Advertisment

നാല് വനിതാ അവതാരകർ ഒന്നിച്ചണിനിരുക്കുന്ന ഷോയിലും റേറ്റിങ് ഉയര്‍ത്തി രണ്ടാം സ്ഥാനം പിടിക്കാനാകാതെ ട്വന്റി ഫോർ. മനോരമയെ കടത്തിവെട്ടി നാലാം സ്ഥാനം തിരികെ പിടിച്ച് മാതൃഭൂമി. ഏറ്റവും പിന്നിലായി കൈരളിയും മീഡിയ വണും. 22 പോയിന്‍റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. നെയ്യാറ്റിൻകര ഗോപന്‍റെ സമാധി പൊളിക്കലില്‍ റേറ്റിങ് ഉയര്‍ത്തി വാര്‍ത്താ ചാനലുകള്‍

ഇന്ന് പുറത്തുവന്ന 2025ലെ മൂന്നാം ആഴ്ചയിലെ ബാർക് റേറ്റിങ്ങിൽ കേരള യൂണിവേഴ്സ് വിഭാഗത്തിൽ 93 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ ചാനലുകളിലെ ഒന്നാം സ്ഥാനക്കാർ തങ്ങൾ തന്നെയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

New Update
malayalam news chanel

കോട്ടയം: വാർത്താ ചാനലുകളുടെ റേറ്റിങ്ങിലെ  അജയ്യതക്ക് കോട്ടം തട്ടാതെ ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റം.

Advertisment

ഇന്ന് പുറത്തുവന്ന 2025ലെ മൂന്നാം ആഴ്ചയിലെ ബാർക് ( ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) റേറ്റിങ്ങിൽ കേരള യൂണിവേഴ്സ് വിഭാഗത്തിൽ 93 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ ചാനലുകളിലെ ഒന്നാം സ്ഥാനക്കാർ തങ്ങൾ തന്നെയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 


വാർത്താ ചാനലുകളുടെ റേറ്റിങ്ങിലെ ഇതര വിഭാഗങ്ങളായ 15+ മെയിൽ വിഭാഗത്തിലും 22+ മെയിൽ വിഭാഗത്തിലും നഗര ഗ്രാമ വ്യത്യാസമില്ലാതെ ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ് ആധിപത്യം. 


പുതുവർഷത്തിലെ രണ്ടാം ആഴ്ചയിലേക്കാൾ മൂന്ന് പോയിന്റ് വർദ്ധിപ്പിക്കാനും ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു. രണ്ടാം ആഴ്ചയിൽ കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 90 പോയിന്റായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ സമ്പാദ്യം.

വാർത്താ ചാനലുകളുടെ പ്രേക്ഷകരിൽ വർദ്ധനവ് ഉണ്ടായതാണ് 2025ലെ മൂന്നാം വാരത്തിലെ റേറ്റിങ്ങിലെ മുഖ്യസവിശേഷത. ഇതിന്റെ ഗുണമാണ് മൂന്ന് പോയിന്റ് വർദ്ധിപ്പിക്കാൻ ഏഷ്യാനെറ്റ് ന്യൂസിനും സഹായകരമായത്.


വാർത്താ ചാനൽ റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തിന് വേണ്ടി നടക്കുന്ന വാശിയേറിയ മത്സരത്തിൽ ഇത്തവണയും റിപ്പോർട്ടർ ടിവിയെ വീഴ്ത്താൻ ട്വന്റി ഫോറിനായില്ല.


71 പോയിന്റ് നേടിയ റിപ്പോർട്ടർ ടിവിക്ക് തന്നെയാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്ത് തുടരുന്ന ട്വന്റി ഫോറിന്  64 പോയിന്റ് കരസ്ഥാമക്കാനേ കഴിഞ്ഞുളളു. 7 പോയിന്റിൻെറ വ്യത്യാസമാണ് ഈയാഴ്ച പുറത്തുവന്ന റേറ്റിങ്ങിൽ റിപ്പോർട്ടറും ട്വന്റിഫോറും തമ്മിലുളളത്.

കഴിഞ്ഞയാഴ്ചയിലെ വ്യത്യാലം 7.2 പോയിന്റ് ആയിരുന്നു. ഈയാഴ്ച രണ്ട് പോയിന്റ് വർദ്ധിപ്പിക്കാൻ ട്വന്റി ഫോറിന് സാധിച്ചപ്പോൾ റിപ്പോർട്ടറിൻെറ നേട്ടം ഒരു പോയിന്റ് മാത്രമാണ്. 


നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിച്ചതും വടക്കൻ ജില്ലകളിലെ മറ്റ് ക്രൈം വാർത്തകളുമാണ് മൂന്നാം വാരത്തിൽ വാർത്താ ചാനലുകളിൽ വന്ന ശ്രദ്ധേയമായ വാർത്തകൾ. 


ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിപുലമായ കവറേജാണ് ഇടക്ക് റേറ്റിങ്ങ് താഴ്ന്ന് പോയ റിപ്പോർട്ടറിന് തുണയായത്. എന്നാൽ ഈ വാർത്തകളുടെ കവറേജിൽ വേണ്ടത്ര മികവ് പുലർത്താൻ ട്വന്റി ഫോറിന് കഴിഞ്ഞതുമില്ല. 

നെഗറ്റീവ് പബ്ലിസിറ്റി റിപോർട്ടറിന് അനുകൂലമായി മാറിയതായും പറയുന്നവരുണ്ട്. അതാണ് റിപ്പോർട്ടറിനെ വീഴ്ത്തി രണ്ടാം സ്ഥാനം പിടിക്കാനുളള ട്വന്റി ഫോറിന്റെ നീക്കത്തിന് തടസമായത്.


