റോ ഉണ്ടായിരുന്നു. നസ്രത്ത് ദേവാലയത്തില്‍ വെച്ചാണ് ഏശയ്യാ പ്രവാചകന്റെ പുസ്തം ഉദ്ധരിച്ചുകൊണ്ട് യേശു തന്റെ മാനിഫസ്‌റ്റോ പറഞ്ഞിരുന്നു.
എന്തിനാണു ദൈവത്തിന്റെ ഏകജാത പുത്രനായി താന്‍ ഈ ലോകത്തേക്കു വന്നത്. അത് ഈ ലോകത്തിന്റെ മോചനത്തിനു വേണ്ടിയാണ്. അവരുടെ പാപങ്ങള്‍ കഴുകികളയാനാണ്. അവരെ നല്ല വഴികളിലൂടെ നടത്താന്‍ വേണ്ടിയാണ്. അവരുടെ സങ്കടങ്ങള്‍ ദുരിതങ്ങള്‍, കഷ്ടപ്പാടുകള്‍ മാറ്റാന്‍ വേണ്ടിയിട്ടാണ്.
തന്റെ ദൗത്യം എന്താണെന്നു കൃത്യമായ വ്യക്തത അദ്ദേഹത്തിനുണ്ടായിരുന്നു. ആ മാനിഫസ്‌റ്റോയാണു കാലിത്തൊഴുത്തില്‍ പിറന്നു വീണതു മുതല്‍ ജീവിതത്തിലൂടെ വാക്കുകളിലൂടെ പ്രവര്‍ത്തിയിലൂടെ ചെയ്തത്. പിന്നീട് വരാനിരിക്കുന്ന തലമുറകള്‍ക്കു മുമ്പില്‍ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നു കൃത്യമായി വരച്ചു വെക്കുകയായിരുന്നു യേശു ചെയ്തത്.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദൈവഹിതം നന്നായി നടപ്പാക്കാന്‍ സാധിക്കണമേ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. ആരാണു സങ്കടപ്പെടുന്നത്, വിഷമിക്കുന്നത്, ആരുടെ കണ്ണിലാണു കണ്ണുനീരുള്ളത്, ആ സങ്കടം മായ്ക്കാന്‍ അവന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ നമ്മള്‍ ചെയ്യുന്നതു തീക്ഷ്ണമായ യജ്ഞത്തിന്റെ പേരാണു വിശ്വാസം, അതാണ് നമ്മുടെ പ്രവര്‍ത്തി, അതാണു ക്രൈസ്തവ ദര്‍ശനമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.