/sathyam/media/media_files/2025/01/15/45Tenb9TSHSvFebcbRq3.jpg)
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുളള പാട്ടുകളും വീഡിയോകളും ചിത്രീകരണങ്ങളും ഒന്നിന് പിറകെ ഒന്നായി വരുമ്പോൾ വ്യക്തമാകുന്നത് സി.പി.എമ്മിൻെറ നിലപാടുകളിൽ വന്ന മാറ്റം കൂടിയാണ്.
ഒരു കാലത്ത് തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ സ്ഥാനാർത്ഥിയുടെ ചിത്രം വെക്കുന്നതിന് വിലക്കുണ്ടായിരുന്ന പാർട്ടിയാണ് സി.പി.എം.
അവിടെ നിന്ന് ക്രമാനുഗതമായി മാറിയാണ് നേതൃത്വത്തെ സ്തുതിക്കുകയും ചിലപ്പോൾ അമാനുഷനാണെന്ന് വരെ തോന്നിപോകുന്ന പ്രകീർത്തനങ്ങളും ഇറക്കുന്ന സ്ഥിതിയിലേക്ക് എത്തിയത്.
1984ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ച സുരേഷ് കുറുപ്പാണ് പോസ്റ്ററിൽ പടം വെക്കുന്ന 'വിപ്ളവത്തിന്' തുടക്കം കുറിച്ചത്.
അതൊക്കെ കാലാനുസൃതമായ മാറ്റം എന്ന് വിശേഷിപ്പിച്ച് തളളാമെങ്കിലും വ്യക്തിപൂജയെ നഖശിഖാന്തം എതിർത്ത പാർട്ടിക്ക് ഇതെന്ത് പറ്റി എന്ന് ചോദിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ഗാന വിവാദങ്ങൾ.
2001 ൽ പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദൻ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് കേരളമാകെ ആരാധാകരെ സൃഷ്ടിച്ചപ്പോൾ വ്യക്തിപൂജയാണെന്ന് ചൂണ്ടിക്കാട്ടി അച്ചടക്കത്തിൻെറ വാളെടുത്തയാളാണ് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ.
വി.എസ് എത്തുന്നിടത്തൊക്കെ ഉയർന്നിരുന്ന 'കണ്ണേ .. കരളേ..' എന്ന എട്ടുമാറ് പൊട്ടുന്ന മുദ്രാവാക്യങ്ങളെയും സി.പി.എം നേതൃത്വം വ്യക്ത്യാരാധനയുടെ ഗണത്തിലാണ് പെടുത്തിയിരുന്നത്.
വി.എസിന് കൈയ്യടിക്കുന്നവരെയും മുദ്രാവാക്യം മുഴക്കുന്നവരെയും സംശയത്തോടെ വീക്ഷിക്കുന്ന ഭൂതകാലവും സി.പി.എമ്മിന് ഉണ്ടായിരുന്നു.
വി.എസ് അച്യുതാനന്ദൻെറ ചിത്രം വെച്ച് ഫ്ളക്സ് അടിക്കുന്നതിനും വിഭാഗീയത മുറ്റി നിന്ന അക്കാലത്ത് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.
എന്നാൽ 2009 ൽ സാമൂഹ്യ നീതി, സമഗ്ര വികസനം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ നടത്തിയ നവകേരള മാർച്ചിൽ അദ്ദേഹത്തിൻെറ ചിത്രം വെച്ച് ഫ്ളക്സ് അടിച്ചിരുന്നു.
വി.എസ് ഗ്രൂപ്പുകാർ ജാഥയിൽ ആത്മാർഥമായാണോ പങ്കെടുക്കുന്നതെന്ന് ഉറപ്പാക്കാൻ പ്രത്യേക വിഡീയോഗ്രാഫറെ ഏർപ്പെടുത്തിയതായും അക്കാലത്ത് ദിനപത്രങ്ങളിൽ വാർത്ത വന്നിരുന്നു.
ലാവ്ലിൻ കേസിൻെറ ഭാരം കുടഞ്ഞെറിഞ്ഞ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ച് നീക്കം ആരംഭിച്ചത് മുതലാണ് വ്യക്തിപൂജ സംബന്ധിച്ച സി.പി.എം നിലപാടുകളിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത്.
