/sathyam/media/media_files/2025/02/03/HQF0feftgzAZXmmv4jSV.jpg)
കോട്ടയം: ആദിവാസി വകുപ്പ് ചോദിച്ചതിന്റേയും അത് സവര്‍ണ്ണ വിഭാഗത്തില്‍ നിന്നും ആകണമെന്ന് അഭിപ്രായം പറഞ്ഞതിന്റെയും പേരില്‍ സുരേഷ് ഗോപിയെ ചീത്ത വിളിക്കാന്‍ ഒരുമ്പെടും മുന്‍പ് അത്തരക്കാര്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും എന്ന് വ്യക്തമാക്കുന്ന നിരവധി വിവരങ്ങളാണ് പുറത്തുവരുന്നത്.
മന്ത്രി ആദിവാസി വകുപ്പ് ചോദിച്ചത് ഹൃദയത്തില്‍ നിന്നെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് വ്യക്തമാക്കുന്ന നിരവധി വിവരങ്ങളാണ് പുറത്തുവരുന്നത്.
സുരേഷ് ഗോപി എം.പിയും കേന്ദ്രമന്ത്രിയും ഒക്കെ ആകുന്നതിന് എത്രയോ മുന്‍പ് അദ്ദേഹം ആദിവാസികളുടെ ഉന്നമനത്തിനായി വനത്തിലൂടെ കിലോമീറ്ററുകള്‍ നടന്നും പോക്കറ്റില്‍ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കാതെ ലക്ഷങ്ങള്‍ മുടക്കിയും ചെയ്തത് നിരവധി കാര്യങ്ങളാണ്.
ഇടമലക്കുടിയിലെ ആദിവാസി ഊരുകളില്‍ കുടിവെള്ളമെത്തിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്നും ചിലവഴിച്ചത് 15 ലക്ഷത്തിലേറെ രൂപയായിരുന്നെന്ന് അന്ന് ആ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല ഉണ്ടായിരുന്ന പാലാ സ്വദേശി ബിജു പുളിക്കക്കണ്ടം വെളിപ്പെടുത്തി.
ക്രേന്ദ മന്ത്രി സുരേഷ് ഗോപി ഒരിക്കലും പിന്നാക്കവിരുദ്ധനല്ലെന്ന് വ്യക്തമാക്കുന്ന നിരവധി കാര്യങ്ങളാണ് അദ്ദേഹത്തിന്റെ സന്തത സഹചാരികൂടിയായിരുന്ന പാലാ സ്വദേശി ബിജു പുളിക്കകണ്ടം പറയുന്നത്.
സുരേഷ് ഗോപിയോട് ദീര്‍ഘകാലമായി സൗഹൃദം സൂക്ഷിക്കുന്നയാളാണ് ബിജു. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നു ബിജു ഫേസ്ബുക്കില്‍ കുറിച്ചു.
ഇടമലക്കുടിയില്‍ 8- 10 കിലോമീറ്ററുകള്‍ കൊടും വനത്തിലൂടെ ആനത്താരയിലൂടെ യാത്ര ചെയ്ത് ഊരുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊണ്ട ആളാണ് സുരേഷ് ഗോപി.
വിവിധ ആദിവാസി ഊരുകള്‍ക്കു സാമ്പത്തി സഹായം അദ്ദേഹം നല്‍കാന്‍ തുടങ്ങിയത് എം.പിയും കേന്ദ്രമന്ത്രിയും ഒക്കെ ആകുന്നതിന് എത്രയോ മുന്‍പാണ്.
പക്ഷേ, ഇപ്പോള്‍ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച്, അദ്ദേഹത്തെ ആദിവാസി, പിന്നാക്ക സമുദായവിരുദ്ധനാക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെയും ചില മാധ്യമക്കാരുടെയും കുതന്ത്രങ്ങള്‍ ഇവിടുത്തെ നല്ലവരായ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്.
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞ, ആദിവാസി വകുപ്പ് കിട്ടണമെന്ന ആഗ്രഹം, അത് മുമ്പേ ഒരുപാട് തവണ ഞാനടക്കമുള്ള അടുപ്പക്കാരോട് പങ്കുവച്ചിട്ടുള്ളതുമാണെന്നും ബിജു പറഞ്ഞു.
ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
സുരേഷ് ഗോപിയെപ്പറ്റി പല വിമര്‍ശനങ്ങളുമുണ്ടാവാം... ഞാനും പറഞ്ഞിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിനൊപ്പം 3 പതിറ്റാണ്ടായി അടുത്ത ബന്ധമുള്ളയാളെന്ന നിലയിലും സന്തത സഹചാരിയായി കൂടെ നടന്നയാളെന്ന നിലയിലും പറയട്ടേ , അദ്ദേഹമെക്കാലവും ആദിവാസി സമൂഹത്തോടൊപ്പം നിന്നിട്ടുള്ളയാളാണ്.
അത് രാജ്യസഭാ എം.പി ആയതിനുമെത്രയോ മുമ്പേയുള്ളതാണ്. സ്വന്തം കൈയ്യിലെ ലക്ഷക്കണക്കിനു പണം മുടക്കി മൂന്നാര്‍ ഇടമലക്കുടിയിലും അട്ടപ്പാടിയിലും ആതിരപ്പള്ളി മേഖലകളിലുമടക്കം ആദിവാസിമേഖലകളില്‍ ചെയ്ത നല്ല കാര്യങ്ങള്‍ നിരവധിയാണ്.
