ഏറ്റുമാനൂർ: ഏറ്റുമാനൂർ നൂറ്റൊന്ന് കവലയിലെ പെട്രോൾ പമ്പിൽ കവർച്ച. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ബുള്ളറ്റിൽ എത്തിയ മൂന്നംഗ സംഘം ആണ് മോഷണം നടത്തിയത്.
പമ്പിൻ്റെ ഓഫീസിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപ നഷ്ടമായിട്ടുണ്ട്. ഏറ്റുമാനൂർ നൂറ്റൊന്ന് കവലയിൽ പ്രവർത്തിക്കുന്ന ഊനാട്ട് ഫ്യൂവൽസിലാണ് മോഷണം നടന്നത്.
രാത്രി ഒരു മണിയോടെ കോട്ടയം ഭാഗത്ത് നിന്ന് ബുള്ളറ്റ് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം പമ്പിനുള്ളിൽ കയറിയ ശേഷം ഗ്ലാസ് ഡോർ ബലം പ്രയോഗിച്ച് അകത്തിയാണ് ഉള്ളിൽ കടന്നത്.
തുടർന്ന്, പമ്പിനുള്ളിൽ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ബുള്ളറ്റിൽ തന്നെ കയറി കോട്ടയം ഭാഗത്തേയ്ക്ക് ഓടിച്ച് പോയി. പമ്പ് ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
പെട്രോൾ പമ്പുകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിലും മോഷണങ്ങളിലും സർക്കാർ കർശന ഇടപെടൽ നടത്തണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് ആവശ്യപ്പെട്ടു.