Advertisment

നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെളിച്ചെണ്ണ ഒഴിച്ചു കറിവെക്കാന്‍ നിയമം വരുമോ, നടക്കാത്ത സ്വപ്‌നമെന്നു വിദഗ്ധര്‍. കാട്ടുപന്നിയെ വന വിഭവമാക്കാനുള്ള നീക്കം കേന്ദ്രം എതിര്‍ക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
sunny

കോട്ടയം: നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെളിച്ചെണ്ണ ഒഴിച്ചു കറിവെക്കാന്‍ നിയമം വരുമോ. കാട്ടുപന്നികളെ വന വിഭവമാക്കുന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകില്ല. കാട്ടുപന്നികളെ വെളിച്ചെണ്ണയൊഴിച്ചു കറിവെക്കാന്‍ നിയമം കൊണ്ടുവരണമെന്നു സണ്ണി ജോസഫ് എം.എല്‍.എ. പറഞ്ഞിരുന്നു. ''കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ചു കുഴിച്ചിടണം എന്നാണു നിയമം. പകരം വെളിച്ചെണ്ണയൊഴിച്ചു കറിവെക്കുകയാണു വേണ്ടത്. 

Advertisment

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇതിനു നിയമം കൊണ്ടുവരണമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു''. യു.ഡി.എഫിന്റെ മലയോര സമരയാത്രയുടെ ഭാഗമായി കൊട്ടിയൂരില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എം.എല്‍.എയുടെ പ്രസംഗം.

പക്ഷേ, നടപ്പിലാക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കാര്യമാണിത്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് അനുകൂലമാണെങ്കിലും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഈ നീക്കത്തിന് അനുമതി നല്‍കാന്‍ സാധ്യത  ഇല്ലെന്നു തന്നെ പറയാം. മുന്‍പും കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലേക്ക് ഇത്തരം ശിപാര്‍ശകള്‍ വന്നെങ്കിലും കേന്ദ്രം തള്ളികളയുകയായിരുന്നു. സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ ഷെഡ്യൂള്‍ഡ് ഒന്നില്‍ പെടുന്ന കാട്ടുപന്നിയെ 'വെര്‍മിനായി' പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും തമ്മിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

സംസ്ഥാനത്തു നാലു വര്‍ഷത്തിനിടെ കാട്ടില്‍ നിന്നു നാട്ടിലിറങ്ങിയത് 6000 പ്രശ്‌നക്കാരായ കാട്ടുപന്നികളെന്നു വനംവകുപ്പിന്റെ കണക്ക്. നാട്ടിലിറങ്ങിയ കാട്ടുപന്നികളില്‍ ഏറിയ പങ്കിനെയും വെടിവെച്ചു കൊന്നു എന്നും വനം വകുപ്പ് പറയുന്നു. എന്നാല്‍, വനം വകുപ്പ് പറയുന്ന പ്രകാരമാണെങ്കില്‍ കാട്ടുപന്നി ശല്യം ഗണ്യമായി കുറയേണ്ടതാണ്. പക്ഷേ, കുറഞ്ഞില്ലെന്നു മാത്രമല്ല ഇരട്ടിയാവുകയും ചെയ്തു.

കാട്ടുപന്നി ശല്യം മൂലം ഹൈറേഞ്ചില്‍ മരച്ചീനിയുള്‍പ്പെടെയുള്ള കിഴങ്ങു വിളകളുടെ കൃഷി പകുതിയിലധികം കുറഞ്ഞു. ഏലം കൃഷിക്കും കാട്ടുപന്നികള്‍ നാശമുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി വര്‍ഷങ്ങളായിട്ടും കാട്ടുപന്നി ശല്യം രൂക്ഷമായ ഇടുക്കി ജില്ലയിലുള്‍പ്പെടെ ഇതു കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല.

തോക്ക് ലൈസന്‍സുള്ളവരുടെ പാനലില്‍ ആവശ്യത്തിന് ആളുകളില്ലാത്തതും പരിശീലനം ലഭിച്ച വനം വകുപ്പ് ജീവനക്കാരുടെ സേവനം എല്ലാ മേഖലയിലും ലഭിക്കാത്തതുമാണു പ്രധാന പ്രതിസന്ധി. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി 6 മാസം കൂടിയാണ് അവശേഷിക്കുന്നത്. തുടര്‍ച്ചയായി 5 വര്‍ഷം, സമയപരിധി ഒരു വര്‍ഷം വീതം കൂട്ടി നല്‍കിയെങ്കിലും കാട്ടുപന്നി ശല്യത്തിനു പരിഹാരമായിട്ടില്ല. കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 62 ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം 2024 ജനുവരിയില്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല.

Advertisment