പിണറായിയുടെ ചിരിക്കുന്ന ചിത്രങ്ങൾ വെച്ചുകൊണ്ടുളള പ്രത്യേക ഫ്ളക്സ് ബോർഡുകളാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള രണ്ടാം നവകേരള മാർച്ചിൽ കണ്ടത്.
തിരഞ്ഞെടുപ്പിൽ ജയിച്ച് മുഖ്യമന്ത്രിയായതോടെ പിണറായി വിജയനെ അതിമാനുഷനും ദൈവ സമാനനുമായി ചിത്രീകരിക്കുന്ന ഗാനങ്ങളും പ്രസംഗങ്ങളും ഉണ്ടായി.
എന്നാൽ ഇതൊന്നും വ്യക്തിപൂജയാണെന്ന് കണ്ട് തിരുത്താൻ പാർട്ടി നേതൃത്വം തയാറായില്ല. വ്യക്ത്യാരാധാന സംബന്ധിച്ച പാർട്ടിയുടെ നിലപാടുകളൊന്നും പിണറായിക്ക് ബാധകമല്ലെന്ന തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്.
ഇതിൻെറ ഏറ്റവും നല്ല ഉദാഹരണമായിരുന്നു പാറശാലയിൽ നടന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അരങ്ങേറിയ മെഗാ തിരുവാതിര.
ഈ തിരുവാതിരക്ക് വേണ്ടിയാണ് 'ഇന്നീക്കാണും കേരളഭൂമി.. ലോകമെങ്ങും ശോഭിച്ചീടാൻ.. കാരണഭൂതൻ..' എന്നുതുടങ്ങുന്ന പാട്ട് എഴുതി ചിട്ടപ്പെടുത്തിയത്.
വ്യക്തിപൂജയുടെ കാര്യത്തിൽ പിണറായി വിജയന് ലഭിച്ച ഇളവൊന്നും സി.പി.എമ്മിലെ മറ്റ് നേതാക്കൾക്ക് ഉണ്ടായില്ല. ഏതെങ്കിലും നേതാവ് ഉയരുന്നുവെന്നോ അദ്ദേഹത്തെ ഉയർത്തി കാണിക്കുന്നതിനോ വേണ്ടി ശ്രമം നടക്കുന്നുവെന്നോ സംശയം തോന്നിയാൽ ഉടൻ നടപടി എന്നതാണ് സ്ഥിതി.
കണ്ണൂരിലെ ജനപ്രിയ നേതാവ് പി.ജയരാജൻ തന്നെയാണ് ഇതിൻെറ ഏറ്റവും നല്ല തെളിവ്. ജയരാജനെ പ്രകീർത്തിച്ചുകൊണ്ട് പുറത്തിറങ്ങിയ 'കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, നാടിൻ നെടുനായകനല്ലോ .. പി ജയരാജൻ ധീര സഖാവ് ' എന്ന ഗാനം പാർട്ടി നേതൃത്വത്തെ പ്രകോപിച്ചു.
പി.ജയരാജനെ സംസ്ഥാന കമ്മിറ്റിയിൽ ശാസിച്ചതിന് പുറമേ കണ്ണൂരിലെ എല്ലാ പാർട്ടി ഘടകങ്ങളിലും വ്യക്തിപൂജയ്ക്കെതിരായ തീരുമാനം റിപോർട്ട് ചെയ്യുകയും ചെയ്തു.
പി.ജയരാജനെ അനുകൂലിക്കുന്നവരുടെ പേജായ പി.ജെ ആർമിക്കും റെഡ് ആർമിക്കും എതിരെയും പാർട്ടി അച്ചടക്കത്തിൻെറ വാളോങ്ങി.
എന്നാൽ പിണറായി ക്യാപ്ററനെന്ന് വിശേഷിപ്പിക്കുന്ന പേജുകൾക്കും പ്രസംഗങ്ങൾക്കും ഒരു വിലക്കുമില്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മന്ത്രിയുമായ വി.എൻ. വാസവൻ പിണറായിയെ ദൈവത്തിൻെറ വരദാനമെന്ന് വിശേഷിപ്പിച്ചിട്ടും പാർട്ടി അനങ്ങിയില്ല. അദ്ദേഹത്തിന് സുപ്രധാനമായ ഒരു വകുപ്പ് കൂടി ലഭിക്കുകയും ചെയ്തു.