കോട്ടയം: നാലു വർഷം കൊണ്ട് നാലിൽ ഒന്ന് ശതമാനം പുരോഗതി, സംസ്ഥാനത്തെ നിലാവ് പദ്ധതി ഇരുട്ടിൽ.
വൈദ്യുതി ലാഭിക്കുന്നതിനായി ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചുകൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നിലാവ് പദ്ധതി തുടക്കം മുതൽ അടിമുടി അവതാളത്തിലാണ്.
സർക്കാരും കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിഫ്ബി സഹായത്തോടെ നടപ്പാക്കിയ പദ്ധതിയെ എൽ.ഇ.ഡി ബൾബുകളുടെ നിലവാരക്കുറവും വിതരണ ഏജൻസികളുടെ നിസഹകരണവുമെല്ലാം ഒന്നു ചേർന്ന് തകർക്കുകയാണ്.
പത്തര ലക്ഷം പഴയ ബൾബുകൾ മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 3, 60,976 എണ്ണം മാത്രമാണ് ഇതുവരെ മാറ്റിയത്.
എന്നാൽ, ഇതിനായി മാറ്റി വച്ച തുകയുടെ 84 ശതമാനവും ചെലവായി. 289.82 കോടി രൂപയിൽ 243 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂറായി നൽകുകയായിരുന്നു.
വൈദ്യുതി ബോർഡിന്റെ സർവേയുടെ അടിസ്ഥാനത്തിലാണ് എൽ.ഇ.ഡി ബൾബുകൾ ഇടാൻ തീരുമാനിച്ചത്.
60 ലക്ഷം വൈദ്യുതി തൂണുകളാണ് ബോർഡിനുള്ളത്. 16.24 ലക്ഷത്തിന്റെ തെരുവുവിളക്ക് സ്ഥാപിച്ചിരുന്നു. ഇതിൽ 10.5 ലക്ഷം തൂണുകളിലെ പഴയ ബൾബുകൾ മാറ്റി എൽഇഡി ഇടാനായിരുന്നു പദ്ധതി.
2021 ഫെബ്രുവരിയിലാണ് നിലാവ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പദ്ധതിക്കായി അഞ്ച് ലക്ഷത്തോളം എൽ.ഇ.ഡി ബൾബുകളാണെത്തിച്ചത്. 3,60,976 എണ്ണം മാത്രമാണ് മാറ്റിയിട്ടത്. അതിൽ 73,922 എണ്ണം കേടായി. പക്ഷേ,നന്നാക്കിയത് 13,694 എണ്ണം മാത്രം.
പദ്ധതിപ്രകാരം ഏഴുവർഷ വാറന്റി കാലയളവിൽ കേടാകുന്ന എൽ.ഇ.ഡി ലൈറ്റുകൾ മാറ്റാൻ അഞ്ച് ശതമാനം കരുതൽ സ്റ്റോക്ക് (ബഫർ) ലഭ്യമാക്കണം.
എന്നാൽ കെ.എസ്.ഇ.ബി.യുടെ സ്റ്റോറുകളിൽ എവിടെയും നിലവിൽ സ്‌റ്റോക്കും ഇല്ല. കേടായ ബൾബുകൾ കെ.എസ്.ഇ.ബി ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണിപ്പോൾ.
തെരുവ് വിളക്കുകൾ മാറ്റി എൽ.ഇ.ഡി സ്ഥാപിച്ച റോഡുകൾ ഭൂരിഭാഗവും ഇരുട്ടിലാണ്. ഇതിനെതിരേ ജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വലിയ പ്രതിഷേധത്തിലാണ്.
പല തദ്ദേശസ്ഥാപനങ്ങളും പദ്ധതിയിൽ നിന്ന് പിന്മാറി. കേന്ദ്ര ഊർജവകുപ്പിന് കീഴിലുള്ള പൊതുസ്വകാര്യസംരംഭമായ ഇ.ഇ.എസ്.എല്ലിന് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെ.എസ്.ഇ.ബി കരാർ നൽകിയതെന്ന് തുടക്കത്തിലെ ആരോപണമുണ്ടായിരുന്നു.
തദ്ദേശീയമായ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പരിഗണിക്കണമെന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി നിഷ്‌ക്കർഷ നിലനിൽക്കുമ്പോഴാണിത്.
ടെൻഡർ തുക കൂടിയാലും സംസ്ഥാനത്തിലെ സ്ഥാപനങ്ങളെ പരിഗണിക്കുമെന്ന ധനകാര്യ വകുപ്പ് ഉത്തരവും തള്ളിക്കളഞ്ഞാണ് കെ.എസ്.ഇ.ബി ഇ.ഇ.എസ്.എല്ലിന് കരാർ നൽകിയത്