കോട്ടയം: എം.ജി സര്‍വകലാശാലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റും. എം.ജി സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് സ്ഥാപിക്കാനുള്ള ധാരണാപത്രം മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സാന്നിധ്യത്തില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും സര്‍വകലാശാലയും കൈമാറി.
എം.ജി സര്‍വകലാശാലയ്ക്കു പുറമേ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലും സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നുണ്ട്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് ഇന്നവേഷന്‍ (കെ.ഐ.എസ്.ടി.ഐ) എന്ന പേരിലാണ് എം.ജി സര്‍വകലാശാലയിലെ കേന്ദ്രം സ്ഥാപിക്കുക.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തില്‍ എത്തിക്കാന്‍ സ്ഥാപിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്നാണിത്.
കേരള സര്‍ക്കാരിന്റെയും കേരളത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സംരംഭമായിട്ടാണ് ഈ കേന്ദ്രത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
വിപുലമായ ശാസ്ത്രഗവേഷണത്തിനുള്ള പ്രധാന അന്തര്‍ദേശീയ കേന്ദ്രം വികസിപ്പിക്കുകയാണ് ഇതുവഴി.
സുസ്ഥിര ഇന്ധനങ്ങള്‍, മാലിന്യ സംസ്‌കരണം, നാനോ ടെക്നോളജി, അഡ്വാന്‍സ്ഡ് മെറ്റീരിയലുകള്‍, സിസ്റ്റംസ് ബയോളജി, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, എനര്‍ജി എന്‍ജിനീയറിങ്ങ് തുടങ്ങി സമകാലീന വിഷയമേഖലകളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കും.
കേരളത്തിന്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്കും ആഗോള നിലവാരത്തിലുള്ള ഗവേഷണ-വിദ്യാഭ്യാസ സാധ്യതകള്‍ക്കും വേണ്ടിയുള്ള മികച്ച ഗവേഷണ കേന്ദ്രമായി കെ.ഐ.എസ്.ടി.ഐ മാറുമെന്ന് മന്ത്രി പറഞ്ഞു..
കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് എന്ന പേരിലാണ് മലയാള സര്‍വകലാശാലയില്‍ കേന്ദ്രം ആരംഭിക്കുക. ഭാഷാവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക വൈവിധ്യം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നതാണ് കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്.
കേരളത്തിലെ പ്രാദേശികഭാഷകളുടെയും മറ്റു ഇന്ത്യന്‍, ആഗോള ഭാഷകളുടെയും പഠന-ബോധന പ്രക്രിയ മെച്ചപ്പെടുത്താനും, നവീന പഠനരീതികളും സാങ്കേതികവിദ്യകളും അന്തര്‍വിഷയ ഗവേഷണവും ആവിഷ്‌കരിച്ച് കേരളത്തെ ഭാഷാമികവിന്റെ ആഗോള കേന്ദ്രമായി മാറ്റാനും ഇതിലൂടെ സാധിക്കും.