Advertisment

സസ്‌പെന്‍സുകള്‍ ഇല്ല. ബിജെപി കോട്ടയം വെസ്റ്റ് ഈസ്റ്റ് സംഘടനാ ജില്ലകളുടെ അധ്യക്ഷന്‍മാരായി ലിജിന്‍ ലാലും റോയി ചാക്കോയും ഇന്നു ചുമതലയേൽക്കും. റോയി ചാക്കോയെ ഉള്‍പ്പെടുത്തിയത് ക്രിസ്ത്യന്‍ പ്രസിഡന്റ് വേണമെന്ന നേതൃത്വത്തിന്റെ ആഗ്രഹപ്രകാരം

പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കാന്‍ കോട്ടയം ജില്ലയെ കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നത്.

New Update
lijin lal and roy chacko

കോട്ടയം: ബിജെപി സംഘടന ജില്ലകളായ വെസ്റ്റ് ഈസ്റ്റ് ജില്ലകളുടെ അധ്യക്ഷന്‍മാരായി ലിജിന്‍ ലാലും റോയി ചക്കോയും ഇന്നു ചുമതലയേൽക്കും.

Advertisment

വെസ്റ്റ് ജില്ലാ അധ്യക്ഷനായി നിലവിലെ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലും ഈസ്റ്റ് ജില്ലാ അധ്യക്ഷനായി റോയി ചക്കോയും ജില്ലാ വരണാധികാരി മുന്‍പാകെ നാമനിര്‍ദേശം നല്‍കിയിരുന്നു.


ആരാകും അടുത്ത ബിജെപി കോട്ടയം സംഘടാനാ  ജില്ലാ പ്രസിഡന്റുമാര്‍ എന്നത് ഏറെ ആകാംഷ നിറഞ്ഞതായിരുന്നു.


കഴിഞ്ഞ ജനുവരി 13ന് സംഘടനാ തെരഞ്ഞെടുപ്പട് കഴിഞ്ഞെങ്കിലും പ്രസിഡന്റുമാരെ തെരഞ്ഞെടുത്തിരുന്നില്ല. 


സമവായത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവരും പ്രസിഡന്റ് സ്ഥാനത്ത് എത്താനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും സസ്‌പെന്‍സുകള്‍ ഒന്നുമില്ലാതെ ലിജിന്‍ ലാലും റോയി ചാക്കോയെയും പാര്‍ട്ടി തീരുമാനിക്കുകയായുന്നു.


പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കാന്‍ കോട്ടയം ജില്ലയെ കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നത്.

പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കോട്ടയം വെസ്റ്റില്‍ നിലവിലെ പ്രസിഡന്റ് ലിജിന്‍ ലാലും കടുത്തുരുത്തിയില്‍ നിന്നുള്ള പി. ബിജുകുമാറും തമ്മിലായിരുന്നു സംഘടനാ തെരഞ്ഞെടുപ്പിലെ മത്സരം.

ആകെ 35 വോട്ടര്‍മാരാണ് ഇവിടെയുണ്ടായത്. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കോട്ടയം ഈസ്റ്റില്‍ വി.സി. അജികുമാറും റോയി ചാക്കോയും തമ്മിലായിരുന്നു മത്സരം. ഇവിടെ ആകെ 48 വോട്ടര്‍മാരാണുള്ളത്.  


കോട്ടയം ജില്ലയുടെ പ്രത്യേക സാഹചര്യത്തില്‍ ഇരു മണ്ഡലങ്ങളില്‍ ഒന്നില്‍ ക്രിസ്ത്യന്‍ പ്രസിഡന്റ് വേണമെന്നു നേതൃത്വത്തിന് ആഗ്രഹമുണ്ട്. 


ക്രൈസ്തവ വിഭാഗവുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നും നേതൃത്വം കരുതുന്നുണ്ട്. കേന്ദ്ര മന്ത്രിയായി കോട്ടയത്തു നിന്നുള്ള ജോര്‍ജ് കുര്യനെ തെരഞ്ഞെടുക്കുന്നതിലും ക്രൈസ്തവ ഫാക്ടര്‍ ഉണ്ടായിരുന്നു.

ഈ ട്രെന്‍ഡ് തുടരാനും സാധിക്കും. ഈസ്റ്റില്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഷോണ്‍ ജോര്‍ജിന്റെ പേര് നേതൃത്വം പരിഗണിച്ചിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വത്തിലേക്കു പോകാനായിരുന്നു ഷോണിനു താത്പര്യം.


ഇതോടെ കോട്ടയം ഈസ്റ്റിലേക്ക് മത്സരിച്ച റോയി ചാക്കോയെ തന്നെ പ്രസിഡൻ്റായി തെരഞ്ഞെടുക്കുകയായിരുന്നു.


ഇന്ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ഇരുവരും ജില്ലാ പ്രസിഡന്റുമാരായി ചുമതലയേല്‍ക്കും.കോട്ടയം വെസ്റ്റ് മണ്ഡലം പ്രസിഡന്റുമാരായി അഭിലാഷ് ശ്രീനിവാസന്‍(കുമരകം), സുമേഷ് കൊല്ലേരിയില്‍(തലയോലപ്പറമ്പ്) എന്നിവരെയും കോട്ടയം ഈസ്റ്റ് മണ്ഡലം പ്രസിഡന്റുമാരായി ടിന്റു മനോജ്(പുതുപ്പള്ളി), വൈശാഖ് എസ് നായര്‍(കാഞ്ഞിരപ്പള്ളി), ടി.എസ് വിമല്‍കുമാര്‍(മുണ്ടക്കയം) എന്നിവരെയും തെരഞ്ഞെടുത്തിരുന്നു.

Advertisment