പാലായിലെ സൗഹൃദ സദസുകളില്‍ ഏഴ് പതിറ്റാണ്ടു കാലമായി നിറസാന്നിധ്യം. കഥയും കവിതയും നുറുങ്ങു തമാശകളുമായി പാലാക്കാരെ രസിപ്പിച്ച കൂട്ടുകാരന്‍. മലയാള സാഹിത്യത്തില്‍ തന്‍റേതായ കൈയ്യൊപ്പ് ചാര്‍ത്തി എ.എസ് കുഴികുളം യാത്രയാകുമ്പോള്‍

പത്രാധിപര്‍, പാലാ സഹൃദയവേദി സജീവ അംഗം, എഴുത്തുകാരന്‍, അധ്യാപകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങുമ്പോഴും അദ്ദേഹത്തിന്‍റെ കഴിവിനും പ്രാഗത്ഭ്യത്തിനും അനുസരിച്ച് വളരാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലുണ്ട്.

New Update
as kuzhikulam
Listen to this article
0.75x1x1.5x
00:00/ 00:00

പാലാ: പാലായുടെ സൗഹൃദ കൂട്ടായ്മകളില്‍ കഴിഞ്ഞ ആറേഴ് പതിറ്റാണ്ടുകളായി ഒഴിവാക്കാനാകാത്ത ചേരുവയായിരുന്നു 'എ.എസ് ' തമാശകള്‍. 'എ.എസ്' എന്നാല്‍ എ.എസ് കുഴികുളം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരേസമയം ചെയ്യുന്നതായിരുന്നു എഎസിന്‍റെ നുറുങ്ങുകള്‍.

Advertisment

കഥ, കവിത, നോവല്‍, നിരൂപണം എന്നിവയിലെന്തും വഴങ്ങും എ.എസിന്. പാലാ ടൗണായിരുന്നു എ.എസിന്‍റെ 'കര്‍മ്മഭൂമി'.


ടൗണില്‍ കഴിഞ്ഞ ആറേഴ് പതിറ്റാണ്ടുകളിലെന്നെങ്കിലും പതിവായി വന്നിരുന്നവരുണ്ടെങ്കില്‍ അവരൊക്കെ എ.എസ് കുഴികുളത്തിന്‍റെ സുഹൃത്തുക്കളാണ്. 


മലയാള സാഹിത്യ തറവാട്ടിലെ കാരണവര്‍മാരായ തകഴി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, കാക്കനാടന്‍ തുടങ്ങിയിങ്ങോട്ട് പാലാ ടൗണ്‍ സ്റ്റാന്‍റിനു മുമ്പില്‍ നാരങ്ങാ കച്ചവടം നടത്തുന്ന ജോയി ചുങ്കപ്പുരയുമായി വരെ സൗഹൃദമായിരുന്നു.

ഒരു സുഹൃത്തിനെ കണ്ടാല്‍ അപ്പോള്‍ തന്നെ ആ സാഹചര്യത്തിനനുസരിച്ച് ഒരു നിമിഷ കവിത റെഡി. ഇയാളെ തന്നെ രണ്ട് ദിവസം കഴിഞ്ഞ് കണ്ടാലും വരും വേറൊരു നിമിഷ കവിത.

pala

എഴുത്തും കവിതയുമൊക്കെ തീവ്രവും വൈകാരികതയും മുറ്റി നില്‍ക്കുന്നതായിരുന്നു. വായിക്കുമ്പോള്‍ ആസ്വദിക്കണം. പണ്ടൊരു പ്രസിദ്ധീകരണത്തില്‍ 'കുഴി..കുളം' എന്ന പേരില്‍ എഴുതിയ കോളത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായ വായനക്കാരന്‍ പാലായില്‍ വന്ന് കുഴികുളത്തെ കണ്ടെത്തി നേരിട്ട് ഏറ്റുമുട്ടിയത്രെ.


