കോട്ടയം: വരും നാളുകളില്‍ ഇലക്ട്രിക് കാറുകള്‍ക്കു വില കുറയും ! ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണ മേഖലക്ക് ബജറ്റില്‍ കസ്റ്റംസ് നികുതിയിളവ് പ്രഖ്യാപിച്ചു ധനമന്ത്രി നിര്‍മലാ സീതാരാമന്‍.
പിന്നാലെ ഇ.വി ഓഹരികളില്‍ മുന്നേറ്റം. നിഫ്റ്റി ഓട്ടോ ഇന്‍ഡക്‌സ് 1.5 ശതമാനത്തിലേറെ നേട്ടത്തിലാണ്. മഹീന്ദ്ര, മാരുതി, ഓല, ബജാജ്, ടി.വി.എസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ മികച്ച രീതിയില്‍ മുന്നേറി.
ഇ.വി ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ കൊബാള്‍ട്ട് പൗഡര്‍ ആന്‍ഡ് വേസ്റ്റ്, ലിഥിയം അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക് തുടങ്ങിയ 12 പ്രധാന മിനറലുകളെയാണു ബേസിക്ക് കസ്റ്റംസ് തീരുവയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്.
കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെ രാജ്യത്തെ ഇ.വി ബാറ്ററി നിര്‍മാണ മേഖലക്കു പുത്തനുണര്‍വാകുമെന്നാണു പ്രതീക്ഷ.
കൂടുതല്‍ കമ്പനികള്‍ ഈ മേഖലയിലേക്കു കടന്നുവരുമെന്നും കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു. ഇതോടെ വരും നാളുകളിൽ ഇ.വികളുടെ വില കുറയുമെന്നാണു പ്രതീക്ഷ.
ഇ.വി ബാറ്ററി നിര്‍മാണത്തിനുപയോഗിക്കുന്ന 35 അസംസ്‌കൃത വസ്തുക്കളും മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മാണത്തിനുള്ള 28 വസ്തുക്കളും കസ്റ്റംസ് നികുതി ഒഴിവാക്കിയതില്‍ പെടുന്നു.
രാജ്യത്തെ ലിഥിയം അയണ്‍ ബാറ്ററികളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണു തീരുമാനം.
വാഹന മേഖലയുമായി ബന്ധപ്പെട്ട തദ്ദേശീയ നിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.
മോട്ടോര്‍, കണ്‍ട്രോളര്‍ തുടങ്ങിയ സുപ്രധാന കംപോണന്റുകളുടെ നിര്‍മാണത്തിനു സര്‍ക്കാര്‍ പിന്തുണയുണ്ടാകും. ബാറ്ററി റീസൈക്ലിങ്, ചാര്‍ജിങ് സ്‌റ്റേഷനുകളുടെ നിര്‍മാണം തുടങ്ങിയ ഇ.വി ഇക്കോ സിസ്റ്റം രൂപീകരിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കും.
നിലവില്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളെല്ലാം ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇത് ഇ.വി ബാറ്ററിയുടെ വില വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു.