/sathyam/media/media_files/2025/01/15/OyKO31h5io1a0N2Loets.jpg)
കോട്ടയം: അവസാനം പിടിവാശി ഉപേക്ഷിച്ച് വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നു. ഭേദഗതിയില്‍ വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ തീരുമാനം.
മുന്നണിയിലെ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം), ഇന്‍ഫാം ഉള്‍പ്പടെയുള്ള കര്‍ഷക സംഘടനകളുടെ കടുത്ത നിലപാട്, സീറോ മലബാര്‍ സഭ ഉള്‍പ്പടെ ഉയർത്തിയ കടുത്ത പ്രതിഷേധം എന്നിവയാണ് വനംനിയമ ഭേദഗതിയിൽ സർക്കാർ പിൻമാറ്റത്തിനു കാരണം.
പുതിയ വനംനിയമ ഭേദഗതിക്കു വനം വകുപ്പു നീക്കം നടത്തിയപ്പോള്‍ തന്നെ ഇന്‍ഫാം ദേശീയ അധ്യക്ഷന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ആശങ്ക രേഖപ്പെടുത്തുകയും ഭേദഗതികള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളായി രംഗത്തിറങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിക്ഷേധം ആണുയര്‍ത്തിയത്.
ഭേദഗതിബില്‍ 2024 ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന നിലപാട് ഇന്‍ഫാം സ്വീകരിച്ചു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ എം.എല്‍.എമാര്‍ വിഷയം വിശദമായി പഠിക്കണമെന്നും നിയമസഭയില്‍ ഇതിനെ എതിര്‍ക്കണം എന്നും ആവശ്യം ഉയർത്തി.
കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റും മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയും ചേര്‍ന്ന് 2025 ല്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വനംനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു.
യോഗത്തില്‍ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്‍ഫാം നിവേദനം നല്കി. ഇതോടെ വനംനിയമ ഭേദഗതിക്കെതിരെ പിറ്റേദിവസം പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനം വിളിച്ചു.
ചടങ്ങില്‍ പങ്കെടുത്ത ചീഫ് വിപ്പ് എന്‍. ജയരാജ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് പ്രഖ്യാപിച്ചു. ഇങ്ങനെ ഒരു ബില്‍ വന്നാല്‍ താന്‍ വിപ്പു നല്‍കില്ലെന്നും കര്‍ഷക ജനതയുടെ സംരക്ഷണത്തിനു കേരളാ കോണ്‍ഗ്രസ് എന്നും ഒപ്പമുണ്ടാകുമെന്നു എന്‍. ജയരാജ് നിലപാട് വ്യക്തമാക്കി.
ഇന്‍ഫാം ഭാരവാഹികള്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയോടും പ്രശ്നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കള്‍ അതൃപ്തി അറിയിച്ചു.
വനപാലകര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന വന സംരക്ഷണ നിയമ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പാണു ജോസ് കെ. മാണി എം.പി മുഖ്യമന്ത്രിയെ അറിയിച്ചത്. അന്ന് വനംമന്ത്രി നേരിട്ടു മന്ത്രി റോഷി അഗസ്റ്റിനെ വിമര്‍ശിച്ചപ്പോള്‍ ജോസ് കെ മാണി നിലപാട് കടുപ്പിച്ചു.
ഇതോടെ വിവാദ ഭേദഗതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ മലയോര ജനതയുമായി ബന്ധപ്പെട്ടു വിഷയത്തില്‍ യുഡിഎഫും ഇടപെട്ട് സമരം പ്രഖ്യാപിച്ചിരുന്നു.
ഇത് സര്‍ക്കാരിനെതിരായ വലിയ രാഷ്ട്രീയ വിഷയമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി കൂടിയാണ് നിയമഭേദഗതി നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മറ്റന്നാള്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് ബില്‍ അവതരിപ്പിക്കില്ല. വിവാദമായ ഭേദഗതികള്‍ മാറ്റി വീണ്ടും ചര്‍ച്ചകള്‍ നടത്തി അടുത്ത സഭാസമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണു സര്‍ക്കാര്‍ ആലോചന.