Advertisment

അന്ന് ഒരു കുടുംബത്തിലെ അഞ്ചു പേര്‍. ഇന്നു വിവാഹ സ്വപ്നങ്ങളുമായി പുതു ജീവിതത്തിലേക്ക് കടക്കേണ്ടിയിരുന്ന യുവാവ്. എം.സി. റോഡില്‍ കുറവിലങ്ങാട് കാളികാവില്‍ പൊലിഞ്ഞ ജീവനുകള്‍ ഏറെ

അപകടം നടന്നു അഞ്ചു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് വീണ്ടും ഒരു അപകടം നടക്കുന്നത്.

New Update
kottayam accident 111

കോട്ടയം:  എം.സി റോഡിൽ  കുറവിലങ്ങാട് കാളികാവ് പ്രദേശം സ്ഥിരം അപകട മഖേല. ഇന്നലെ രാത്രിയിൽ ഉണ്ടായ അപകടത്തിൽ ഇന്നു വിവാഹം നടക്കേണ്ടിയിരുന്ന യുവാവിന് ജീവൻ നഷ്ടമായിരുന്നു.

Advertisment

ഇതേ സ്ഥലത്തിനു കുറച്ചുമാറിയാണ് അഞ്ചു വർഷങ്ങൾക്കു മുൻപു ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായത്.

നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് അന്ന് മരിച്ചത്. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

കോട്ടയം വേളൂർ ഉള്ളാട്ടിൽപാദി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരണപ്പെട്ടത്.

2020 ഫെബ്രുവരി ഒന്നിന് കാളികാവിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ നാട്ടുകാർ കണ്ടത് മുൻവശമാകെ തകർന്ന് കിടക്കുന്ന കാറാണ്.

അപകടത്തെ തുടർന്ന് ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ നാട്ടുകാർ ഏറെ ബുദ്ധിമുട്ടി.

പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് പുറത്തെത്തിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ ഇവരെയെല്ലാവരെയും പുറത്തെടുത്തത്. ഉടനെ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.

എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നും എത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു. വണ്ടിയോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ആ അപകടം നടന്നു അഞ്ചു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് വീണ്ടും ഒരു അപകടം നടക്കുന്നത്. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് വിവാഹ തലേന്നുണ്ടായ അപകടത്തിൽ മരിച്ചത്.

എം.സി റോഡിൽ കളിക്കാവിൽ വെച്ചു ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്കേറ്റു. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ പത്തിന് ഇലയ്ക്കാട് പള്ളിയിൽ നടക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്.
 

Advertisment