/sathyam/media/media_files/2025/01/22/cUoBdWYWjOTPVJnn4qOD.jpg)
കോട്ടയം: തമ്മില്‍ കണ്ടാല്‍ മിണ്ടില്ല.. അഴിമതിയും കെടുകാര്യസ്ഥതയും തുടര്‍കഥയായ കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും തമ്മിലുള്ള പോരും ചര്‍ച്ചായാകുന്നു.
നഗരാസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉപാധ്യക്ഷന്‍ ബി. ഗോപകുമാറും തമ്മിലുള്ള പോരാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇരുവരുടെയും പോര് ഉദ്യോഗസ്ഥര്‍ മുതലെടുക്കുന്നു എന്ന ആരോപണവും ഉണ്ട്. ഇരുവരും നേര്‍ക്കുനേര്‍ കണ്ടാല്‍ പോലും മിണ്ടില്ലെന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നു.
നഗരസഭയിലെ ഭരണം രണ്ട് തട്ടിലാണ്. ബി. ഗോപകുമാര്‍ നേതൃത്വം നല്‍കുന്ന ഒരു വിഭാഗവും ബിന്‍സി സെബാസ്റ്റ്യനും എം.പി സന്തോഷ് കുമാറും നേതൃത്വത്തിലുള്ള സംഘവും. ബിന്‍സി സെബാസ്റ്റ്യന് നഗരസഭയില്‍ പിന്തുണ നല്‍കുന്നത് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണെന്നും മറു വിഭാഗം ആരോപിക്കുന്നു.
മൂന്നു പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട നഗരസഭാ ഭരണത്തിന്‍ കീഴില്‍ ഒരോ ദിവസവും ഓരോ ആരോപണങ്ങളാണു പുറത്തേക്കു വരുന്നത്.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനോ ഭരണം നടപ്പാക്കാനോ നഗരസഭയ്ക്കാകുന്നില്ല. പദ്ധതി തുക 14.56 % മാത്രമാണ് ചെലവഴിക്കാനായത്.ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചു കഴിഞ്ഞു.
അപ്പോഴും പരസ്പരം പഴിചാരാനും തമ്മിലടിയുമായി നഗരസഭ മുന്നോട്ടു പോവുകയാണ്. ആദ്യം മൂന്നരക്കോടി രൂപയുമായി നഗരസഭയിലെ ക്ലര്‍ക്ക് സ്ഥലം വിട്ടു. പിന്നാലെ, നഗരസഭയിലെ 211 കോടി രൂപയുടെ വന്‍ തട്ടിപ്പിന്റെ കണക്കുകള്‍ ഓഡിറ്റ് വിഭാഗം പുറത്തു വിട്ടു.
കോടികളുടെ തട്ടിപ്പുകളുടെ കണക്ക് പുറത്ത് വന്നതിന് പിന്നാലെ മുന്‍ വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും അടക്കം നല്‍കിയിരുന്ന ബജറ്റ് ഗിഫ്റ്റിന്റെ പേരില്‍ പണപ്പിരിവ് നടന്നതായി ആരോപിച്ച് വിജിലന്‍സില്‍ പരാതിയും ലഭിച്ചു.
ഇതും ഗ്രൂപ്പ് പോരിന്റെ ഭാഗമാണിതെന്നും ആരോപണം ഉയരുന്നുണ്ട്. നേരത്തെ രഹസ്യമായി നടന്നിരുന്ന ഗ്രൂപ്പ് പോര് ഇപ്പോള്‍ പരസ്യമായി മാറി.