Advertisment

ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കും എന്‍ട്രന്‍സ് പരീക്ഷ ! സംസ്ഥാനത്ത് കച്ചവട താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പാഠപുസ്തകവും എന്‍ട്രന്‍സ് പരീക്ഷയും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി. അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെയും നടപടിയെന്ന് മന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
1428484-v-sivankuttyjpg-kerala-edu-dept.webp

തിരുവനന്തപുരം: സംസ്ഥാനത്ത് കച്ചവട താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന  സ്‌കൂളുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ.

Advertisment

ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ നടത്തി ചില സ്കൂളുകൾ അഡ്മിഷൻ നൽകുന്നത് ശ്രദ്ധയിൽപെട്ടെന്നും അത്തരം വിദ്യാലയങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി.


കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിലും കച്ചവട മനോഭാവത്തില്‍ സ്‌കൂളുകള്‍ നടത്തുന്ന ഒരു കൂട്ടം സ്ഥാപനങ്ങള്‍ ഉണ്ട്. അവർ ഇപ്പോൾ തന്നെ ഒന്നാം ക്ലാസ്സിന്റെ അഡ്മിഷന്‍ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എന്‍ട്രന്‍സ് പരീക്ഷയും കൂടി നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് അം​ഗീകരിക്കാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു.


ഇത്തരം സ്കൂളുകളിൽ നടക്കുന്നത് ബാലപീഡനമാണ്. കുട്ടിയുടെ എൻട്രൻസ് കഴിഞ്ഞ് രക്ഷകര്‍ത്താവിനും ഒരു ഇന്റര്‍വ്യു ഉണ്ട്. ഇക്കാര്യങ്ങള്‍ ശരിയല്ല. ഒന്നാം ക്ലാസ്സില്‍ അക്കാഡമിക് ആയി ഒരു കാര്യവും പഠിപ്പിക്കില്ല എന്നാണ് ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. 

പാഠപുസ്തകവും വേണ്ട, എന്‍ട്രന്‍സ് പരീക്ഷയും വേണ്ട, അവർ സന്തോഷത്തോടുകൂടി സ്‌കൂളില്‍ വരട്ടെ, കുട്ടികൾ പ്രകൃതിയെ മനസ്സിലാക്കട്ടെ, ഭരണഘടനയുടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ, ഒരു പൗരന്‍ എന്ന നിലയില്‍ വളര്‍ന്നു വരുമ്പോള്‍ ശീലിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കട്ടെ.


ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസ്സുകളില്‍ ഒരു സിലബസ്സും ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.


ഗവ. സ്‌കൂള്‍ ആയാലും സ്വകാര്യ സ്‌കൂള്‍ ആയാലും, പി ടി എ ഫീസ് വാങ്ങുന്നത് കുറച്ച് കൂടുതലാണ്. ഓരോ ക്ലാസ്സിലും നൂറ് രൂപ അമ്പത് രൂപ വെച്ച് വാങ്ങുന്നത് മനസ്സിലാക്കാം.

ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങള്‍ ഉണ്ട് എന്ന കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ശന നടപടി അത്തരം സ്‌കൂളുകള്‍ക്ക് എതിരെ എടുക്കും. 

അത്തരം പിടിഎ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പ്രശ്നം ഇല്ല. കര്‍ശന നിലപാട് അക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Advertisment