സംഭവങ്ങളിൽ ആക്രമണോത്സുക ശൈലിയിലുളള അഗ്രസിവ് റിപ്പോർട്ടിങ്ങ് നടത്തുന്നതാണ് റിപോർട്ടറിന്റെ ശൈലി. എന്നാൽ ഈ അഗ്രസിവ് ശൈലി ട്വന്റി ഫോറിൽ കുറവാണ്. 


ഒരു ഘട്ടത്തിൽ റിപ്പോർട്ടറിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് തിരിച്ചെത്തുമെന്ന് തോന്നിച്ച ട്വൻറി ഫോർ പിന്നെയും പിന്നാക്കം പോകാൻ കാരണവും അഗ്രസീവ്  ശൈലിയില്ലാത്തതാണ്.

റേറ്റിങ്ങിൽ മുന്നോട്ട് വരുന്നതിനായി ട്വന്റി ഫോർ പുതുതായി അവതരിപ്പിക്കുന്ന നാല് വനിതാ അവതാരകർ ഒന്നിച്ച് അണിനിരുക്കുന്ന ഷോയും വേണ്ടത്ര പ്രേക്ഷക പ്രീതി നേടിയിട്ടില്ല.


ഏഷ്യാനെറ്റ് ന്യൂസ് സമഗ്ര കവറേജുമായി കളം നിറയുമ്പോൾ ഒപ്പം പിടിക്കാൻ ആളില്ല എന്നതാണ് സ്ഥിതി. 


ഒന്നാം സ്ഥാനക്കാരായ ഏഷ്യാനെറ്റും രണ്ടാം സ്ഥാനക്കാരായ റിപ്പോർട്ടറും തമ്മിലുളള വ്യത്യാസം 22 പോയിന്റാണ് എന്നത് ഇത് വ്യക്തമാക്കിത്തരുന്നുണ്ട്.

2025ലെ മൂന്നാം ആഴ്ചയിലെ റേറ്റിങ്ങിൽ മനോരമയെ കടത്തിവെട്ടി മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തെത്തി. ഒന്നാം ആഴ്ച മനോരമക്ക് പിന്നിലായി വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് പോയ മാതൃഭൂമി ന്യൂസ് രണ്ടാം വാരം നാലാം സ്ഥാനം തിരികെ പിടിച്ചിരുന്നു.


കേരള യൂണിവേഴ്സ് വിഭാഗത്തിൽ മാതൃഭൂമി ന്യൂസ് 37 പോയിന്റ് നേടിയപ്പോൾ 36 പോയിൻറാണ്  മനോരമ ന്യൂസിന് നേടാനായത്.


നാലും അഞ്ചും സ്ഥാനക്കാർ തമ്മിലുളള വ്യത്യാസം 1 പോയിന്റ് മാത്രമാണ്. പുതുവർഷത്തിലെ മൂന്നാം ആഴ്ചയിലെ റേറ്റിങ്ങിലും ജനം ടി.വി തന്നെയാണ് ആറാം സ്ഥാനത്ത്.

തൊട്ട് മുൻപത്തെ ആഴ്ചയിൽ ലഭിച്ച  20 പോയിന്റ് നിലനിർത്തിയാണ് ജനം ടിവി ആറാം സ്ഥാനം കാത്തത്. ജനം ടിവിക്ക് പിന്നിൽ ഏഴാം സ്ഥാനത്തായിരുന്ന കൈരളി ന്യൂസിനെ പിന്തളളി ന്യൂസ് 18 കേരളം ഈയാഴ്ചയും ഏഴാം സ്ഥാനം നിലിനിർത്തി.


ന്യൂസ് 18 കേരളത്തിന് 16 പോയിന്റാണ് ലഭിച്ചത്. മുൻ ആഴ്ചയിൽ നിന്ന് 1 പോയിന്റ് വർദ്ധിപ്പിക്കാനും ന്യൂസ് 18 കേരളത്തിന് കഴിഞ്ഞു. 


കുറ്റകൃത്യങ്ങളുടെ വാർത്തകളുടെ റിപോർട്ടിങ്ങാണ് ന്യൂസ് 18 കേരളത്തിന് കൈരളിയെ മറികടന്ന് ഏഴാമതെത്താൻ സഹായകരമായത്. എട്ടാം സ്ഥാനത്തേക്ക് താഴ്ന്ന കൈരളി ന്യൂസിന് ഈയാഴ്ച ഒരു പോയിന്റ് പോലും കൂട്ടാനായില്ല.

സി.പി.എം ചാനലായ കൈരളി സാങ്കേതിക സംവിധാനങ്ങളിലും മനുഷ്യ വിഭവ ശേഷിയിലും ഏറെ പിന്നിലാണ്. മൂന്നാം വാരത്തിലെ റേറ്റിങ്ങിൽ കൈരളി ന്യൂസിന് 14  പോയിൻറുണ്ട്.


മീഡിയാ വൺ ചാനലാണ് ഏറ്റവും അവസാന സ്ഥാനത്തുളളത്. 8 പോയിന്റാണ് ഈയാഴ്ചയും മീഡിയാ വണ്ണിന്റെ നേട്ടം. 


പുതുതായി തുടങ്ങിയ ന്യൂസ് മലയാളം ചാനൽ ഈയാഴ്ചയും റേറ്റിങ്ങ് ചാർട്ടിൽ ഇടംപിടിച്ചിട്ടില്ല. ചാനലുടമകളുടെ അനുമതി ഇല്ലാത്തത് കൊണ്ടാണ് റേറ്റിങ്ങ് പരസ്യപ്പെടുത്താത്തതെന്ന് പറയപ്പെടുന്നു.

Advertisment