കോട്ടയം: ജില്ലയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കോഴി താറാവ് വളര്‍ത്തല്‍ നിയന്ത്രണം നീട്ടുമോ?. സ്പെ്റ്റംബര്‍ ആദ്യം പുറത്തിറക്കിയ ഉത്തരവു പ്രകാരം ഡിസംബര്‍ 31 വരെയിരുന്നു നിരോധനം.
ജനുവരിയോടെ നിരോധനം അവസാനിച്ചെങ്കിലും പുതിയ നിര്‍ദ്ദേശങ്ങളൊന്നും മൃഗസംരക്ഷണ വകുപ്പു പുറത്തിറക്കിയില്ല. ഇതോടെ നിയന്ത്രണമുണ്ടായിരുന്ന മേഖലകളില്‍ ഇനി മുതല്‍ പക്ഷികളെ എത്തിക്കുകയും വളര്‍ത്തുകയും ചെയ്യാം.
എന്നാല്‍, ദേശാടനപ്പക്ഷികളുടെ മടങ്ങിപ്പോക്ക് പൂര്‍ത്തിയാകുന്നതു വരെ നിയന്ത്രണം തുടരണമെന്ന് പക്ഷിപ്പനിയെക്കുറിച്ചു പഠിച്ച വിദഗ്ധ സമിതി ആവശ്യപ്പെടുന്നുണ്ട്.
ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ നിയന്ത്രണം നീട്ടിയേക്കാമെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ, വകുപ്പ് ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
പക്ഷിപ്പനി വ്യാപനത്തെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയ്ക്കൊപ്പം ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളില്‍ ഡിസംബര്‍ 31 വരെയാണ് പക്ഷിവിപണനവും വളര്‍ത്തലും നിരോധിച്ചിരുന്നത്.
നിയന്ത്രണം അവസാനിച്ചെങ്കിലും പഴയ നിലയിലേയ്ക്ക് കാര്യങ്ങളെത്താന്‍ ഇനിയും സമയമെടുക്കും. പല കര്‍ഷകരും കൃഷി പാടെ ഉപേക്ഷിച്ചു മറ്റു ജീവിത മാർഗങ്ങൾ തേടി പോയി.
നിയന്ത്രണം അവസാനിച്ചതോടെ മാസങ്ങളായി വരുമാനം ഇല്ലാതായ കര്‍ഷകര്‍ക്ക് ഇതോടെ ആശ്വാസമായെങ്കിലും പുനരാരംഭിക്കണമെങ്കില്‍ വന്‍ പണ ചെലവാണെന്ന് ഇവര്‍ പറയുന്നു.
അതേസമയം, ഹാച്ചറികളില്‍ ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ചു പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനാല്‍ ഇപ്പോള്‍ വളര്‍ത്തുന്നതിന് ആവശ്യാനുസരണം കോഴി, താറാവു കുഞ്ഞുങ്ങള്‍ ഈ മേഖലകളില്‍ ലഭ്യമല്ല.
കോട്ടയം, വൈക്കം താലൂക്കുകളിലെ താറാവു കര്‍ഷകരാണ് ഏറെ വലയുന്നത്.
ഫാം പ്രവര്‍ത്തനം നിറുത്തിയത് സാധാരണക്കാര്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കിയത്. ഫാമില്‍ നിന്നു ദിവസങ്ങള്‍ പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്‍ക്കുന്ന നിരവധിപ്പേരുടെ സ്ഥര വരുമാനം കൂടി നിലച്ചു.
കോഴികളെ കൊന്നതും ഫാം പൂട്ടിയതും വരുമാനം പൂര്‍ണമായും നിലച്ചതും ഫാമിനും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്.