Advertisment

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ വിപ്ലവം. നേട്ടം കേന്ദ്ര സര്‍ക്കാരും റബര്‍ബോര്‍ഡും നടത്തിയ നീക്കങ്ങളുടെ ഫലം. കേരളത്തിൽ ടാപ്പിങ് നിലച്ച റബർ തോട്ടങ്ങളും വർധിക്കുന്നു

മികച്ച ഉൽപാദനം തരുന്ന, തടിവണ്ണം കൂടുതലുള്ള ആർആർഐഐ 417 എന്ന ഇനം ഈ മേഖലകളിൽ കൂടുതലായി കൃഷി ചെയ്യാൻ റബർ ബോർഡ് നിർദേശിച്ചിരിക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
rubber plantation

കോട്ടയം: റബർ ഉൽപ്പാദനത്തിൽ കേരളം കിതക്കുമ്പോൾ വടക്കു കഴിക്കൻ സംസ്ഥാനങ്ങൾ ഉൽപ്പാദനം വർധിപ്പിക്കുകയാണ്. 

Advertisment

റബർ ഉൽപ്പാദനം വടക്കു കഴിക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാരും റബർബോർഡും ശ്രമിക്കുന്നതിന്റെ ഭാഗമായി നൽകിയ പ്രോത്സാഹനമാണ് ഇപ്പോൾ ഫലം കണ്ടത്.


കൃഷി ചെലവിന് ആനുപാതികമായി റബറിന് വില ലഭിക്കാതായതും 10 വർഷത്തിലേറെയായി റബർ വില സ്ഥിരമായി കുത്തനെ ഇടിഞ്ഞതുമാണ് റബർ ഉത്പാദനത്തിൽ കേരളം പിന്നിലാകാൻ കാരണം.


റബർ ബോർഡ് ഏറ്റവും അവസാനം പുറത്ത് വിട്ട കണക്ക് പ്രകാരം 2013-14ൽ  കേരളത്തിൽ 5,48,225 ഹെക്ടറിലാണ് റബർ കൃഷിയുണ്ടായിരുന്നത്. 10 വർഷം കഴിഞ്ഞ് 2023-24ൽ എത്തുമ്പോൾ കേരളത്തിൽ റബർ കൃഷി 5,48,300 ഹെക്ടറിൽ മാത്രമാണ്.

വെറും 75 ഹെക്ടർ പ്രദേശം മാത്രമാണ് റബർ കൃഷി ഭൂമിയുടെ കാര്യത്തിൽ വർധിച്ചത്. ഇതിൽ നല്ലൊരു ശതമാനം റബർ തോട്ടങ്ങളിലും ടാപ്പിങ്ങ് ഉപേക്ഷിച്ചവയാണെന്നതാണ് മറ്റൊരു വസ്തുത.


അതായത് കഴിഞ്ഞ 10 വർഷത്തിനിടയിൽ റബർ കൃഷി അങ്ങേയറ്റം ആദയകരമല്ലാതായി എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഈ കണക്കുകൾ.  ത്രിപുരയിൽ വൻ മുന്നേറ്റമാണ് റബർ കൃഷിയിൽ ഉണ്ടായിരിക്കുന്നത്.


10 വർഷം മുമ്പ് 2013-14 ത്രിപുരയുടെ റബർ കൃഷി ഭൂമി വിസ്തൃതി 71,370 ഹെക്ടറായിരുന്നു. ഇത് ക്രമേണ  വർധിച്ച് 2023-24ൽ എത്തുമ്പോൾ 1,10,500 ഹെക്ടറായി.

മറ്റൊരു വടക്കു കിഴക്കൻ സംസ്ഥാനമായ ആസമിൽ 2013-14 വർഷത്തിൽ കൃഷി ഭൂമി വിസ്തൃതി 47,945 ഹെക്ടറായിരുന്നു. 2023-24 ൽ അത് 79,600 ഹെക്ടറായി ഏകദേശം ഇരട്ടിയുടെ വർധനയാണ്.

മികച്ച ഉൽപാദനം തരുന്ന, തടിവണ്ണം കൂടുതലുള്ള ആർആർഐഐ 417 എന്ന ഇനം ഈ മേഖലകളിൽ കൂടുതലായി കൃഷി ചെയ്യാൻ റബർ ബോർഡ് നിർദേശിച്ചിരിക്കുകയാണ്. ഇതിനായി ബഡ് കമ്പ് നഴ്‌സറികളിൽ ഈ ഇനത്തിന്റെ ഉൽപാദനവും വർധിപ്പിച്ചു.


വടക്കുകിഴക്കൻ മേഖലയിൽ സാധാരണയായി പത്തുവർഷം വേണം വെട്ടിത്തുടങ്ങാൻ. എന്നാൽ 417 ഇനം വച്ചാൽ ഏഴാം വർഷം വെട്ടിത്തുടങ്ങാം. മരം ഒന്നിന് പ്രതിവർഷം ഒരു കിലോഗ്രാം കൂടുതൽ പാൽ ഉൽപാദനം ഉണ്ടാകുന്നു.


വരും നാളുകളിൽ കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പക്കാനാണ് റബർ ബോർഡ് ശ്രമിക്കുന്നത്. അപ്പോഴും റബറിന്റെ വിലതകർച്ച മറികടക്കാൻ  ഇറക്കുമതി നിയന്ത്രണത്തിനു റബർബോർഡും കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ല.


രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പ്രകൃതിദത്ത റബറിന്റെ 70 ശതമാനവും ടയർ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. 


റബറിന്റെ ലഭ്യത കുറഞ്ഞതിനൊപ്പം അസംസ്‌കൃത വസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ തങ്ങൾ പ്രതിസന്ധിയിലായെന്നു ടയർ കമ്പനികൾ പറയുന്നു. ഇതു മറികടക്കാൻ റബർ ഇറക്കുമതി വർധിപ്പിക്കാനാണ് ടയർ കമ്പനികളുടെ ശ്രമം.

Advertisment