കോട്ടയം: കേരളം പിന്നാക്കമാണെന്നു പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്താലെ ആദിവാസികള്‍ക്കു പുരോഗതിയുണ്ടാവൂ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നും നല്‍കാത്തതിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് രണ്ടു കേന്ദ്ര മന്ത്രിമാരുടെയും വിവാദ പ്രസ്താവനകൾ.
കേരളത്തിനു വേണ്ടി ഒന്നും ചെയ്തില്ലെന്നതു പോട്ടെ, പക്ഷേ, കേരളീയരെ അപമാനിക്കുന്ന തരത്തില്‍ ഇരു കേന്ദ്രമന്ത്രിമാരുടയും വാക്കുകള്‍ പുറത്തുവന്നതില്‍ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. കേരളം പിന്നാക്കമാണെന്നു പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്നാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞത്.
പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം ആദ്യം നല്‍കുന്നത്. കേന്ദ്രബജറ്റില്‍ വയനാടിനു സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോര്‍ജ് കുര്യന്റെ മറുപടി.
കേരളം പിന്നാക്കമാണെന്നു പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയില്‍ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാല്‍ അതു കമ്മിഷന്‍ പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കുമെന്നുമാണു ജോര്‍ജ് കുര്യന്‍ പറഞ്ഞത്.
ജോര്‍ജ് കുര്യന്റെ വാക്കുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണു ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്താല്‍ ആദിവാസികള്‍ക്കു പുരോഗതിയുണ്ടാവൂ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന എത്തിയത്. അത്തരം ജനാധിപത്യമാറ്റങ്ങള്‍ ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പു തനിക്കു ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നിരവധി തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബ്രാഹ്മണനോ, നായിഡുവോ വകുപ്പു കൈകാര്യം ചെയ്യട്ടെ. ഗോത്രകാര്യ വകുപ്പ് ആദിവാസികള്‍ തന്നെ കൈകാര്യം ചെയ്യുന്നത് ഒരു ശാപമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ തന്റെ പരാമര്‍ശങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നു സുരേഷ് ഗോപി വ്യക്തമാക്കി.
പറഞ്ഞതത്രയും ഹൃദയത്തില്‍ നിന്നു വന്നതാണ്. താന്‍ പറഞ്ഞത് മുഴുവനും കൊടുത്തില്ല. മുന്നാക്ക ജാതിക്കാരുടെ കാര്യം നോക്കാന്‍ പിന്നാക്ക വിഭാഗക്കാരെയും കൊണ്ടുവരണമെന്നും താന്‍ പറഞ്ഞിരുന്നതായും സുരേഷ് ഗോപി വിശദീകരിച്ചു.
ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുല ജാതര്‍ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ ഒ.ആര്‍. കേളു, മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണന്‍ എം.പി, കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി. ബല്‍റാം എന്നിവര്‍ നടത്തിയത് .
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരാണെന്നും രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും മന്ത്രി ഒ.ആര്‍. കേളു ചോദ്യം ഉന്നയിച്ചു. ബി.ജെ.പിക്കാര്‍ പോലും ഇതു മുഖവിലക്ക് എടുക്കില്ലെന്നും ഒ.ആര്‍. കേളു ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണു സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ് ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത്. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതന്‍ എന്നു പറഞ്ഞു നടപ്പാണു പണി.
കേരളത്തെ തകര്‍ക്കുന്ന നിലപാടാണിത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കാന്‍ സുരേഷ് ഗോപി അര്‍ഹനല്ലെന്നും കെ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീര്‍ണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്നു വി.ടി. ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.