കോട്ടയം: കേന്ദ്ര ബജറ്റില്‍ റബര്‍ മേഖലയ്ക്കു ഇക്കുറിയും നിരാശ. പ്രതിഷേധമുയര്‍ത്തി കര്‍ഷക സംഘടനകള്‍. കേന്ദ്ര ധനമന്ത്രിയില്‍ പ്രതീക്ഷ വയ്ക്കാന്‍ പാടില്ലെന്നു വീണ്ടും തെളിയിച്ച ബജറ്റാണിത്.
റബര്‍ കര്‍ഷകരുടെ നിരന്തര ആവശ്യമായ താങ്ങു വില പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല റബര്‍ മേഖലയെ തീരെ അവഗണിച്ചു. ഇതു തികച്ചും നിരാശ ജനകമാണെന്നും നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുള്‍പ്പടെയുള്ള കര്‍ഷക സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി കുറഞ്ഞെങ്കിലും ഇന്ത്യന്‍ വിപണികളില്‍ അതിന്റെ ഗുണം ലഭിക്കുന്നില്ല. ഇടനിലക്കാരും വന്‍കിട റബര്‍ കമ്പനികളുമാണു വില കൂട്ടാതെ വിപണിയില്‍ കളിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപകമായതു സംസ്ഥാനത്തിനു തിരിച്ചടിയാകുമെന്നാണു കരുതപ്പെട്ടിരുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ ബോര്‍ഡ് നേരിട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാല്‍ വില താഴോട്ടു പോകില്ലെന്നാണു സൂചന. പക്ഷേ, ഉത്പാദന ചെലവു കഴിഞ്ഞു കര്‍ഷകര്‍ക്കു ലാഭ വരുമാനം നേരിയ തോതില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. വില ഇരുന്നൂറു കടന്നാല്‍ കര്‍ഷകന് ആശ്വാസമാകും. അതിനു കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ താങ്ങുവില കൂട്ടണം.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റബര്‍ കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുഭാവപൂർണാമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ല. റബറിനു മിനിമം വില ഉറപ്പാക്കുന്ന പദ്ധതിക്കായി 1,000 കോടി രൂപ അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാരും ബജറ്റിനു മുന്നോടിയായി സമര്‍പ്പിച്ച 14 ഇന ആവശ്യങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയിരുന്നു.
കേന്ദ്ര ബജറ്റില്‍ നിരാശരായ കര്‍ഷകര്‍ക്ക് വരുന്ന സംസ്ഥാന ബജറ്റുമാത്രമാണ് ഏക പ്രതീക്ഷ. എന്നാല്‍, ഭൂരിഭാഗം കര്‍ഷകരും സംസ്ഥാന ബജറ്റിലും പ്രതീക്ഷവെക്കുന്നില്ലെന്നുള്ളതാണ് വസ്തുത. അതേസമയം പകല്‍ച്ചൂട് കൂടിയതോടെ റബര്‍ ടാപ്പിങ് കുറഞ്ഞു. ഇപ്പോള്‍ കിട്ടുന്ന പാലിൻ്റെ കട്ടിയും കുറഞ്ഞു. മരത്തിന്റെ ഇല കൊഴിയല്‍ ആയതോടെ ഇനി അധികനാള്‍ ടാപ്പിങ് നടത്താനാകില്ല. ഇടവിട്ട് മഴ പെയ്താല്‍ മാത്രമേ ടാപ്പിങ് നടത്താനാകൂ എന്നും കര്‍ഷകര്‍ പറയുന്നു.