പിന്നത്തെ ആഴ്ച മുതല്‍ കുഴി.. കുളം എന്ന പേര് മാറ്റി. 'പിറ്റ്.. പോണ്ട് ' എന്ന പേരിലാക്കി എഴുത്ത്. തീവ്രത വീണ്ടും കൂട്ടി. ഇതോടെ അന്ന് ഉടക്കിയവര്‍ പറഞ്ഞത്രെ, 'കുഴി കുളം' എന്ന പേരില്‍ എഴുതിയവനെ ഞാനൊതുക്കിവിട്ടതായിരുന്നു. ഇപ്പോഴിതാ അവനേക്കാള്‍ കൂടിയ ഒരുത്തന്‍ വന്നിട്ടുണ്ടെന്ന്... ആ കഥയും നര്‍മ്മം കലര്‍ത്തി പറയുന്നത് എ.എസുതന്നെ.


ഇപ്പോള്‍ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ ജില്ലയിലെ പ്രധാന നേതാവായ യുവാവ് പാലാ നഗരസഭാ കൗണ്‍സിലറായിരിക്കെയാണ് അദ്ദേഹത്തിന്‍റെ വിവാഹം ഉറപ്പിക്കുന്നത്.

എ.എസിനെ കണ്ടപാടേ യുവാവ് മുന്‍കൂറായി വിവാഹക്കാര്യം പറഞ്ഞു. അതോടെ വിവാഹം കഴിഞ്ഞാലുള്ള കാര്യങ്ങളെപ്പറ്റി നിനക്കെന്തറിയാമെന്നായി എ.എസ്. ഏതാണ്ടൊക്കെ കാര്യങ്ങളറിയാം എന്നായി യുവാവ്.

എന്നാല്‍ അങ്ങനെ പോരാ.. വ്യക്തവും കൃത്യവുമായി കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം എന്നു പറഞ്ഞുകൊണ്ട് എ.എസിന്‍റെ വക രണ്ടു മണിക്കൂര്‍ സ്റ്റഡി ക്ലാസ്. അതില്‍ തമാശയുമുണ്ട്, അതിലേറെ കാര്യങ്ങളുമുണ്ട്.

എ.എസിന്‍റെ ക്ലാസ് നന്നായി ബോധിച്ച യുവാവ് ഉടന്‍ ഒന്നിച്ചൊരു ബിരിയാണി കഴിക്കാമെന്നായി. അപ്പോഴുമുണ്ട് എ.എസിന് മറുപടി; ബിരിയാണി എന്‍റെ സ്റ്റഡി ക്ലാസിന്‍റെ പാരിതോഷികമല്ല, അത് നിന്‍റെ സ്നേഹം മാത്രം.. ക്ലാസ് ഫ്രീയാണത്രെ. 


ഏത് പ്രായത്തിലുള്ളവരുമായും ഒരേ രീതിയില്‍ ഇടപെടുന്നതായിരുന്നു എ.എസിന്‍റെ ശൈലി. അതുകൊണ്ടുതന്നെ കുട്ടികളും യുവാക്കളും വയോധികരുമൊക്കെ ഒരേപോലെ എ.എസിന്‍റെ കൂട്ടുകാരാണ്. അവരോരോരുത്തര്‍ക്കും പറയാന്‍ ഓരോ കഥകളുണ്ടാകും അദ്ദേഹത്തെപ്പറ്റി. അതും വ്യത്യസ്തമായ കഥകളും നുറുങ്ങുകളും.


പത്രാധിപര്‍, പാലാ സഹൃദയവേദി സജീവ അംഗം, എഴുത്തുകാരന്‍, അധ്യാപകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങുമ്പോഴും അദ്ദേഹത്തിന്‍റെ കഴിവിനും പ്രാഗത്ഭ്യത്തിനും അനുസരിച്ച് വളരാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലുണ്ട്.

സക്കറിയ, പാലാ നാരായണന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയവരൊക്കെ പാലായില്‍ നിന്നും അതിനപ്പുറം വളര്‍ന്നപ്പോഴും എ.എസിലെ പ്രതിഭ മാത്രം ആ തലത്തിലേയ്ക്ക് അറിയപ്പെട്ടില്ല. മലയാളം പണ്ഡിതനായിരുന്ന അദ്ദേഹത്തിന്‍റെ ഭാഷാ പ്രയോഗവും ശൈലിയും ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.

ആണ്‍മക്കള്‍ രണ്ടുപേരും രാജേഷും കിഷോറും മാധ്യമ പ്രവര്‍ത്തകരാണ്. വലവൂര്‍ സെന്‍റ് മേരീസ് പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.

അനുഭവക്കുറിപ്പ്: ജോസ് പാറേക്കാട്ട്
Advertisment