കോട്ടയം: സി.പി.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ വ്യാജ പുസ്തകം പ്രഖ്യാപിച്ച ഡി.സി ബുക്സിന് എതിരായ കേസിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ ഡി.സി ബുക്ക്സ് മുൻ എഡിറ്റർ എ.വി ശ്രീകുമാർ മാത്രമാണ് കേസിൽ പ്രതി. കൂടുതൽ പേരെ പ്രതിചേർക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോട്ടയം ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിച്ചത്.
താൻ എഴുതിയതെന്ന പേരിൽ ഡി.സി ബുക്സ് പുറത്തത്തുവിട്ട വിവരങ്ങൾ സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.
വിവാദത്തിന്മേലെടുത്ത കേസിൽ എ.വി ശ്രീകുമാറിനു മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജനുവരി 6ന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ എ.വി ശ്രീകുമാറിനെ അന്വേഷണ സംഘം അറസറ്റു ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
അതേസമയം, ജാമ്യഹർജി പരിഗണിച്ചപ്പോൾ കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നു ഹൈക്കോടതി നീരിക്ഷിച്ചിരുന്നു. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്നു സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.
ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നു ഡിസി ബുക്‌സെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി വിമർശിച്ചു. മുൻകൂർ ജാമ്യം നൽകാം, പക്ഷേ അപമാനിച്ചു എന്നത് വസ്തുതയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ.പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ.പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇ പിയുടെ പരാതിയിൽ കോട്ടയം എസ്.പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്‌സിൽ നിന്നാണെന്ന കണ്ടെത്തിയത്.
ഡിസി ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ.വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പോലീസ് റിപ്പോർട്ട്.
ഇ.പി ജയരാജനും ഡി.സി ബുക്‌സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പോലീസ് പറയുന്നു.
ചോർന്നത് ഡി.സിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്.
എന്തിന് ശ്രീകുമാറിനെ പോലെ ഒരാൾ ഇതു ചെയ്തു. ഇതിൽ നിന്നും എന്ത് നേട്ടം ഉണ്ടായി, പിന്നിൽ ആരൊക്കെ പ്രവർത്തിച്ചു എന്നതു സംബന്ധിച്ച ചോദ്യങ്ങൾ ബാക്കിയാണ്.