Advertisment

പ്രസാദഗിരി പള്ളിയിൽ കുർബാനയർപ്പണത്തിനിടെ നടന്ന ആക്രമണം. അക്രമികൾക്കെതിരെ കടുത്ത ശിക്ഷ നടപടിക്കൊരുങ്ങി സഭ. കാനൻ നിയമവും രാജ്യത്തിൻ്റെ നിയമവും അനുശാസിക്കുന്ന നടപടികളും ഉണ്ടാകും. പള്ളിയിൽ നടന്ന ആക്രമണത്തിൽ പ്രതികരണവുമായി മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും. അക്രമികളുടെ നുണക്കഥകൾ പ്രകാരം കേസെടുത്ത പോലീസിൻ്റെ നടപടിക്കെതിരെ പ്രതിഷേധം

വിശുദ്ധ കുർബാനയർപ്പിച്ചുകൊണ്ടിരുന്ന വൈദികനുനേരെ നടന്ന അതിക്രമം പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന ഗുരുതരമായ തെറ്റായി മാത്രമേ കാണാൻ സാധിക്കൂ. 

New Update
 prasadagiri CHURCH

കോട്ടയം: പ്രസാദഗിരി പള്ളിയിൽ വിശുദ്ധ കുർബാനയർപ്പണത്തിനിടെ നടന്ന അക്രമപ്രവർത്തനങ്ങളിൽ നടപടികളാരംഭിച്ചു സീറോ മലബാർ സഭാ നേതൃത്വം. 

Advertisment

സമാധാനപൂർവം വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരിൽ, അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകൾ പ്രകാരം, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസിൻ്റെ നടപടിയിലും  സഭ ശക്തമായ പ്രതിഷേധം അറിയിച്ചു. 

അതിരൂപതയിലെ പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന പ്രീസ്റ്റ് ഇൻചാർജ് ഫാ. ജോൺ തോട്ടുപുറത്തിനെതിരേ നടന്ന അക്രമം അത്യന്തം വേദനാജനകവും അപലപനീയ വുമാണെന്ന് അതിരൂപതാധ്യക്ഷനായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിലും മേജർ ആർച്ചുബിഷപ്പിൻ്റെ വികാരി ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനിയും അറിയിച്ചു.


വിശുദ്ധ കുർബാനയർപ്പിച്ചുകൊണ്ടിരുന്ന വൈദികനുനേരെ നടന്ന അതിക്രമം പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന ഗുരുതരമായ തെറ്റായി മാത്രമേ കാണാൻ സാധിക്കൂ. 


സാമാന്യമര്യാദയുടെയും അടിസ്ഥാന ക്രൈസ്ത‌വ ജീവിതശൈലിയുടെയും എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് മദ്‌ബഹയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയത് വിശ്വാസസമൂഹത്തെ മാത്രമല്ല, പൊതുസമൂഹത്തിലും അമ്പരപ്പ് ഉളവാക്കുകയുണ്ടായി.

ഇത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഈ അക്രമത്തിൽ പങ്കുകാരായ എല്ലാവർക്കുമെതിരെ കാനൻനിയമവും രാജ്യത്തിൻ്റെ നിയമവും അനുശാസിക്കുന്ന നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും ഇരുവരും വ്യക്തമാക്കി.


ഏകീകൃത കുർബാനയർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വിശ്വാസജീവിതത്തെയും സഭാസംവിധാനങ്ങളെയും അച്ചടക്കത്തെയും ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂവെന്ന് ഇക്കൂട്ടർ മനസിലാക്കണം.


അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും പ്രതികരിക്കാനുമുള്ള സാമാന്യമര്യാദയുടെ പരിധികൾ പലപ്പോഴും ലംഘിക്കപ്പെടുന്നത് വേദനാജനകമാണ്.

ഭിന്നതയുടെയും കലഹത്തിൻ്റെയും പാതയിൽനിന്ന് ഐക്യത്തി ന്റെയും അനുസരണത്തിൻ്റെയും അനുരഞ്ജനത്തിന്റെയും അർത്ഥപൂർണമായ ആശയവിനിമയത്തിൻ്റെ വഴി തെരഞ്ഞെടുക്കുവാൻ മാർ റാഫേൽ തട്ടിലും, മാർ ജോസഫ് പാംപ്ലാനിയും അതിരൂപതയിലെ വൈദികരോടും അൽമായ വിശ്വാസികളോടും ആഹ്വാനം ചെയ്തു.

പ്രസാദഗിരി പള്ളിയിൽ വയോധികനായ ഫാ. ജോൺ തോട്ടുപുറത്തെ വിശുദ്ധ കുർബാനയർപ്പണത്തിനിടെ അൾത്താരയിൽനിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേർ ചേർന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികൾക്ക് ഉതപ്പും വേദനയും ഉളവാക്കുന്നു എന്നു സീറോമലബാർസഭ  മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. വി.സി ആന്റണി വടക്കേകര പ്രതികരിച്ചു.


 സാമാന്യ ബോധമുള്ളവർക്കു ചിന്തിക്കാൻ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്. 


പരിശുദ്ധ കുർബാന ചൊല്ലിക്കൊണ്ടിരുന്ന കാർമികനെ ബലപ്രയോഗത്തിലൂടെ തള്ളിവീഴ്ത്തുകയും, അതിവിശുദ്ധസ്ഥലമായ മദ്ബഹായുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്‌തതുവഴി എന്തു നേട്ടമാണ് അക്രമകാരികൾ സ്വന്തമാക്കിയത്?.

സഭയെ അനുസരിക്കാൻ തയ്യാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിർവീര്യമാക്കാനും ശ്രമിക്കുമ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തമാണ്.


ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടേയുമാണ് അനേകം വൈദികരെ ഇവർ സ്വാധീനിക്കുന്നത്. 


അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാൽ കുറേയേറെ വൈദികർ സഭയെ അനുസരിക്കാൻ തയ്യാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണ് പ്രസാദഗിരി ഇടവകപ്പള്ളിയിൽ നടന്നത്.

സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാനപാല കരായ പോലീസിനെ ഭീഷണികളിലൂടെ നിർവീര്യമാക്കുകയും ചെയ്‌തു അതിരൂപതയിൽ അരാജകത്വം വിതയ്ക്കുന്ന വൈദികരും അല്‌മായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്ന തെന്നോർക്കണമെന്നും ഫാ.ഡോ. വി.സി ആന്റണി വടക്കേകര പറഞ്ഞു.

Advertisment