കോട്ടയം: ലഹരിയില്‍ കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ വടിവാളും, വിളക്കുമായി അഴിഞ്ഞാടിയ യുവാവ്. നിവര്‍ത്തിയില്ലാതെ മാതാപിതാക്കള്‍ ചേര്‍ന്നു ലഹരിവിമോചന കേന്ദ്രത്തില്‍ പൂട്ടിയിട്ടു.
അവിടെ നിന്നെല്ലാം പുറത്തിറങ്ങി കുറ്റകൃതങ്ങള്‍ തുടര്‍ന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പോലീസുകാരന്റെ ജീവന്‍ എടുത്ത് ഒരു കുടുംബത്തെ അനാഥമാക്കിയ പ്രതി.
കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ, സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ (ചിറയില്‍) ശ്യാം പ്രസാദിനെ (44) നെ കൊലപ്പെടുത്തിയ ജിബിന്‍ ജോര്‍ജിന്റെ ജീവതം ലഹരിയും വഴിവിട്ട ജീവിത രീതികളുമാണു മാറ്റിമറിച്ചത്.
എം.ജി. സര്‍വകലാശാലയിലെ റിട്ട. ഉദ്യോഗസ്ഥന്റെ മകനാണു പെരുമ്പായിക്കാട് പാറമ്പുഴ ആനിക്കല്‍ വീട്ടില്‍ ജിബിന്‍ ജോര്‍ജ്. മികച്ച ജീവിത സാഹചര്യം ഉണ്ടായിരുന്നിട്ടും ജിബിന്‍ തെരഞ്ഞെടുത്തതു വഴിവിട്ട ജീവിതം.
മകന്‍ കൈവിട്ടു പോകുന്നതു കണ്ടു മാതാപിതാക്കള്‍ വിദേശത്ത് അയച്ചു പഠിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവിടെയും ലഹരിയും അടിപിടിയും തുടര്‍ന്നു. ഒടുവില്‍ അവിടെ നിന്നും പുറത്താക്കി ഇന്ത്യയിലേക്കു തിരിച്ചയച്ചു.
ഇവിടെ നിന്നും മടങ്ങിയെത്തിയ പ്രതി ലഹരിമാഫിയ സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ജീവിതം തന്നെ ഇയാള്‍ക്കു കൈവിട്ടു പോയി.
തുടര്‍ന്ന്, ലഹരി സംഘങ്ങളില്‍ സജീവമായ ഇയാള്‍, വീട്ടില്‍ മാതാപിതാക്കളെ പോലും വധിക്കുമെന്നും, ആക്രമിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ജീവനില്‍ ഭയന്ന വീട്ടുകാര്‍ പോലീസ് സഹായത്തോടെ ഇയാളെ ലഹരി വിമോചന കേന്ദ്രത്തില്‍ ആക്കി.
എന്നാല്‍, ഇവിടെ നിന്നും പുറത്തിറങ്ങി ഗുണ്ടാ സംഘങ്ങളില്‍ തന്നെ ഇയാള്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്നു പണം കണ്ടെത്താൻ മോഷണവും കഞ്ചാവ് വില്‍പ്പനയും പതിവാക്കി. 2022 മുതല്‍ ജില്ലയിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
അഞ്ചു വര്‍ഷം മുന്‍പു കുമാരനല്ലൂരിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടിനു സ്വീകരണം നല്‍കുന്നതിനായി നട്ടാശേരിയില്‍ ഗാനമേള സംഘടിപ്പിച്ചിരുന്നു.
ഇവിടെ മദ്യപിച്ചെത്തിയ ജിബിന്‍ ജോര്‍ജും സംഘവും കണ്ണില്‍ക്കണ്ട നാട്ടുകാരെയെല്ലാം ആക്രമിക്കുകയായിരുന്നു. അക്രമ പ്രവര്‍ത്തനം നടത്തിയ സംഘത്തെ തടയാന്‍ എത്തിയപ്പോഴാണ്, നട്ടാശേരി സ്വദേശികളായ ശശികുമാര്‍, അശോകന്‍ എന്നിവരെ ആക്രമിച്ചത്.
വിളക്ക് ഉപയോഗിച്ച് ആക്രമിക്കുകയും, ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ഗുണ്ടാ സംഘം ഇവിടെ വന്‍ ഭീകരാന്തരീക്ഷമാണ് അന്നു സൃഷ്ടിച്ചത്. തുടര്‍ന്നു രക്ഷപെട്ട പ്രതികളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ജയിലായെങ്കിലും പിന്നീട് പുറത്തിറങ്ങി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇപ്പോള്‍ ജിബിന്‍ ജോര്‍ജ്.
ഇതിനിടെയാണു തെള്ളകത്തെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു തടയാന്‍ ശ്രമിച്ച പോലീസുകാനരെ ചവിട്ടി കൊന്നത്. നിലവില്‍ ബി.എം.എസ് 103 (ബി), 115(2), 126(2), 350(1) എന്നീ വകുപ്പുകളാണു പോലീസ് ചേര്‍ത്തിരിക്കുന്നത്.