കോട്ടയം: കോട്ടയം നഗരസഭയില്‍ പോര് മുറുകുന്നു. 211 കോടി കാണാനില്ലെന്ന റിപ്പോര്‍ട്ടില്‍ കോട്ടയം നഗരസഭയില്‍ വെള്ളിയാഴ്ച അടിയന്തര കൗണ്‍സില്‍ ചേരാനിരിക്കെയാണു പരസ്പരം ആരോപണങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും കളം നിറയുന്നത്.
നഗരസഭക്ക് 211 കോടി രൂപ നഷ്ടപ്പെട്ട തട്ടിപ്പു സംബന്ധിച്ചു റിപ്പോര്‍ട്ട് ഓഡിറ്റ് ഒബ്ജക്ഷന്‍ മാത്രമാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ വാദം അഴിമതിക്കാര്‍ക്കുള്ള സംരക്ഷണമാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ആരോപിക്കുന്നു.
എല്ലാ വര്‍ഷവും നഗരസഭകളില്‍ നടക്കാറുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ തന്നെ നിരവധി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
അത് സമയബന്ധിതമായി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടത് മാത്രമല്ല, തട്ടിപ്പ് നടത്താനായി മനപൂര്‍വം ചെക്ക് രജിസ്റ്ററും ഡ്രാഫ്ട് രജിസ്റ്ററും നശിപ്പിച്ചതായാണ് ഇപ്പോള്‍ പ്രത്യക പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.
നഗരസഭയില്‍ നടന്നത് പ്രത്യേക ഓഡിറ്റല്ല, ക്രമക്കേടുകളെപ്പറ്റിയുള്ള ഉന്നതതല പരിശോധനയാണ് എന്ന വസ്തുത പോലും യുഡിഎഫ് നേതാക്കള്‍ മറച്ചു വെക്കുകയാണ്.
പരിശോധനാ സംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതെയും, ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാതെയും പരിശോധന അട്ടിമറിക്കാനാണു ശ്രമിച്ചത്.
ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് അക്കൗണ്ട് ട്രഷറിയില്‍ തന്നെ വേണമെന്ന നിര്‍ദേശം മറികടന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ കൗണ്‍സില്‍ തീരുമാനമില്ലാതെ അക്കൗണ്ട് തുടങ്ങി.
അതിനാലാണ് ഒരു വ്യക്തിക്കു ലഭിക്കേണ്ട പെന്‍ഷന്‍ തുകയുടെ മറവില്‍ കോടികള്‍ തട്ടിയെടുക്കാന്‍ കഴിഞ്ഞത്.
ട്രഷറി അക്കൗണ്ട് ഒഴിവാക്കിയതാണു തട്ടിപ്പിനു സഹായകരമായതെന്ന് അഖില്‍ വര്‍ഗീസിന്റെ തട്ടിപ്പിലൂടെ വെളിപ്പെട്ടു.
നഗരസഭക്ക് 25 ബാങ്ക് അക്കൗണ്ടുകള്‍ എന്തിനാണെന്നും ഓഡിറ്റ് വിഭാഗം വര്‍ഷങ്ങളായി ചോദിച്ചു കൊണ്ടിരുന്നു. അതു വകവയ്ക്കാതെ ഓരോ ബാങ്കിന്റെയും താല്‍പര്യങ്ങള്‍ക്കായി അക്കൗണ്ടുകള്‍ തുടങ്ങിയതാണു തട്ടിപ്പിനു വഴിയൊരുക്കിയതെന്നും അനില്‍കുമാര്‍ ആരോപിക്കുന്നു.
അതേസമയം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വെള്ളിയാഴ്ച അടിയന്തര കൗണ്‍സില്‍ ചേരും. വിഷയത്തില്‍ ഭരണ പ്രതിക്ഷ നേതൃത്വങ്ങള്‍ രൂക്ഷമായ തര്‍ക്കങ്ങളും ഉണ്ടാകും. സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ വിശദീകരണം നല്‍കും.