ഇടമലക്കുടിയിലെ ആദിവാസി ഊരുകളില്‍ കുടിവെള്ളമെത്തിക്കാനായി അദ്ദേഹം ചിലവഴിച്ച ഏതാണ്ട് 15 ലക്ഷത്തിലധികം രൂപ ഞാന്‍ വഴിയാണ് പൈപ്പുകളും അനുബന്ധ സാമഗ്രഹികളും പാലായില്‍ നിന്നും കൊടുത്തയച്ചത്.
അതുപോലെ യാത്രാസൗകര്യമില്ലാത്തയിടങ്ങളില്‍ രോഗികളായ ആദിവാസികളെ ആശുപത്രികളില്‍ എത്തിക്കാനുള്ള പല്ലക്കടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തത് ... ആദിവാസി ഊരുകള്‍ ദത്തെടുത്ത് അവിടെ ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസത്തിനുള്ള കാര്യങ്ങളും ഏര്‍പ്പാടാക്കിയത് ... ഇതില്‍ ഭൂരിപക്ഷം ക്ഷേമ പ്രവര്‍ത്തനങ്ങളും സുരേഷ് ഗോപി തന്റെ സ്വന്തം പണമെടുത്താണ് ചെലവഴിച്ചത്.
ഇടമലക്കുടിയില്‍ 8- 10 കിലോമീറ്ററുകള്‍ കൊടും വനത്തിലൂടെ ആനത്താരയിലൂടെ യാത്ര ചെയ്ത് ഊരുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊണ്ട പല അവസരങ്ങളിലും ഞാനും സുരേഷ് ചേട്ടനൊപ്പമുണ്ടായിരുന്നു.
ഒരു തവണത്തെ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഊര് സന്ദര്‍ശനവേളയില്‍, ഇടുക്കി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി , ജില്ലാ സെക്രട്ടറി വി.എന്‍. സുരേഷ് ഇവര്‍ക്കൊപ്പം തൃശ്ശൂരിലെ അഡ്വ. കെ.കെ. അനീഷ് കുമാറും , രഘുനാഥ് ഇ മേനോനും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.
അതിരപ്പള്ളിയില്‍ ആദിവാസികള്‍ക്ക് ചാലക്കുടി പുഴ കടന്ന് വനത്തിലൂടെ ഊരുകളിലേക്ക് പോവാനായി ഫൈബര്‍ വള്ളങ്ങള്‍ വാങ്ങി നല്‍കി. അത് കൊടുക്കുന്ന വേളയില്‍ സിനിമാതാരം ടിനി ടോമും സന്നിഹിതനായിരുന്നു.
അട്ടപ്പാടിയില്‍ 2013 ല്‍ ലക്ഷ്മിസുരേഷ് ഗോപി ട്രസ്റ്റ് വഴി 8 ടോയിലറ്റുകള്‍ പണിതു നല്‍കി. 2014 ല്‍ സ്വച്ഛഭാരത് വരുന്നതിനു മുമ്പായിരുന്നു അക്കാര്യം നടപ്പിലാക്കിയത്.
ഇടമലയാര്‍ പദ്ധതി പ്രദേശത്ത്, പോങ്ങിന്‍ചുവട് ആദിവാസി ഊരില്‍ 35 ടോയിലറ്റുകളാണ് സ്വന്തം പണമുപയോഗിച്ച് പണി കഴിപ്പിച്ചത്. അതില്‍ 2, 3 എണ്ണം ആനകള്‍ തകര്‍ത്തു. അവിടുത്തെ ആദിവാസികള്‍ അന്നാദ്യമായിട്ടായിരുന്നു ടോയിലറ്റുകള്‍ കാണുന്നതു പോലും...
വയനാട്ടില്‍ പില്‍ക്കാലത്ത് ഗവണ്‍മെന്റ് ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനു മുമ്പേ അരിവാള്‍ രോഗം കണ്ടുപിടിക്കുന്നതിനായുള്ള സ്‌കാനുകള്‍ക്കായി 10 ലക്ഷം രൂപ സുരേഷ് ഗോപി നല്‍കി. ഇങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ സുരേഷ് ഗോപി വര്‍ഷങ്ങള്‍ക്കുമുമ്പേ ആദിവാസി ജനസമൂഹത്തിനായി ചെയ്തിട്ടുണ്ട്.
അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച്, അദ്ദേഹത്തെ ആദിവാസി, പിന്നാക്ക സമുദായവിരുദ്ധനാക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെയും ചില മാധ്യമക്കാരുടെയും കുതന്ത്രങ്ങള്‍ ഇവിടുത്തെ നല്ലവരായ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്.
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞ, ആദിവാസി വകുപ്പ് കിട്ടണമെന്ന ആഗ്രഹം, അത് മുമ്പേ ഒരുപാട് തവണ ഞാനടക്കമുള്ള അടുപ്പക്കാരോട് പങ്കുവച്ചിട്ടുള്ളതുമാണ്. ആദിവാസി വിഭാഗത്തിനു വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ച് ഇനിയും ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഒരാളെന്ന നിലയിലാണിത്രയും എഴുതിയത്.