മാലിന്യങ്ങള്‍ നീക്കി കോട്ടയത്തെ മനോഹരമാക്കും; ജില്ലയിലെ പാതയോരങ്ങള്‍ സൗന്ദര്യവത്കരിക്കാന്‍ നടപടി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
kottayam Untitledins

കോട്ടയം: മാലിന്യങ്ങള്‍ നീക്കി കോട്ടയത്തെ മനോഹരമാക്കും. ജില്ലയിലാകെയുള്ള പാതയോരങ്ങളും പുഴയോരങ്ങളും സൗന്ദര്യവത്കരിക്കുന്നതിനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പദ്ധതിയിടുന്നത്. വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ടത്തില്‍ മനോഹരമാക്കും. 

Advertisment

മാലിന്യം നീക്കി പൂന്തോട്ടങ്ങളൊരുക്കാനാണ് ലക്ഷ്യമിടുന്നത്.  ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ നഗരസഭാ അധികൃതരുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം  കളക്ട്രേറ്റില്‍ നടന്നു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. 

വിവിധ മത, സാമുദായിക സംഘടനാ പ്രതിനിധികളുമായും മാധ്യമ സ്ഥാപന പ്രതിനിധികളുമായും അടുത്ത ഘട്ടത്തില്‍ ചര്‍ച്ച നടത്തും. മാര്‍ച്ചില്‍ ജില്ലയിലെല്ലായിടത്തും ഒരേദിവസം പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകള്‍, പുഴകള്‍, കുളങ്ങള്‍, പ്രധാന നഗരകേന്ദ്രങ്ങള്‍, മീഡിയനുകള്‍, റൗണ്ട് എബൗട്ടുകള്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കി നല്‍കാന്‍ കളക്ടര്‍ നഗരസഭാ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.

യോഗത്തില്‍ കോട്ടയം നഗരസഭ അധ്യക്ഷ  ബിന്‍സി സെബാസ്റ്റ്യന്‍, പാലാ നഗരസഭ അധ്യക്ഷന്‍ ഷാജു വി. തുരുത്തന്‍, വൈക്കം നഗരസഭ അധ്യക്ഷ  പ്രീതാ രാജേഷ്, ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, വ്യാപാരിസംഘടനകളുടെ പ്രതിനിധികളായ ജോര്‍ജ് തോമസ്, ജോസ് പോള്‍,എം.കെ. സുഗതന്‍, ബിപിന്‍ തോമസ്, എ.കെ.എന്‍. പണിക്കര്‍, പി.എ. അബ്ദുള്‍ സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment