കോട്ടയം: 28 സംസ്ഥാനങ്ങളും എട്ടു യൂണിയന്‍ ടെറിറ്ററികളും അടങ്ങിയതാണ് ഇന്ത്യാ മാഹാരാജ്യം. പക്ഷേ, കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്ര ബജറ്റില്‍ 28 സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിനു വട്ട പൂജ്യമാണ്.
എയിംസ് മുതല്‍ കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ കേരളത്തിന് ലഭിച്ചില്ലെന്നത് ഏറെ ദുഖകരമായ കാര്യമാണ്.
മൂന്നാം മോഡി സര്‍ക്കാരിന്റെ കാലത്തെങ്കിലും എന്തെങ്കിലും കിട്ടുമെന്നു കേരളം പ്രതീക്ഷിച്ചിരുന്നു. കാരണം രണ്ടു കേന്ദ്ര മന്ത്രിമാരാണ് കേരളത്തില്‍ നിന്നുള്ളത്. സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും. പക്ഷേ, അവരും കേരളത്തിനു നിരാശ സമ്മാനിച്ചു. മൂന്നാം മോഡി സർക്കാരിൻ്റെ രണ്ടാമത്തെ പൊതു ബജറ്റിലും കേരളം പുറത്ത്.
ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കല്‍, കേന്ദ്ര വിഹിതത്തിലെ കുറവ് തുടങ്ങിയ കേന്ദ്രനയങ്ങള്‍ കാരണം സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി 24,000 കോടി രൂപയുടെ പാക്കേജ്, തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന്റെ വികസനം, മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെത്തുടര്‍ന്നുള്ള പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടി രൂപയുടെ പാക്കേജ്, സില്‍വര്‍ലൈന്‍, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശേരി-മൈസൂരു റെയില്‍പാതകള്‍ക്ക് അനുമതിയും ഫണ്ടും വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കേജ് തുടങ്ങി കേരളം മുന്നോട്ടുവെച്ച 14 ആവശ്യങ്ങളിൽ ഒന്നും കേന്ദ്രം പരിഗണിച്ചില്ല.
പക്ഷേ, ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ കേന്ദ്രബജറ്റില്‍ ബീഹാറിനു പുതിയ വിമാനത്താവളം അടക്കമുള്ള വമ്പൻ പദ്ധതികള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 58,900 കോടി രൂപയുടെ പദ്ധതികള്‍ക്ക് പുറമെയാണിത്.
എന്നാല്‍, മറ്റൊരു പ്രധാന ഘടകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാപ്രദേശിന് പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. വിഴിഞ്ഞം അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന് ഇക്കുറിയും നിരാശയാണ്.
താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ മക്കാന ബോര്‍ഡ്, പുതിയ വിമാനത്താവളം, മിതിലാഞ്ചല്‍ മേഖലയില്‍ വെസ്‌റ്റേണ്‍ കോസി കനാല്‍ പദ്ധതി, പാട്‌ന ഐ.ഐ.ടിക്ക് വേണ്ടി പ്രത്യേക പദ്ധതി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫുഡ് ടെക്‌നോളജി എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ്, തുടങ്ങിയവയാണ് ബീഹാറിനുള്ള പ്രധാന പ്രഖ്യാപനങ്ങള്‍.
അതേസമയം, എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയെ കൈവിട്ടോ എന്നാണു പ്രതിപക്ഷം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ 50,475 കോടി രൂപയുടെ പദ്ധതികളാണ് ആന്ധ്രക്ക് വേണ്ടി നീക്കിവച്ചത്. ഇക്കുറി വലിയ പദ്ധതികളൊന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.