Advertisment

പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷന്‍സ് 2025; കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ പോരിനു കളം ഒരുങ്ങുന്നു. എതിര്‍പ്പുള്ള മറ്റു സംസ്ഥാനങ്ങളെ സംഘടിപ്പിച്ചു പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധം ഉയര്‍ത്തി അധ്യാപക സംഘടകളും

വൈസ് ചാന്‍സിലര്‍ നിയമനത്തിലടക്കം ചാന്‍സിലര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള യു.ജി.സിയുടെ പുതിയ മാര്‍ഗരേഖയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കേരളം, തമിഴ്‌നാട് സര്‍ക്കാരുകള്‍. 

New Update
ugc regulations 2025
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പോരിനു കളം ഒരുങ്ങുന്നു. പുതിയ ഡ്രാഫ്റ്റ് യു.ജി.സി റഗുലേഷന്‍സ് 2025 ന് എതിരെ സംസ്ഥാനത്തു വ്യാപക പ്രതിഷേധം ശക്തമാവുകയാണ്. 

Advertisment

ഇതിനോടകം അധ്യാപക സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി രംഗത്തു വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും നിര്‍ദേശങ്ങളില്‍ ആശങ്ക പ്രകടമാക്കിക്കഴിഞ്ഞു. 


വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ അധ്യാപക നിയമനത്തില്‍ വരെ കേന്ദ്ര ഇടപെടലിനു കളമൊരുക്കുന്നതാണു പുതിയ റെഗുലേഷന്‍സ് എന്നതാണു പ്രധാന ആരോപണം. 


ഇതോടെ കേന്ദ്ര സര്‍ക്കാര്‍ അജണ്ടകള്‍ക്ക് യാതൊരു തടസവും ഇല്ല. ഇപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ വഴി സര്‍വകലാശാലകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നു എന്ന ആരോപണം ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് കനത്ത തിരിച്ചടിയാണ്.

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടു കൂടിയാണു പ്രവര്‍ത്തിക്കുന്നത്. 


സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ ഭരണകാര്യത്തിലോ സാമ്പത്തിക സഹായം നല്‍കുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത യുജിസി ഇത്തരം മാര്‍ഗനിര്‍ദേശങ്ങളിലൂടെ സര്‍വകലാശാലകളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുന്നതിനും കേന്ദ്രീകൃതമായ ഭരണസംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന ആരോപണമാണ് ഉയര്‍ന്നു വരുന്നത്.


വൈസ് ചാന്‍സിലര്‍ നിയമനത്തിലടക്കം ചാന്‍സിലര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള യു.ജി.സിയുടെ പുതിയ മാര്‍ഗരേഖയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കേരളം, തമിഴ്‌നാട് സര്‍ക്കാരുകള്‍. 

വിഷയവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും സാധ്യമായ വഴികളിലൂടെ പ്രതിഷേധം സംഘടിപ്പിക്കാനും കേരളാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

യു.ജി.സി പുറത്തിറക്കിയ മാര്‍ഗരേഖ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്രത്തിനു കത്തു നല്‍കി. 


രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്നു മാര്‍ഗരേഖയെ ചോദ്യം ചെയ്തുകൊണ്ടു നിയമപ്രകാരം മുന്നോട്ടു പോകാനാണു സംസ്ഥാനത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു നിയമപ്രകാരം മുന്നോട്ടു പോകാനുള്ള വകുപ്പുതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിയമോപദേശം ലഭിച്ച ശേഷമാകും കോടതി നടപടികളിലേക്കു കടക്കുക. 

സര്‍വകലാശാലകള്‍ക്കു പ്രവര്‍ത്തനഫണ്ടുകളടക്കം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന കേന്ദ്രനയം കണ്‍കറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളിയാണെന്നാണു സര്‍ക്കാര്‍ നിലപാട്.

സര്‍വകലാശാലകളുടെ നിയന്ത്രണം മുഴുവനായും ചാന്‍സിലറുടെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്രത്തിന്റെ നടപടിയാണിതെന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. 


അക്കാദമിക പരിചയമില്ലാത്തവര്‍ സ്ഥാനത്ത് വരുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെ അതു ബാധിക്കുമെന്നും അക്കാദമിക നിലവാരത്തെ തകര്‍ക്കുന്ന നിര്‍ദേശമാണ് യു.ജി.സി പുറത്തിറക്കിയതെന്നും വിമര്‍ശിച്ച് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.


അതേസമയം വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ചാന്‍സിലര്‍ക്കു പരമാധികാരം നല്‍കുന്ന മാര്‍ഗരേഖയ്‌ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രമേയം പാസാക്കിയിരുന്നു.

Advertisment