കോട്ടയം: റേഷൻ വ്യാപാരികളുടെ സമരം അവസാനിച്ചിട്ടും റേഷൻ കിട്ടാതെ വലഞ്ഞ് ജനം. റേഷൻ വാങ്ങാൻ അരിയുള്ള റേഷൻ കടകൾ തേടി നടക്കേണ്ട ഗതികേടിലാണു ജനം.
വതിൽപ്പടി വിതരണക്കാരുടെ സമരം നീണ്ടുപോയതാണ്. പ്രതിസന്ധി രൂക്ഷമാക്കിയത്. റേഷൻ ചോദിച്ചു വരുന്ന ആളുകളെ നിരാശയോടെ മടക്കി അയക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. ഇതു വ്യാപാരികൾക്കും നഷ്ടമുണ്ടാക്കുന്നു.
പല തണവ റേഷൻ ചോദിച്ചു വന്നു നിരാശരായി മടങ്ങുന്നവർ പൊതു വിപണിയിൽ നിന്നു അരി വാങ്ങാൻ നിർബന്ധിതരാവുകയാണ്.
അരിക്കായി സിവിൽ സപ്ലൈസ് ഓഫീസിലും ഗോഡൗണിലും വിളിച്ചു മടുത്തു എന്നു വ്യാപാരികൾ പറയുന്നു. പക്ഷേ, കൃത്യമായ മറുപടി തങ്ങൾക്കു ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.
ഇതോടെ അരി എത്തുമ്പോൾ അറിയിക്കാമെന്നു പറഞ്ഞു മടക്കി അയക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ഡിസംബറർ ആദ്യം എത്തിച്ച സ്‌റ്റോക്കുകളാണ് ഇപ്പോഴും റേഷൻ കടകളിൽ ഉള്ളത്. ഇതിനോടകം പലയിടത്തും അരി തീർന്നു കഴിഞ്ഞു.
റേഷൻ വിതരണം സുഗമമായി നടത്താൻ സർക്കാരിന് കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു റേഷൻ കിട്ടാതെ മടങ്ങുന്നവർ പറയുന്നു.
സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെന്ന പേരിലാണ് വാതിൽപ്പടി വിതരണക്കാർക്കു നൽകാനുള്ള പണം അനുവദിക്കാതെ സർക്കാർ ഇവരെ സമരത്തിലേക്ക് തള്ളിവിട്ടത്. ദൂർത്തിനായി കോടികൾ സർക്കാർ ഒരു മടിയും കൂടാതെ മുടക്കുന്നുണ്ടെന്നും ജനങ്ങൾ പറയുന്നു.