ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ശാസ്ത്രദിനാഘോഷം, ഫെബ്രുവരി 11 ന്

New Update
uzhavoor

കോട്ടയം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും (കെ.എസ്.സി.എസ്.ടി.ഇ) കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും (ഡി.എസ്.ടി) സഹകരണത്തോടെ  ശാസ്ത്രദിനാഘോഷം 'സൈവിസ്‌ത 2025' ഫെബ്രുവരി 11 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗവും രസതന്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്നു.

Advertisment

കെ എസ് സി എസ് ടി ഇ സാമ്പത്തിക സഹായത്തോടെ സ്കൂൾ തലത്തിൽ ശാസ്ത്ര ദിന  ആഘോഷങ്ങൾ സംഘടിപ്പിക്കുവാൻ  തെരഞ്ഞെടുക്കപ്പെട്ട കോട്ടയം ജില്ലയിലെ ഏക കോളേജ് ആണ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്. അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് കിറ്റ് നിർമ്മാണ മത്സരവും നടക്കും. ഈ ഇനങ്ങളിലെ വിജയികൾക്ക് കെ.എസ്.സി.എസ്.ടി.ഇ സംഘടിപ്പിക്കുന്ന സംസ്ഥാനതല  ശാസ്ത്രദിന മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 

കൂടാതെ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ശാസ്ത്രാധിഷ്ഠിത അന്വേഷണ ചലഞ്ച് -മിഷൻ എക്സ് നടത്തും.
സെന്റ് സ്റ്റീഫൻസ് കോളേജിലെ വാനനിരീക്ഷണ കേന്ദ്രത്തിൽ അന്നേ ദിവസം വൈകുന്നേരം 6.45 മുതൽ 9.00 മണി വരെ 'ആസ്ട്രോമെലോഡിക്' എന്ന പ്രത്യേക പരിപാടി നടക്കുന്നതാണ്.  

വാനനിരീക്ഷണത്തെ സംഗീതവുമായി സംയോജിപ്പിക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ഗ്രഹങ്ങളുടെ  പരേഡ് നിരീക്ഷിക്കാനും ഒപ്പം വിദ്യാർത്ഥികളുടെ തത്സമയ സംഗീത വിരുന്ന് ആസ്വദിക്കാനും അവസരം ലഭിക്കുന്നതാണ്. യുവമനസ്സുകളിൽ ശാസ്ത്രാഭിനിവേശം വളർത്താനും  ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ ആകർഷകവും നൂതനവുമായ രീതിയിൽ  അനുഭവിക്കാനും ഈ ശാസ്ത്ര ദിന ആഘോഷങ്ങൾ അവസരം ഒരുക്കുന്നു.

Advertisment